ജൂലായ് 26ന് അഹമദബാദില്‍ നടന്ന സ്‌ഫോടന പരമ്പരയ്‌ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചവരെന്നു കരുതപ്പെടുന്ന പത്ത് സിമിപ്രവര്‍ത്തകര്‍ പിടികൂടപ്പെട്ട വാര്‍ത്ത പത്രങ്ങളില്‍ വന്നത് ഓഗസ്റ്റ് 17നാണ്. അതേ ദിവസം മറ്റൊരു വാര്‍ത്ത കൂടി ‘ദ ഹിന്ദു’ ഉള്‍പ്പെടെ ചില പത്രങ്ങളില്‍ സ്ഥാനം പിടിച്ചു. പ്രശസ്‌ത ചലച്ചിത്രനടിയും സാമൂഹിക പ്രവര്‍ത്തകയുമായ ശബാന അസ്‌മിയുമായി ബന്ധപ്പെട്ടതാണത്. സി എന്‍ എന്‍ – ഐ ബി എന്‍ ചാനലില്‍ കരണ്‍ താപ്പര്‍ കൈകാര്യം ചെയ്യുന്ന `ഡെവിള്‍സ് അഡ്വക്കറ്റ്’ എന്ന പരിപാടിയില്‍ ശബാന നടത്തിയ ചില നിരീക്ഷണങ്ങളാണ് ആ വാര്‍ത്തയുടെ ഉള്ളടക്കം.
സിമിയും ശബാന അസ്‌മിയും തമ്മില്‍ താരതമ്യമേതുമില്ല. സ്റ്റുഡന്റ്‌സ് ഇസ്‌ലാമിക് മൂവ്‌മെന്റ് ഓഫ് ഇന്ത്യ എന്ന സിമി ഒരു സംഘടനയാണ്; ശബാന അസ്‌മി ഒരു വ്യക്തിയും. തന്നെയുമല്ല, സിമി പ്രതിനിധാനം ചെയ്യുന്ന ആശയങ്ങളും ശബാന സ്വാംശീകരിച്ച ആശയങ്ങളും തമ്മില്‍ യാതൊരു പൊരുത്തവുമില്ല. രണോത്സുക ഇസ്‌ലാമിന്റെ വക്താക്കളാണ് സിമിക്കാര്‍. അങ്ങേയറ്റം പ്രതിലോമപരമായ മുദ്രാവാക്യങ്ങളാണ് ആ സംഘടന മുഴക്കിപ്പോന്നിട്ടുള്ളത്. `ഇന്ത്യയുടെ മോചനം ഇസ്‌ലാമിലൂടെ’ എന്നതായിരുന്നു അവരുടെ ഇഷ്‌ടമുദ്രാവാക്യങ്ങളിലൊന്ന്. `ഇസ്‌ലാമിക മതമൗലികവാദിയാവുക’ എന്ന മറ്റൊരു മുദ്രാവാക്യം പിന്നീട് വന്നു. ഇരുപതാംനൂറ്റാണ്ടിന്റെ ആദ്യത്തില്‍ ചരിത്രത്തില്‍ നിന്ന് പിന്‍വാങ്ങിയ ഖിലാഫത്ത് പുന:സ്ഥാപിക്കുക എന്ന ആശയവും സിമി മുന്നോട്ടുവെക്കുകയുണ്ടായി.
ഇസ്‌ലാമിക പുനരുത്ഥാനവാദത്തിന്റെ പ്രത്യയശാസ്‌ത്രകാരന്മാരായ സയ്യിദ് മൗദൂദിയുടെയും സയ്യിദ് ഖുതുബിന്റെയും ചിന്തകളാണ് സിമിയുടെ ആശയപരമായ അടിത്തറ. ആധുനിക മതനിരപേക്ഷ ജനാധിപത്യ സംസ്‌കാരത്തോട് കലഹിച്ചവരാണ് മൗദൂദിയും ഖുതുബും. ജനങ്ങളുടെ ആധിപത്യമല്ല, ദൈവത്തിന്റെ (അല്ലാഹുവിന്റെ) ആധിപത്യമാണ് നിലനില്‍ക്കേണ്ടതെന്ന് അവര്‍ വാദിച്ചു. അന്തിമ വിശകലനത്തില്‍ അങ്ങേയറ്റം വര്‍ഗീയവും സമഗ്രാധിപത്യപരവുമായ വീക്ഷണങ്ങളാണ് മുസ്‌ലിം ഫണ്ടമെന്റലിസത്തിന്റെ പ്രണേതാക്കളായ മൗദൂദി – ഖുതുബ് ദ്വയം അവതരിപ്പിച്ചത്. ജമ്മു-കാശ്‌മീര്‍ ഒഴികെയുള്ള ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ കഴിഞ്ഞ കാല്‍നൂറ്റാണ്ടായി ഈ വീക്ഷണം ഏറ്റവും ആക്രാമകമായ രീതിയില്‍ പ്രേഷണം ചെയ്‌തു പോന്നത് സിമിയത്രേ.
