ഇന്ത്യക്കാരുടെ സ്വത്വബോധത്തില്‍ ഊന്നിയ ദേശീയവാദികള്‍ മതേതരവും ജാത്യേതരവും ഭാഷേതരവും വംശേതരവുമായ ഒരു പൊതുസ്വത്വം പൊക്കിപ്പിടിക്കുകയാണ് ചെയ്തത്. മത, ജാതി, ഭാഷാ, വംശ വൈജാത്യങ്ങള്‍ നിലനില്‍ക്കെത്തന്നെ ആ വ്യത്യസ്തതകളെ മറികടക്കുന്ന ഒരു ദേശീയ ഐക്യബോധം ഇന്ത്യക്കാരെ കോര്‍ത്തിണക്കുന്നു എന്നവര്‍ വാദിച്ചു. മറ്റു വാക്കുകളില്‍ പറഞ്ഞാല്‍, മതേതരവും ജാത്യേതരവുമായ ഒരു ദേശീയസ്വത്വബോധത്താല്‍ ഇന്ത്യന്‍ ജനതയെ ഏകോപിപ്പിക്കാനാണ് അവര്‍ ശ്രമിച്ചത്.
വിഭജനവാദികള്‍ നേര്‍ എതിര്‍ദിശയില്‍ സഞ്ചരിച്ചു. മതേതര ദേശീയസ്വത്വം അവര്‍ തള്ളിക്കളഞ്ഞു. രണ്ടു വ്യത്യസ്ത മതസ്വത്വങ്ങളാല്‍ വിഭജിക്കപ്പെട്ട ജനതയാണ് ഇന്ത്യയിലെ ഹിന്ദുക്കളും മുസ്‌ലിങ്ങളും എന്നായിരുന്നു അവരുടെ വാദം. സ്വത്വപരമായി പങ്കിടാവുന്ന അംശങ്ങളൊന്നും അവര്‍ക്കിടയില്‍ ഇല്ല എന്നവര്‍ സിദ്ധാന്തിച്ചു. ഹിന്ദു സമൂഹത്തിന്റെ സ്വത്വം ഹൈന്ദവവും മുസ്‌ലിം സമൂഹത്തിന്റെ സ്വത്വം ഇസ്‌ലാമികവുമാണെന്ന് അവര്‍ തീര്‍പ്പുകല്പിച്ചു. മതാടിസ്ഥാനത്തില്‍ രണ്ടു സ്വത്വങ്ങള്‍ (സംസ്‌കാരങ്ങള്‍) എടുത്തുകാട്ടി ഇന്ത്യന്‍ ജനതയെ വിഭജിക്കുകയാണ് അവര്‍ ചെയ്തത്.
ഈ സ്വത്വവിഭജനം തെറ്റായിരുന്നു എന്നു തെളിയാന്‍ കഷ്ടിച്ച് കാല്‍ നൂറ്റാണ്ട് മാത്രമേ വേണ്ടിവന്നുള്ളൂ. ഇസ്‌ലാമിക സ്വത്വബോധത്തിന്റെ പേരില്‍ നിലവില്‍വന്ന പാകിസ്താന്‍ 1971-ല്‍ രണ്ടായി പിളര്‍ന്നു. വിഭജനവാദികള്‍ പൊക്കിപ്പിടിച്ച മതസ്വത്വം മിഥ്യയാണ് എന്നതിന്റെ അനിഷേധ്യ വിളംബരമായിരുന്നു ബംഗ്ലാദേശിന്റെ പിറവി. ഇസ്‌ലാമിക സ്വത്വത്തിനു പാകിസ്താന്‍ എന്ന രാഷ്ട്രത്തെ മതച്ചരടില്‍ കോര്‍ത്തുനിര്‍ത്താന്‍ സാധിച്ചില്ല.
