എഴുപത് കൊല്ലം മുമ്പ് അബുല്‍ അഅ്‌ലാ മൗദൂദി (1903-1979) ജമാഅത്തെ ഇസ്‌ലാമി രൂപവത്‌കരിച്ചത് വ്യക്തമായ രാഷ്‌ട്രീയ ലക്ഷ്യത്തോടെയായിരുന്നു. ഉത്തരേന്ത്യയില്‍ ഏഴു നൂറ്റാണ്ടോളം കാലം മുസ്‌ലിം രാജവംശങ്ങള്‍ ഭരണം നടത്തുകയും രാജ്യത്ത് വളരെ വലിയ ഒരു മുസ്‌ലിം സമൂഹം നിലനില്‍ക്കുകയും ചെയ്‌തിട്ടും, അധികാരം ബ്രിട്ടീഷുകാര്‍ കൈയടക്കിയത് ഇസ്‌ലാമിന്റെ `ആത്മാവി’നെ മുസ്‌ലീങ്ങള്‍ കൈയൊഴിഞ്ഞത് കൊണ്ടാണ് എന്നായിരുന്നു അദ്ദേഹത്തിന്റെ വിലയിരുത്തല്‍. ആചാരപരമായി മുസ്‌ലിമായിരിക്കുമ്പോഴും രാഷ്‌ട്രീയാര്‍ത്ഥത്തില്‍ മുസ്‌ലിമല്ലാതിരിക്കുക എന്ന സ്ഥിതിവിശേഷമാണ് മുസ്‌ലിങ്ങളില്‍ കാണുന്നതെന്നു അദ്ദേഹം നിരീക്ഷിച്ചു. മുസ്‌ലിം സമുദായത്തില്‍ പെട്ടവര്‍ സാംസ്‌കാരികാര്‍ത്ഥത്തില്‍ മാത്രമല്ല, സാമൂഹികവും സാമ്പത്തികവും സര്‍വോപരി രാഷ്ട്രീയവുമായ അര്‍ത്ഥത്തില്‍ കൂടി മുസ്‌ലിം ആകേണ്ടതുണ്ട്; ഇസ്‌ലാമിന്റെ രാഷ്‌ട്രീയ വ്യവസ്ഥ അവര്‍ അംഗീകരിക്കേണ്ടതുണ്ട്. ഇസ്‌ലാമിന്റെ ആത്മാവ് കിടക്കുന്നത് അതിന്റെ രാഷ്‌ട്രീയ വ്യവസ്ഥയിലാണെന്ന് മൗദൂദി സിദ്ധാന്തിച്ചു.
1941 ല്‍ ജമാഅത്തെ ഇസ്‌ലാമിക്കു രൂപം നല്‍കുമ്പോള്‍ മൗദൂദി തന്റെ അനുയായികളെ ആവര്‍ത്തിച്ചു ബോധ്യപ്പെടുത്താന്‍ ശ്രമിച്ചത് മതപരമായി മുസ്‌ലിമായ അവര്‍ക്കു സാമ്പത്തികമായി സോഷ്യലിസ്റ്റോ രാഷ്‌ട്രീയമായി മതേതരവാദിയോ ആവാന്‍ സാധിക്കില്ല എന്നാണ്. ഇസ്‌ലാം ഒരു സമ്പൂര്‍ണ്ണ ജീവിത വ്യവസ്ഥയാണെന്നും രാഷ്‌ട്രീയം അതിന്റെ അവിഭാജ്യഭാഗമാണെന്നും അദ്ദേഹം നിരന്തരം ഉണര്‍ത്തി. ഇസ്‌ലാമിന്റെ രാഷ്‌ട്രീയതയില്‍ അനുയായികളുടെ ശ്രദ്ധ അരക്കിട്ടുറപ്പിക്കുന്നതിനു ഇസ്‌ലാമിലെ `ഇബാദത്ത്’ എന്ന പരികല്‍പനക്ക് തന്റേതായ വ്യാഖ്യാനം അദ്ദേഹം നല്‍കുകയും ചെയ്‌തു. മുഖ്യധാരാ മുസ്‌ലിം മതസംഘടനകള്‍ `ഇബാദത്തി’ന്റെ അര്‍ത്ഥം ആരാധന (ദൈവാരാധന)യാണെന്ന നിലപാടുകാരാണ്. അതംഗീകരിക്കാന്‍ മൗദൂദി കൂട്ടാക്കിയില്ല. കറയേശാത്ത ഫ്യൂഡല്‍ പരിപ്രേക്ഷ്യത്തില്‍ നിന്നുകൊണ്ട്, യജമാനനോട് ഭൃത്യന്‍ കാണിക്കേണ്ട അനുസരണമുണ്ടല്ലോ അതാണ് ഇബാദത്ത് എന്ന് അദ്ദേഹം വിശദീകരിച്ചു. അനുസരണം, ദാസ്യവൃത്തി എന്നീ അര്‍ത്ഥങ്ങളാണ് ഇബാദത്തിന് ജമാ അത്ത് സ്ഥാപകന്‍ നല്‍കിയത്. അടിമ ഉടമയെ നിരുപാധികം അനുസരിക്കുന്നത് പോലെ, ഉടമയ്‌ക്ക് വേണ്ടി അടിമ അപ്രതിഷേധ്യം ജോലി ചെയ്യുന്നത് പോലെ ദൈവത്തിന്റെ (അല്ലാഹുവിന്റെ) അടിമയായ മനുഷ്യന്‍ ദൈവത്തിന് ദാസ്യവൃത്തി ചെയ്യുന്നതാണ് ഇബാദത്ത് എന്നായിരുന്നു മൗദൂദിയുടെ മതം.