മുസ്‌ലിം സമുദായാംഗമെങ്കിലും ശബാന അസ്‌മി ഒരുകാലത്തും സിമിയോ മറ്റേതെങ്കിലും മുസ്‌ലിം വര്‍ഗീയ – മതമൗലിക സംഘടനകളോ ഉയര്‍ത്തിപ്പിടിച്ച ആശയങ്ങളെ ഒരുതരത്തിലും പിന്താങ്ങിയിട്ടില്ല. മാത്രമല്ല, മതനിരപേക്ഷ ജനാധിപത്യമൂല്യങ്ങളോട് പ്രതിജ്ഞാബദ്ധത പുലര്‍ത്തുന്ന അവര്‍ മതാന്ധവും മതതീവ്രവാദപരവുമായ നിലപാടുകളുടെ ശത്രുപക്ഷത്താണ് എന്നും നിലയുറപ്പിച്ചത്. മതത്തിന്റെ പേരില്‍ മാനവസമൂഹത്തെ വെട്ടിമുറിക്കുകയും ജനങ്ങളില്‍ വര്‍ഗീയ സ്‌പര്‍ദ്ധവളര്‍ത്തുകയും ചെയ്യുന്ന എല്ലാ വിചാരരീതികളെയും നിര്‍ഭയം തിരസ്‌കരിച്ചുപോന്നതാണ് അവരുടെ ചരിത്രം.
ചലച്ചിത്ര നടി എന്ന നിലയ്‌ക്ക് അഞ്ചുതവണ ദേശീയ പുരസ്‌കാരം നേടിയ, മുന്‍ പാര്‍ലമെന്റ് അംഗം കൂടിയായ, ശബാന അസ്‌മി മതകാര്യങ്ങളില്‍ ഉദാരവീക്ഷണം പുലര്‍ത്തുന്ന ഒരു കുടുംബ പശ്ചാത്തലത്തിലാണ് വളര്‍ന്നത്. ഉറുദുവും ബിരിയാണിയും ഈദ് ദിനത്തിലെ പുതുവസത്രവുമല്ലാതെ മറ്റൊന്നും `മുസ്‌ലിം ഐഡന്റിറ്റി’യുടെ ഭാഗമായി അവരുടെ ജീവിതത്തിലുണ്ടായിട്ടില്ല. കര്‍ക്കശമായ ആചാരനിഷ്‌ഠയും മതചിഹ്നങ്ങളോടുള്ള ഭ്രാന്തമായ വാഞ്‌ഛയുമായി നടക്കുന്ന സാമ്പ്രദായിക മുസ്‌ലീങ്ങളുടെ സാംസ്‌കാരിക വൃത്തത്തില്‍ നിന്ന് അവര്‍ എക്കാലത്തും ഏറെ അകലെയായിരുന്നു. ഇന്ത്യയില്‍ മിതവാദ ഇസ്‌ലാമിനെ പ്രതിനിധീകരിക്കുന്ന ഒരു വലിയ ജനസഞ്ചയമുണ്ടെന്നും രാജ്യത്തെ മതേതര രാഷ്‌ട്രീയ പാര്‍ട്ടികള്‍ മുസ്‌ലിം പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യുമ്പോള്‍ അവരിലാണ് വിശ്വാസമര്‍പ്പിക്കേണ്ടത് എന്നുമായിരുന്നു അവരുടെ സുചിന്തിത കാഴ്‌ചപ്പാട്. ആ പൊതുപരിപ്രേക്ഷ്യത്തില്‍ നിന്നുകൊണ്ടുതന്നെയാണ് മുകളില്‍ പരാമര്‍ശിച്ച ചാനല്‍ പരിപാടിയില്‍ കരണ്‍ താപ്പറുടെ ചോദ്യങ്ങളെ അവര്‍ നേരിട്ടത്.