മതേതരസ്വത്വങ്ങള്‍ മതസ്വത്വത്തെ നിഷ്പ്രഭമാക്കുന്നു എന്നതാണ് പാകിസ്താന്റെ വിഭജനം നല്കുന്ന പാഠം. കിഴക്കന്‍ പാകിസ്താനിലെ ബംഗാളി സ്വത്വം പടിഞ്ഞാറന്‍ പാകിസ്താനിലെ പഞ്ചാബി സ്വത്വത്തോട് കലഹിച്ചപ്പോഴാണ് ബംഗ്ലാദേശുണ്ടായത്. മതേതരമായ ഭാഷാസ്വത്വം മതാത്മകമായ ഇസ്‌ലാമികസ്വത്വത്തെ കീഴ്‌പ്പെടുത്തിയതിന്റെ അനന്തരഫലമാണ് ഷെയ്ഖ് മുജീബ്‌റഹ്മാന്റെ നേതൃത്വത്തില്‍ നിലവില്‍വന്ന ബംഗ്ലാദേശ്.
കേരളത്തിലിപ്പോള്‍ ചര്‍ച്ച ചെയ്യപ്പെടുന്ന സ്വത്വബോധവും തദടിസ്ഥാനത്തിലുള്ള സ്വത്വരാഷ്ട്രീയവും അടിസ്ഥാനപരമായി മത-ജാതി സ്വത്വങ്ങളുമായി ബന്ധപ്പെട്ടതാണ്. സമൂഹത്തില്‍ ശക്തമായി നിലനില്‍ക്കുന്ന വിവിധ മതേതരസ്വത്വങ്ങളെ തമസ്‌കരിക്കുകയോ അരികിലേക്ക് തള്ളുകയോ ചെയ്ത് ചിലര്‍ മതപരവും ജാതീയവുമായ സ്വത്വങ്ങളെ കേന്ദ്രത്തില്‍ പ്രതിഷ്ഠിക്കാന്‍ ശ്രമിച്ചു. വര്‍ഗരാഷ്ട്രീയത്തിനെന്നപോലെ മതേതര രാഷ്ട്രീയത്തിനുമെതിരായിരുന്നു അവരുടെ നിലപാടുകള്‍. ദേശീയ പ്രസ്ഥാനവും കമ്യൂണിസ്റ്റ് പാര്‍ട്ടിയും മറ്റു സെക്കുലര്‍ പാര്‍ട്ടികളും ദശാബ്ദങ്ങളായി സംസ്ഥാനത്ത് വികസിപ്പിച്ചുകൊണ്ടുവന്ന മതേതരമനുഷ്യന്‍ എന്ന സങ്കല്പത്തെ മതമനുഷ്യന്‍, ജാതിമനുഷ്യന്‍ എന്നീ സങ്കല്പങ്ങളിലേക്ക് തിരിച്ചുകൊണ്ടുപോകാനാണ് അവര്‍ ഉത്സാഹിച്ചത്.
ജനവിഭാഗങ്ങള്‍ക്കു മതസ്വത്വമോ ജാതിസ്വത്വമോ ഇല്ല എന്നല്ല വാദം. മതത്തെയോ ജാതിയെയോ ആസ്പദമാക്കിയുള്ള സ്വത്വങ്ങള്‍ മാത്രമേയുള്ളൂവെന്ന വാദം ശരിയല്ല എന്നാണ് പറയുന്നത്. ഏതു ജനവിഭാഗത്തിനും ശക്തമായ മതേതര, ജാത്യേതര സ്വത്വങ്ങള്‍ പലതുണ്ട്. വക്കം അബ്ദുള്‍ഖാദര്‍ മൗലവിയും സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയും പൊയ്കയില്‍ യോഹന്നാനും മൂന്നു വ്യത്യസ്ത മതസ്വത്വങ്ങളുടെ വാഹകരായിരുന്നു. അതേസമയം ആ മൂന്നുപേരും ഒരുപോലെ പങ്കിട്ട മൂന്നു മതേതരസ്വത്വങ്ങളുണ്ട് ; മലയാളി സ്വത്വവും കേരളീയ സ്വത്വവും ഭാരതീയ സ്വത്വവും. ഒടുവില്‍ പറഞ്ഞ മൂന്നു സ്വത്വങ്ങളും ആദ്യംപറഞ്ഞ സ്വത്വത്തോളമോ അതില്‍ക്കൂടുതലോ പ്രബലമാണെന്നതും വസ്തുതയാണ്.