തന്റെ ദാസ്യവൃത്തിവാദം ജമാഅത്ത് ഗുരു ഇങ്ങനെ മുന്നോട്ടു കൊണ്ടുപോയി: `അല്ലാഹു നല്‍കിയ ഇസ്‌ലാം’ എന്ന മതത്തിന് സാമൂഹിക ജീവിതത്തിന്റെ രാഷ്‌ട്രീയം ഉള്‍പ്പെടെയുള്ള സമസ്‌ത മേഖലകളെയും ഉള്‍ക്കൊള്ളുന്ന ഒരു നിയമവ്യവസ്ഥയുണ്ട്. ആ വ്യവസ്ഥ നടപ്പിലാക്കുകയും അതിന്റെ സംരക്ഷണം ഉറപ്പാക്കുകയുമാണ് അല്ലാഹുവിന്റെ ദാസന്മാരായ മനുഷ്യര്‍ ചെയ്യേണ്ടത്. വ്യവസ്ഥയുടെ ആചാരാനുഷ്‌ഠാനവശം മാത്രമല്ല, അതിന്റെ രാഷ്‌ട്രീയ വശം കൂടി ഇസ്‌ലാമിന്റെ അനുയായികള്‍ ഉള്‍ക്കൊള്ളുകയും പ്രയോഗവത്‌കരിക്കുകയും ചെയ്യണം. ഇസ്‌ലാമേതരമായ രാഷ്‌ട്രീയവ്യവസ്ഥ മുസ്‌ലീം അംഗീകരിക്കുന്നതോടെ അയാള്‍ സമ്പൂര്‍ണ്ണ മുസ്‌ലിം അല്ലാതായിത്തീരുന്നു.
ഇസ്‌ലാമിനു അതിന്റേതായ രാഷ്‌ട്രീയ വ്യവസ്ഥയുണ്ടെങ്കില്‍ എങ്ങനെ മുസ്‌ലിമിന് ഇസ്‌ലാമേതരമായ മതേതര രാഷ്‌ട്രീയ വ്യവസ്ഥയോ പ്രജാധിപത്യ രാഷ്‌ട്രീയ വ്യവസ്ഥയോ സോഷ്യലിസ്റ്റ് രാഷ്‌ട്രീയ വ്യവസ്ഥയോ സ്വീകരിക്കാനാവും? ഈ ചോദ്യം ഉയര്‍ത്തിക്കൊണ്ടാണ് മൗദൂദി ഇസ്‌ലാമിക രാഷ്‌ട്രീയത്തിലും ഇസ്‌ലാമിക ഭരണസംവിധാനത്തിലും അടിവരയിട്ടത്. നിങ്ങള്‍ മുസ്‌ലിമാണോ, എങ്കില്‍ നിങ്ങള്‍ ഇസ്‌ലാമിക രാഷ്‌ട്രീയം കൈയാളുകയും ഇസ്‌ലാമിക ഭരണം സ്ഥാപിക്കുന്നതിന് കഠിനപ്രയത്‌നം നടത്തുകയും ചെയ്യണം. അല്ലാഹുവിന്റെ ഇച്ഛ അതാണെന്നു അദ്ദേഹം അര്‍ത്ഥശങ്കയ്‌ക്കിടയില്ലാത്ത വിധം പറഞ്ഞുവെക്കുകയും ചെയ്‌തു. അവിഭക്ത ഇന്ത്യയില്‍ ഏഴു പതിറ്റാണ്ടു മുമ്പ് ജമാ അത്തെ ഇസ്‌ലാമി നിലവില്‍ വരുമ്പോള്‍ ഇസ്‌ലാമിക ഭരണത്തിന്റെ സംസ്ഥാപനം എന്നതായിരുന്നു അതിന്റെ രാഷ്‌ട്രീയ ലക്ഷ്യം. രാജ്യം വിഭജിക്കപ്പെട്ടപ്പോള്‍ മൗദൂദി പാകിസ്‌താനിലേയ്‌ക്ക് ചേക്കേറി. ഇന്ത്യയില്‍ അവശേഷിച്ച മൗദൂദിയന്‍ ശിഷ്യന്മാര്‍ 1948 ല്‍ ജമാ അത്തെ ഇസ്‌ലാമി ഹിന്ദിന് രൂപം നല്‍കി. (ജമ്മു – കാശ്‌മീരില്‍ ജമാ അത്തെ ഇസ്‌ലാമി ഹിന്ദിന്റെ ഘടകം സ്ഥാപിക്കാതെ ആ സംസ്ഥാനത്തിനു മാത്രമായി ജമ്മു – കാശ്‌മീര്‍ ജമാ അത്തെ ഇസ്‌ലാമി എന്ന പേരില്‍ മറ്റൊരു കൂട്ടായ്‌മ സൃഷ്‌ടിക്കുകയെന്ന കൗശലം അവര്‍ നടപ്പാക്കുകയും ചെയ്‌തു) സ്വാതന്ത്ര്യപ്രാപ്‌തിക്കുശേഷം പുനഃസംഘടിപ്പിക്കപ്പെട്ട ജമാ അത്തെ ഇസ്‌ലാമിയും അതിന്റെ പ്രഥമ ഭരണഘടനയില്‍ ഇസ്‌ലാമിക ഭരണത്തിന്റെ സ്ഥാപനമാണ് അതിന്റെ ലക്ഷ്യമായി ചേര്‍ത്തത്. പക്ഷേ ജമ്മു കാശ്‌മീരില്‍ ഒഴികെ മറ്റൊരിടത്തും കാര്യമായി ജനപിന്തുണയാര്‍ജിക്കാന്‍ സംഘടനയ്‌ക്ക് കഴിഞ്ഞില്ല. അതുകൊണ്ടുതന്നെ തെരഞ്ഞെടുപ്പ് രാഷ്‌ട്രീയത്തെ തിരസ്‌കരിക്കുകയാണ് ദീര്‍ഘകാലം ജമാ അത്ത് ചെയ്‌തത്.
ഈ കാലയളവില്‍ തങ്ങള്‍ക്ക് ഇന്ത്യയിലെ `അനിസ്‌ലാമിക ഭരണകൂട’ത്തോടുള്ള അമര്‍ഷവും രോഷവും പ്രകടിപ്പിക്കാന്‍ ജമാ അത്തെ ഇസ്‌ലാമി മടിച്ചിട്ടില്ല. അനിസ്‌ലാമിക സര്‍ക്കാരിനു കീഴില്‍ മുസ്‌ലീങ്ങള്‍ ജോലി ചെയ്യുന്നത് പോലും മഹാപാപമാണെന്നും ആരെങ്കിലും അങ്ങനെ ചെയ്യുന്നുണ്ടെങ്കില്‍ അതവസാനിപ്പിക്കണമെന്നും അവര്‍ പ്രചരിപ്പിച്ചു. 1960 കളുടെ അവസാനം വരെ ഈ നിലപാട് അവര്‍ തുടര്‍ന്നു. ഇന്ത്യയിലെ മതേതര ജനാധിപത്യത്തെ നിരന്തരം ആക്രമിക്കുന്ന കുറിപ്പുകളും വിശകലനങ്ങളുമായിരുന്നു ആ കാലസന്ധിയില്‍ ജമാ അത്ത് മാധ്യമങ്ങളിലെ മുഖ്യവിഭവങ്ങള്‍. നിലവിലുള്ള സാഹചര്യങ്ങളില്‍ ഇന്ത്യയില്‍ ഇസ്‌ലാമിക ഭരണം എന്നത് ദുസ്സാധ്യമാണെന്നു തിരിച്ചറിഞ്ഞ മൗദൂദിസ്റ്റ് സംഘടന മതഭരണസ്ഥാപനം എന്ന ലക്ഷ്യത്തെ തങ്ങളുടെ മുന്‍ഗണനാ പട്ടികയുടെ മുകള്‍ത്തട്ടില്‍ നിന്നു അല്‍പം താഴോട്ട് നീക്കി. മത – സമുദായ വൈകാരികതയുടെ ഭൂമികയില്‍ നിന്നുകൊണ്ട് പ്രസ്ഥാനത്തെ എങ്ങനെ ശക്തിപ്പെടുത്താം എന്നതിനായി പിന്നീട് ഊന്നല്‍. അപ്പോഴും തെരഞ്ഞെടുപ്പ് രാഷ്‌ട്രീയത്തെക്കുറിച്ച് ചിന്തിക്കാന്‍ അവര്‍ക്കാവുമായിരുന്നില്ല. മതവികാരവും സമുദായവികാരവും എത്ര ശക്തമായി ജ്വലിപ്പിക്കാന്‍ ശ്രമിച്ചിട്ടും അണികളുടെ വ്യാപ്‌തി വര്‍ധിപ്പിക്കുന്നതില്‍ സംഭവിച്ച പരാജയമായിരുന്നു കാരണം.