ശബാന പറഞ്ഞ പ്രധാനപ്പെട്ട ഒരുകാര്യം നമ്മുടെ രാഷ്‌ട്രീയക്കാരെക്കുറിച്ചായിരുന്നു. മുസ്‌ലിം സമുദായത്തിന്റെ ഒരു വാര്‍പ്പ് മാതൃക രാഷ്‌ട്രീയക്കാര്‍ നിര്‍മിച്ചുവെച്ചിട്ടുണ്ടെന്നാണ് അവര്‍ അഭിപ്രായപ്പെട്ടത്. ആ മാതൃകയനുസരിച്ച് മുസ്‌ലീങ്ങള്‍ എന്നു പറയുന്നത് യാഥാസ്ഥിതിക കാഴ്‌ചപ്പാടുകള്‍ പുലര്‍ത്തുന്ന, താടിയും തലപ്പാവുമുള്ള മുസ്‌ല്യാര്‍മാരും മൗലവിമാരുമാണ്. അവരുടെ വീക്ഷണങ്ങളെയാണ് മുസ്‌ലിം വീക്ഷണമായി രാഷ്‌ട്രീയ പാര്‍ട്ടികള്‍ കാണുന്നത്. മുസ്‌ലിം വ്യക്തി നിയമ ബോര്‍ഡിലെയോ ജംഇയ്യത്തുല്‍ ഉലമയിലെയോ മറ്റേതെങ്കിലും മുസ്‌ലിം മതകൂട്ടായ്‌മകളിലെയോ മൗലാനമാര്‍ എന്തു പറയുന്നവോ അതാണ് വലത് – ഇടത് വ്യത്യാസമെന്യെ എല്ലാ രാഷ്‌ട്രീയപാര്‍ട്ടികള്‍ക്കും മുസ്ലിം വീക്ഷണം. മുസ്ലിം സമുദായത്തില്‍ പുരോഗമനപരമായി ചിന്തിക്കുന്ന ഒരു വലിയ വിഭാഗമുണ്ട്. അവരുടെ വീക്ഷണങ്ങള്‍ രാഷ്‌ട്രീയക്കാര്‍ കണക്കിലെടുക്കുന്നില്ല. ഇന്ദിരാഗാന്ധിയായാലും അടല്‍ ബിഹാരി വാജ്‌പായിയായാലും മന്‍മോഹന്‍സിംഗായാലും അതാണ് അവസ്ഥ. കൂടുതല്‍ ഉദാരവും മിതവാദപരവുമായ മുസ്ലിം ശബ്‌ദം ശ്രദ്ധിക്കപ്പെടാതെ പോകുന്നു. രാഷ്‌ട്രത്തിന്റെ ജനാധിപത്യഭാവിയെ സംബന്ധിച്ചിടത്തോളം അഭികാമ്യമായ ആ ശബ്‌ദം എന്നും അവഗണിക്കപ്പെട്ടിട്ടേയുള്ളൂ. മുസ്‌ലിം സമം മൗലാന എന്ന തെറ്റായ വിലയിരുത്തല്‍ രാഷ്‌ട്രീയ പാര്‍ട്ടികള്‍ തിരുത്തേണ്ടതുണ്ട്.
മറ്റു പലയിടങ്ങളിലെയും മുസ്‌ലീങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്ത്യയിലെ മുസ്‌ലീങ്ങള്‍ കൂടുതല്‍ സുരക്ഷിതരാണെന്നാണ് ശബാനയുടെ അഭിപ്രായം. എന്തൊക്കെപറഞ്ഞാലും മിക്ക മുസ്‌ലിം രാഷ്‌ട്രങ്ങളില്‍ നിന്നും ഭിന്നമായി ഇന്ത്യയില്‍ ജനാധിപത്യം നിലനില്‍ക്കുന്നു. അതിനു കോട്ടങ്ങളും കുറവുകളുമുണ്ടാവാം. എങ്കിലും ന്യൂനപക്ഷമായ മുസ്‌ലീങ്ങളും ഇവിടെ ജനാധിപത്യവ്യവസ്ഥയുടെ ഗുണഭോക്താക്കളാണ്. ഒരു ഷാറൂഖ് ഖാനോ ഒരു ഇര്‍ഫാന്‍ പത്താനോ, എന്തിനേറെ ഇന്ത്യന്‍ രാഷ്‌ട്രപതി തന്നെയോ ആവാന്‍ ഇവിടെ മുസ്‌ലീങ്ങള്‍ക്ക് കഴിയും. അതിനുള്ള അവസരങ്ങള്‍ ഇവിടെയുണ്ട്. ഇന്ത്യന്‍ ജനാധിപത്യത്തില്‍ ന്യൂനപക്ഷമായ മുസ്‌ലീങ്ങള്‍ക്കും ഇടംകിട്ടുന്നു എന്നത്‌കൊണ്ടാണത്.