ഒരേ മതസമുദായത്തിനകത്തോ ജാതി സമുദായത്തിനകത്തോ ഉള്ളവര്‍ക്കിടയില്‍ത്തന്നെ പരസ്പരം ഏറ്റുമുട്ടുന്ന സ്വത്വബോധങ്ങള്‍ ഉണ്ട് എന്നതാണ് ഏകസ്വത്വബോധത്തില്‍ അമിതമായി ഊന്നുന്ന സ്വത്വരാഷ്ട്രീയവാദികള്‍ കാണാതിരിക്കുന്ന മറ്റൊരു കാര്യം. ഹിന്ദു വ്യവസായിയുടെയും അയാളുടെ ഫാക്ടറികളില്‍ ജോലിചെയ്യുന്ന ഹിന്ദു തൊഴിലാളികളുടെയും വര്‍ഗപരമായ സ്വത്വവും സമൂഹപദവിപരമായ സ്വത്വവും പ്രകടമാംവിധം വ്യത്യസ്തങ്ങളാണ്. അതുപോലെ മുസ്‌ലിം വ്യവസായിയുടെയും അയാളുടെ പണിശാലകളില്‍ പണിയെടുക്കുന്ന മുസ്‌ലിം തൊഴിലാളികളുടെയും സ്വത്വങ്ങള്‍ വര്‍ഗസമൂഹപദവി തലങ്ങളില്‍ ഭിന്നവും പരസ്പരം ഏറ്റുമുട്ടുന്നവയുമാണ്.
വ്യവസായികള്‍ എന്ന നിലയ്ക്ക് ഹിന്ദു വ്യവസായിയും മുസ്‌ലിം വ്യവസായിയും ഒരേ സ്വത്വത്താല്‍ ബന്ധിതരാണ്. അതേ അവസരത്തില്‍ അവര്‍ ഇരുവര്‍ക്കും കീഴില്‍ ജോലി ചെയ്യുന്ന ഹിന്ദു തൊഴിലാളികളും മുസ്‌ലിം തൊഴിലാളികളും അധ്വാനം വില്ക്കുന്നവര്‍ എന്ന നിലയ്ക്ക് ഒരേ സ്വത്വം പങ്കിടുന്നു. ഒരേ സമുദായത്തില്‍പ്പെട്ട വ്യവസായികളുടെയും തൊഴിലാളികളുടെയും സ്വത്വങ്ങള്‍ ഭിന്നങ്ങളാണെന്നു മാത്രമല്ല ഇതില്‍നിന്ന് സിദ്ധിക്കുന്നത്, വ്യത്യസ്ത സമുദായങ്ങളില്‍പ്പെട്ട വ്യവസായികള്‍ക്ക് ഒരു പൊതുസ്വത്വവും വ്യത്യസ്ത സമുദായങ്ങളില്‍പ്പെട്ട തൊഴിലാളികള്‍ക്ക് മറ്റൊരു പൊതുസ്വത്വവുമുണ്ട് എന്നുകൂടിയാണ്.