രണ്ടരപതിറ്റാണ്ടു കാലം തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ നിന്നു പൂര്‍ണമായി മാറി നിന്ന ജമാ അത്ത് ആദ്യമായി വോട്ടവകാശം വിനിയോഗിക്കാന്‍ മുന്നോട്ടുവന്നത് 1977 ല്‍ നടന്ന അടിയന്തരാവസ്ഥാനന്തര തെരഞ്ഞെടുപ്പിലാണ്. അതിനു പ്രത്യേക കാരണമുണ്ടായിരുന്നു. വര്‍ഗീയ – മതമൗലിക സംഘടന എന്ന നിലയ്‌ക്ക് അടിയന്തരാവസ്ഥക്കാലത്ത് ജമാ അത്തെ ഇസ്‌ലാമി നിരോധിക്കപ്പെട്ടു. അവരുടെ ചില നേതാക്കള്‍ അക്കാലത്ത് തടവിലാക്കപ്പെടുകയും ചെയ്‌തു. (ഏതാനും ദിവസം കാരാഗൃഹത്തിന്റെ `മാധുര്യം’ നുണഞ്ഞപ്പോള്‍ മൗദൂദിസ്റ്റ് നേതാക്കളുടെ ആദര്‍ശവീര്യം പമ്പ കടക്കുകയും തങ്ങള്‍ക്ക് ജമാ അത്തെ ഇസ്‌ലാമിയുമായി ബന്ധമില്ലെന്നു സത്യവാങ് മുലം നല്‍കി അവര്‍ ജയില്‍ മോചിതരാവുകയും ചെയ്‌തു എന്നത് മറക്കാന്‍ പാടില്ലാത്ത ചരിത്രം). സംഘടനയെ നിരോധിക്കുകയും നേതാക്കളെ തടവിലിടുകയും ചെയ്‌ത കോണ്‍ഗ്രസ്സിനെ പാഠം പഠിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെ 1977 ല്‍ മൗദൂദിസ്റ്റുകള്‍ ആദ്യമായി പോളിംഗ് ബൂത്തുകള്‍ കണ്ടു.
എഴുപതുകളില്‍ മറ്റൊരു സവിശേഷത കൂടിയുണ്ടായി. ഗള്‍ഫ് ധനസ്രോതസ്സുകള്‍ ജമാ അത്തെ ഇസ്‌ലാമി പോലുള്ള സംഘടനകളെ അനുഗ്രഹിക്കാന്‍ തുടങ്ങി എന്നതായിരുന്നു അത്. വിഭവദാരിദ്ര്യം മൂലം വലഞ്ഞ മൗദൂദിസ്റ്റ് സംഘടന പൊടുന്നനെ സമ്പന്നമായി. എണ്‍പതുകള്‍ ആയപ്പോഴേയ്‌ക്ക് സംഘടനയുടെ ആസ്‌തികളിലും അധോ ഘടനാ സൗകര്യങ്ങളിലും അമ്പരപ്പിക്കുന്ന കുതിപ്പാണുണ്ടായത്. പ്രചാരണയുദ്ധം കൊഴുപ്പിക്കാന്‍ മാത്രമല്ല, സാമ്പത്തിക പ്രലോഭനങ്ങള്‍ വഴി അനുയായിവൃന്ദത്തിന്റെ വ്യാപ്‌തിയും വികാസവും വര്‍ദ്ധിപ്പിക്കാനും വിദേശ ഫണ്ടുകള്‍ ജമാ അത്തിനെ സഹായിച്ചു. ഈ പശ്ചാത്തലത്തിലാണ് 1985 ഫെബ്രുവരി 15-20 തീയതികളില്‍ ചേര്‍ന്ന ജമാ അത്തെ ഇസ്‌ലാമിയുടെ കേന്ദ്രകൂടിയാലോചനാ സമിതി `മൂല്യബോധമുള്ള സ്ഥാനാര്‍ത്ഥി’കള്‍ക്ക് വോട്ടുചെയ്യാമെന്ന തീരുമാനമെടുത്തത്. ജമാ അത്ത് ഘടകങ്ങള്‍ പ്രവര്‍ത്തിക്കുന്ന സംസ്ഥാനങ്ങളിലെ വിവിധ രാഷ്‌ട്രീയപ്പാര്‍ട്ടികളെ തങ്ങള്‍ക്കനുകൂലമായി സ്വാധീനിക്കാനുള്ള തന്ത്രമായിരുന്നു ഈ മൂല്യബോധ സമ്മതിദാനം.