എന്നാല്‍ എല്ലാം ശുഭമാണോ? അല്ല എന്നു തന്നെയാണ് ശബാനയുടെ വിലയിരുത്തല്‍. ഇന്ത്യയില്‍ മുസ്‌ലീങ്ങള്‍ വിവേചനത്തിന് വിധേയരാകുന്നുണ്ടോ എന്ന ചോദ്യം കരണ്‍ താപ്പര്‍ ഉന്നയിക്കുകയുണ്ടായി. ഉണ്ട് എന്നായിരുന്നു അസ്‌മിയുടെ മറുപടി. സ്വാനുഭവനത്തില്‍ നിന്നാണ് അവര്‍ അത്തരമൊരു നിഗമനത്തിലെത്തിയത്. മുസ്‌ലിമാണ് എന്ന ഒരൊറ്റ കാരണം കൊണ്ട് മുംബൈയില്‍ തനിക്ക് ഫ്‌ളാറ്റ് വാങ്ങാന്‍ കഴിയാതെ പോയെന്നു അവര്‍ വെളിപ്പെടുത്തി. മുസ്‌ലിമാണോ, എങ്കില്‍ ഫ്‌ളാറ്റ് തരില്ല എന്ന നയമാണ് അവിടെ സ്വീകരിക്കപ്പെട്ടത്. സെയ്‌ഫ് അലി ഖാന്‍ എന്ന നടനും ഇതേ അനുഭവമുണ്ടായെന്ന് ശബാന വ്യക്തമാക്കുന്നു (ദി ഹിന്ദു, 17-08-08). ബാബറി മസ്‌ജിദ് തകര്‍ക്കപ്പെട്ടതിന്റെ പശ്ചാത്തലത്തില്‍ പൊട്ടിപ്പുറപ്പെട്ട കലാപത്തെത്തുടര്‍ന്നു പലരും തന്നെ വീക്ഷിച്ചത് ഒരു ചലച്ചിത്ര നടി എന്നതിലേറെ ഒരു മുസ്‌ലിമായിട്ടാണ് എന്ന വെളിപ്പെടുത്തലും ശബാന നടത്തുന്നുണ്ട്. മുസ്‌ലിം സമുദായാംഗമാവുക എന്നത് വലിയ അപരാധമായാണ് മറുപക്ഷത്ത് നില്‍ക്കുന്നവര്‍ കണ്ടത്. താന്‍ മുസ്‌ലിമാണോ അല്ലയോ എന്നത് തനിക്ക് അത്‌വരെ പ്രശ്‌നമായിരുന്നില്ല. മുംബൈ കലാപത്തോടെ സിനിമാ നടി, സാമൂഹിക പ്രവര്‍ത്തക തുടങ്ങിയ തന്റെ മതേതര സ്വത്വങ്ങള്‍ അപ്പാടെ തത്‌പരകക്ഷികള്‍ തകര്‍ക്കുകയും താന്‍ മുസ്‌ലിം സ്വത്വത്തിലേക്ക് ചുരുക്കപ്പെടുകയും ചെയ്‌തു.
പലകുറി ദേശീയ ബഹുമതി നേടുകയും ചെറുപ്പംതൊട്ടേ മതേതരപാതയില്‍ സഞ്ചരിക്കുകയും ചെയ്‌ത ശബാന അസ്‌മിക്കു പോലും മുംബൈയില്‍ മതത്തിന്റെ പേരില്‍ നീതി നിഷേധിക്കപ്പെട്ടു എന്നാണ് ഫ്‌ളാറ്റ് സംഭവം തെളിയിക്കുന്നത്. കേരളത്തിനുവെളിയില്‍ പല സംസ്ഥാനങ്ങളിലും മുസ്‌ലീങ്ങള്‍ക്കെതിരെ ഇത്തരം വിവേചനങ്ങള്‍ അങ്ങിങ്ങ് നിലനില്‍ക്കുന്നു എന്നത് ഒരു തിക്തയാഥാര്‍ഥ്യമാണ്. ഇത്തരം വിവേചനങ്ങളാണ് പലപ്പോഴും സിമിയെപ്പോലുള്ള സംഘടനകള്‍ക്കു സാധൂകരണമായി ഭവിക്കുന്നത്. മുസ്‌ലിം സമുദായത്തില്‍ പെട്ടവരാണ് എന്നത് കൊണ്ടുമാത്രം നീതിനിഷേധിക്കപ്പെടുമ്പോള്‍ വര്‍ഗീയ-തീവ്രവാദ സംഘങ്ങള്‍ക്ക് അത് വളക്കൂറുള്ള മണ്ണൊരുക്കുന്നു. മുസ്‌ലിം സമുദായാംഗമായതിന്റെ പേരില്‍ തനിക്കു വിവേചനം നേരിടേണ്ടിവന്നു എന്നു ശബാന അസ്‌മിക്ക് പറയേണ്ടിവന്നെങ്കില്‍, അത് സൂചിപ്പിക്കുന്നത് ഡെന്‍മാര്‍ക്കില്‍ എന്തോ ചീഞ്ഞുനാറുന്നുണ്ട് എന്നു തന്നെയാണ്. ആ നാറ്റത്തോടുള്ള പ്രതികരണം എന്ന നിലയ്‌ക്ക് ഇവിടെ ന്യൂനപക്ഷ മതതീവ്രവാദം കൊഴുക്കുന്നുണ്ടോ എന്നു അന്വേഷിക്കേണ്ട ബാധ്യത തീര്‍ച്ചയായും ഭരണകൂടത്തിനുണ്ട്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