മത, ജാതി സ്വത്വബോധങ്ങളെ അതിവര്‍ത്തിക്കുന്ന മേല്‍ച്ചൊന്ന വര്‍ഗസ്വത്വങ്ങളെയും നേരത്തേ ചൂണ്ടിക്കാട്ടിയ മതേതരസ്വത്വങ്ങളെയും മൂടിവെക്കുന്നവരത്രെ വര്‍ഗീയ, ജാതീയ, മതമൗലിക രാഷ്ട്രീയക്കാര്‍. ജാതി രാഷ്ട്രീയക്കാര്‍ ജാതിസ്വത്വത്തിന്റെ പേരില്‍ ജനസംഘാടനം നടത്തുമ്പോള്‍ മതമൗലിക രാഷ്ട്രീയക്കാര്‍ മതസ്വത്വത്തിന്റെ പേരില്‍ ജനസംഘാടനം നടത്തുന്നു. മുസ്‌ലിം ഐക്യം, ഹിന്ദു ഐക്യം തുടങ്ങിയ മുദ്രാവാക്യങ്ങള്‍ പിറവിയെടുക്കുന്ന രാഷ്ട്രീയ പശ്ചാത്തലം ഇതാണ്. സവര്‍ണ മനസ്സ്, അവര്‍ണ മനസ്സ്, മുസ്‌ലിംമനസ്സ് തുടങ്ങിയ പരികല്പനകള്‍ ജന്മമെടുക്കുന്നതും ഇതേ പരിസരങ്ങളില്‍നിന്നുതന്നെ.
ജനങ്ങളുടെ മതേതര മനസ്സിന്റെ സ്ഥാനത്ത് സാമുദായിക മനസ്സിനു പ്രാമുഖ്യം നല്കുന്ന ദൗത്യമാണ് കേരളത്തില്‍ സ്വത്വരാഷ്ട്രീയവാദവുമായി ഇറങ്ങിത്തിരിച്ച ചില എഴുത്തുകാര്‍ നിര്‍വഹിച്ചത്. ദളിതന്റെയോ മുസ്‌ലിമിന്റെയോ സവര്‍ണ ഹിന്ദുവിന്റെയോ മനുഷ്യമനസ്സ് കാണാന്‍ അവര്‍ കൂട്ടാക്കിയതേയില്ല. മതത്തിന്റെയും ജാതിയുടെയും മനസ്സേ എല്ലാവര്‍ക്കുമുള്ളൂവെന്നും അതാണ് പരമസത്യമെന്നും അവര്‍ പ്രചരിപ്പിച്ചു. സ്വത്വബോധത്തിനു നല്കപ്പെട്ട ഈ വര്‍ഗീയതിരിവ് മതമൗലികശക്തികളുടെ പ്രത്യയശാസ്ത്രത്തിനു തീര്‍ത്തും അനുഗുണമായിരുന്നു. അത്തരം ശക്തികളില്‍നിന്നു സ്വത്വരാഷ്ട്രീയവാദികള്‍ക്ക് അകമഴിഞ്ഞ പ്രോത്സാഹനം ലഭിച്ചുപോരുന്നതിന്റെ കാരണവും വേറൊന്നല്ല.
2 അഭിപ്രായങ്ങൾ:
പക്ഷപാതപരമായ നിലപാട് കൈകൊള്ളുന്ന ഇന്നത്തെ ബുദ്ധിജീവി സ്വത്വവാദികൾ ഉയർത്തുന്നത് അപകടകരമായ സാമൂഹികവിഭജനത്തിനു വഴിവെക്കും എന്ന് ഞാനും ഭയപ്പെടുന്നു. സ്വത്വബോധമല്ല മറിച്ച് സമാധാനവും പരസ്പര സൌഹൃദവും നിലനിർത്തുവാൻ ഉള്ള സാമൂഹിക ബൊധമാണ് മനുഷ്യനു വേണ്ടത്. സമൂഹത്തിൽ അസഹഷ്ണുത വളർത്തിക്കൊണ്ട് വളരുന്ന ഭീകരസംഘങ്നളെ മതവിശ്വാസത്തിന്റേയോ രാഷ്ടീയ നിലപാടിന്റേയോ പേരിൽ അനുക്കൊലിക്കുന്നത് ആത്മഹത്യാപരമാണ്.
ലേഖനത്തിനു നന്ദി.
matham... athu vallathe apakadakariyakukayanu. eth prasnathilum..
ee link koodi nokoo if u have time. that is about swathwa vaadham
http://madhu-politricks.blogspot.com/2010/05/blog-post_30.html
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