ഏതായാലും 1985 നുശേഷം `മൂല്യബോധമാപിനി’യൂമേന്തിക്കൊണ്ടായി മൗദൂദിസ്റ്റുകളുടെ സഞ്ചാരം. ഓരോ തെരഞ്ഞെടുപ്പ് അടുക്കുമ്പോഴും സ്ഥാനാര്‍ത്ഥികളുടെ മൂല്യം അളന്നു തിട്ടപ്പെടുത്തുന്ന തിരക്കിലായി അവര്‍. ജമ്മു കാശ്‌മീരിനു പുറമെ കേരളം, കര്‍ണാടകം, തമിഴ്‌നാട്, ആന്ധ്ര, മഹാരാഷ്‌ട്ര, ഗുജറാത്ത്, ഒറീസ, ബീഹാര്‍, പശ്ചിമബംഗാള്‍, ആസാം, ജാര്‍ഖണ്‌ഡ്, ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, ഡല്‍ഹി, പഞ്ചാബ്, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളില്‍ കൂടി ഔപചാരിക സംഘടനാ സംവിധാനങ്ങളുള്ള ജമാ അത്തെ ഇസ്‌ലാമി കാശ്‌മീര്‍ ഒഴികെ മറ്റെല്ലായിടങ്ങളിലും ബാരോമീറ്റര്‍ രാഷ്‌ട്രീയം നടപ്പാക്കി. തങ്ങള്‍ക്ക് ഏതെങ്കിലും തരത്തില്‍ പ്രയോജനപ്പെടുമെന്നു തോന്നിയ സ്ഥാനാര്‍ത്ഥികളെ മൂല്യബോധക്കാരായി വിലയിരുത്തുന്ന രീതിയാണ് അവര്‍ പിന്തുടര്‍ന്നത്.
രണ്ട് ദശാബ്‌ദക്കാലം മൂല്യമാപിനി രാഷ്‌ട്രീയം കൊണ്ടു നടന്ന മൗദൂദിസ്റ്റ് സംഘടന തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള തീരുമാനം 2005 ല്‍ കൈക്കൊണ്ടു. ആ വര്‍ഷം സപ്‌തംബര്‍ 19,20 തീയതികളില്‍ ഡല്‍ഹിയില്‍ ചേര്‍ന്ന ജമാ അത്തെ ഇസ്‌ലാമിയുടെ കൂടിയാലോചനാ സമിതി ജമാ അത്ത് അംഗങ്ങള്‍ക്കും അനുഭാവികള്‍ക്കും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പുകളില്‍ മത്സരിക്കാന്‍ അനുമതി നല്‍കി. ഈ തീരുമാനം പുറത്തുവരുന്നതിന് തൊട്ടുമുമ്പായിരുന്നു കേരളത്തില്‍ 2005 ലെ പഞ്ചായത്ത് തെരഞ്ഞെടുപ്പ്. എങ്കിലും ജമാ അത്തെ ഇസ്‌ലാമി ആ തെരഞ്ഞെടുപ്പില്‍ മത്സരിക്കാതിരുന്നില്ല. ജമാഅത്തെ ഇസ്‌ലാമിയുടെ ബാനറില്‍ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തുന്നതിനുപകരം മറ്റൊരു പേരില്‍ മലപ്പുറം ജില്ലയിലെ വെട്ടത്തൂര്‍ പഞ്ചായത്തിലും കീഴാറ്റൂര്‍ പഞ്ചായത്തിലുമായി മൂന്നു വാര്‍ഡുകളില്‍ ജമാ അത്ത് അനുഭാവികള്‍ മത്സരിക്കുകയും മൗദൂദിസ്റ്റുകള്‍ അഹമഹമികയാ അവരുടെ ഇലക്ഷന്‍ പ്രചാരണങ്ങളില്‍ മുഴുകുകയും ചെയ്‌തു.
അതായത്, കേരളത്തില്‍ ജമാ അത്ത് 2005 ല്‍ തന്നെ ചെറിയ തോതില്‍ തെരഞ്ഞെടുപ്പ് ഗോദയിലിറങ്ങി. അതേ കാലത്തോ ശേഷമോ വേറെ ചില സംസ്ഥാനങ്ങളില്‍ നടന്ന തദ്ദേശസ്ഥാപന തെരഞ്ഞെടുപ്പുകളിലും മൗദൂദിസ്റ്റുകള്‍ പങ്കെടുത്തു. 2006 ല്‍ കേരളം ഉള്‍പ്പെടെ അഞ്ച് സംസ്ഥാനങ്ങളില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടന്നപ്പോള്‍ ആസാമില്‍ ഒരു കൈനോക്കാന്‍ ജമാ അത്തെ ഇസ്‌ലാമി മുന്നോട്ട് വരികയുണ്ടായി. ഒറ്റയ്‌ക്ക് മത്സരിക്കുന്നത് അചിന്ത്യമായിരുന്നു. ഒന്നര ഡസനോളം മുസ്‌ലിം സംഘടനകള്‍ ചേര്‍ന്നുണ്ടാക്കിയ ആസാം യുനൈറ്റഡ് ഡമോക്രാറ്റിക് ഫ്രന്റി (എ യു ഡി എഫ്)ല്‍ ജമാ അത്തും അംഗമായി. തെരഞ്ഞെടുപ്പില്‍ എ യു ഡി എഫ് പത്ത് സീറ്റുകളില്‍ വിജയിച്ചത് ജമാ അത്ത് അണികള്‍ക്ക് മാത്രമല്ല, നേതൃത്വത്തിനും ആവേശം പകര്‍ന്നു.
മറ്റു പല ഘടകങ്ങളോടൊപ്പം ആസാം അസംബ്ലി തെരഞ്ഞെടുപ്പ് ഫലം നല്‍കിയ ആവേശവും കൂടിയാണ് ദേശീയ തലത്തില്‍ ഒരു രാഷ്‌ട്രീയപാര്‍ട്ടിക്ക് രൂപം നല്‍കുന്നതിനെക്കുറിച്ചുള്ള ചിന്തയിലേക്ക് ജമാ അത്തിനെ നയിച്ചത്. 2008 സെപ്‌തംബറില്‍ ന്യൂഡല്‍ഹിയില്‍ നടത്തിയ ഒരു വാര്‍ത്താ സമ്മേളനത്തില്‍ സംഘടനയുടെ അഖിലേന്ത്യാ അമീര്‍ ജലാലൂദ്ദീന്‍ ഉമറി പാര്‍ട്ടി രൂപവത്‌കരണശ്രമങ്ങള്‍ പരാമര്‍ശിച്ചിരുന്നു. 2009 ലെ ലോകസഭാ തെരഞ്ഞെടുപ്പിനു മുന്‍പ് ജമാ അത്തിന്റെ രാഷ്‌ട്രീയ പാര്‍ട്ടി നിലവില്‍ വന്നേക്കുമെന്ന സൂചനകളും അക്കാലത്തുണ്ടായിരുന്നു. പക്ഷേ എന്തുകൊണ്ടോ ആ ശ്രമം ഉദ്ദേശിച്ച രീതിയില്‍ മുന്നോട്ടു പോവുകയുണ്ടായില്ല.
കേരളത്തില്‍, സംസ്ഥാനത്തിന്റെ സവിശേഷ രാഷ്‌ട്രീയ ചുറ്റുപാടുകള്‍ കണക്കിലെടുത്തുകൊണ്ട് രാഷ്‌ട്രീയ പ്രവേശനത്തിനുള്ള മുന്നുപാധിയായി ഇടതുചുവയുള്ള മുദ്രാവാക്യങ്ങള്‍ മുഴക്കാന്‍ ഒരു യുവജനസംഘടനയ്‌ക്ക് നേരത്തെ മൗദൂദിസ്റ്റുകള്‍ രൂപം നല്‍കിയിരുന്നു. 2003 മേയില്‍ നിലവില്‍ വന്ന `സോളിഡാരിറ്റി’യായിരുന്നു അത്. ഈ സംഘടനയുടെ വായില്‍ വിപ്ലവ മുദ്രാവാക്യങ്ങള്‍ തിരുകിക്കയറ്റിയ മാതൃസംഘടന സി പി ഐ എമ്മിനോട് അനുഭാവം പുലര്‍ത്താനും തുടങ്ങി. 2006 ലെ അസംബ്ലി തെരഞ്ഞെടുപ്പിലും 2009 ലെ ലോകസഭാ തെരഞ്ഞെടുപ്പിലും പൊതുവില്‍ ഇടതുമുന്നണിക്ക് അനുകൂലമായ നിലപാടാണ് ജമാ അത്തെ ഇസ്‌ലാമി സ്വീകരിച്ചത്.
മൗദൂദിസ്റ്റുകളുടെ ഈ സി പി എം പ്രേമത്തിന്റെ പിന്നില്‍ പ്രവര്‍ത്തിച്ച ചേതോവികാരം കേരളത്തിന്റെ രാഷ്‌ട്രീയ ഭൂപടത്തില്‍ ഒരിടം നേടിയെടുക്കുക എന്നത് മാത്രമായിരുന്നില്ല. കിട്ടാവുന്ന രാഷ്‌ട്രീയ ഇടം വിപുലപ്പെടുത്തുന്നതിന് വിഘ്‌നം സൃഷ്‌ടിക്കുമെന്നുറപ്പുള്ള മുസ്‌ലിം ലീഗിനെ തകര്‍ക്കണമെന്ന ആഗ്രഹവും ആ പ്രണയത്തിനു പിന്നിലുണ്ടായിരുന്നു. കേരളീയ മുസ്‌ലീങ്ങളില്‍ വലിയ അളവില്‍ സ്വാധീനം നേടിയ മുസ്‌ലിം ലീഗിനെ തളര്‍ത്തുകയും തകര്‍ക്കുകയും ചെയ്യാതെ ജമാ അത്തെ ഇസ്‌ലാമിക്കു രാഷ്‌ട്രീയമായി വളരുക സാധ്യമല്ലെന്നു മൗദൂദിസ്റ്റ് നേതൃത്വത്തിനു നന്നായി അറിയാം. ഒരേ സമുദായത്തില്‍ നിന്നുവേണം ഇരു സംഘടനകള്‍ക്കും അണികളെ ലഭിക്കാന്‍.
തങ്ങളെ തുറിച്ചുനോക്കുന്ന ഈ രാഷ്‌ട്രീയ യാഥാര്‍ത്ഥ്യം എങ്ങനെ മറികടക്കണമെന്ന ആലോചനയാണ് സി പി എം പ്രേമത്തിലേക്കും കപട വിപ്ലവ വേഷത്തിലേക്കും ജമാഅത്തിനെ നയിച്ചത്. ലീഗിനെ അധികാരത്തിനു പുറത്ത് നിര്‍ത്താന്‍ സാധിച്ചാല്‍ ആ പാര്‍ട്ടി ക്രമേണ ദുര്‍ബലപ്പെടുകയും മുസ്‌ലിം വോട്ടര്‍മാരില്‍ ഗണ്യമായ ഒരു വിഭാഗത്തെ തങ്ങളിലേക്ക് ആകര്‍ഷിക്കാന്‍ സാധിക്കുകയും ചെയ്യുമെന്നു ജമാ അത്ത് മേലാളന്മാര്‍ കണക്കുകൂട്ടി.
2009 ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് സി പി എമ്മിനേറ്റ തിരിച്ചടി മൗദൂദിസ്റ്റ് മേലാളന്മാരുടെ സകല കണക്കുകളും തെറ്റിച്ചു. ജമാ അത്തെ ഇസ്‌ലാമി, പി ഡി പി എന്നീ വര്‍ഗീയ തീവ്രവാദ സംഘടനകളെ കൂടെക്കൂട്ടിയത് ഗുണത്തേക്കാളേറെ ദോഷം ചെയ്‌തു എന്നു മാര്‍ക്‌സിസ്റ്റ് നേതൃത്വത്തിനു ബോധ്യപ്പെട്ടതോടെ അവര്‍ ജമാ അത്തിനെയും പി ഡി പിയേയും അകറ്റാന്‍ തുടങ്ങി. കിനാലൂര്‍ സംഭവത്തോടെ പ്രസ്‌തുത അകല്‍ച്ച അതിന്റെ പാരമ്യത്തിലെത്തി. 2009 ജനുവരി – ഫെബ്രുവരി കാലത്ത് നടന്ന നവകേരള മാര്‍ച്ചിനിടയ്‌ക്ക് ജമാ അത്തെ ഇസ്‌ലാമിക്ക് `ഗുഡ് സര്‍ട്ടിഫിക്കറ്റ്’ നല്‍കിയ പിണറായി വിജയന്‍ തന്നെ മൗദൂദിസ്റ്റ് സംഘടനയെ ശകാരിക്കാന്‍ തുടങ്ങി. `ദേശീയ – അന്തര്‍ദേശീയ വിഷയങ്ങളില്‍ വ്യക്തമായ നിലപാടുകളുള്ള സംഘടന’ എന്നു നേരത്തെ ജമാ അത്തിനെ പുകഴ്‌ത്തിയ പിണറായി, കിനാലൂര്‍ പ്രക്ഷോഭത്തിന്റെ പിറ്റേന്ന് `മത – തീവ്രവാദ പ്രസ്ഥാനമായും മുസ്‌ലീങ്ങള്‍ക്കിടയില്‍ വേരുകളില്ലാത്ത സംഘടനയായും സംഘടിത പ്രസ്ഥാനങ്ങളെ ശിഥിലീകരിക്കാന്‍ നടക്കുന്ന പിന്തിരിപ്പന്‍ കൂട്ടായ്‌മ’യായും ജമാ അത്തിനെ ഇകഴ്‌ത്തി. മൗദൂദിസ്റ്റ് പ്രസ്ഥാനവുമായുള്ള മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ ഹണിമൂണ്‍ പൂര്‍ണമായി അവസാനിച്ചിരിക്കുന്നു എന്നതിന്റെ വളച്ചുകെട്ടില്ലാത്ത പ്രഖ്യാപനമായിരുന്നു അത്.
സി പി എമ്മിന്റെ കൈത്താങ്ങോടെ ഇടതുമുന്നണിയുമായി പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ധാരണയുണ്ടാക്കാന്‍ സാധിക്കുമെന്നു നേരത്തെയുണ്ടായിരുന്ന പ്രതീക്ഷ, തകിടം മറിഞ്ഞതോടെ മൗദൂദിസ്റ്റുകളുടെ നോട്ടം മുസ്‌ലീം ലീഗിലേക്കായി. ലീഗില്‍ തങ്ങളോട് അനുഭാവം പുലര്‍ത്തുന്ന ചിലരുണ്ടെന്നത് അവര്‍ക്ക് ആശ്വാസം പകര്‍ന്നു. അങ്ങനെയാണ് ജമാ അത്ത് നേതൃത്വം കുഞ്ഞാലിക്കുട്ടിയുടെ നേതൃത്വത്തിലുള്ള ലീഗ് ടീമിനോട് രഹസ്യചര്‍ച്ച നടത്താന്‍ കോഴിക്കോട്ടെ ഒരു സ്വകാര്യ വസതിയില്‍ കഴിഞ്ഞ മെയ് 18ന് ഒത്തുകൂടിയത്. തന്ത്രം പക്ഷേ വിജയിച്ചില്ല. ജമാഅത്തുമായി ധാരണയുണ്ടാക്കാന്‍ കുഞ്ഞാലിക്കുട്ടിയും കൂട്ടരും ശ്രമിക്കുന്നുണ്ടെന്നു മണത്തറിഞ്ഞ സുന്നിഗ്രൂപ്പും മുജാഹിദ് ഗ്രൂപ്പും ധാരണയ്‌ക്കെതിരെ ശക്തമായി മുന്നോട്ടുവന്നു. ലീഗിന്റെ സംസ്ഥാന ജനറല്‍ സെക്രട്ടറിക്കു മുട്ടുമടക്കുകയല്ലാതെ നിവൃത്തിയുണ്ടായിരുന്നില്ല. ജമാ അത്തെ ഇസ്‌ലാമിയുമായി രാഷ്‌ട്രീയ ബന്ധം സ്ഥാപിക്കുന്ന കാര്യം ലീഗിന്റെ അജണ്ടയില്‍ ഇല്ലെന്നു കുഞ്ഞാലിക്കുട്ടിക്കു തുറന്നടിക്കേണ്ടിവന്നു.
ജമാഅത്തെ ഇസ്‌ലാമി ഇപ്പോള്‍ അക്ഷരാര്‍ത്ഥത്തില്‍ പെരുവഴിയിലാണ്. സി പി എമ്മും ഇടതുമുന്നണിയും നേരത്തെ കൈവിട്ടു; മുസ്‌ലിം ലീഗുമായി ധാരണയുണ്ടാക്കാനുള്ള ശ്രമം പരാജയപ്പെടുകയും ചെയ്‌തു! ജനപക്ഷമുന്നണി എന്ന പേരില്‍ ഒരു ബാനര്‍, തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുകൊണ്ട് ജമാ അത്തും സോളിഡാരിറ്റിയും രൂപപ്പെടുത്തിയിട്ടുണ്ട്. സംസ്ഥാനത്തെ ഏതെങ്കിലുമൊക്കെ മുന്നണിയുമായി നീക്കുപോക്കുകളുണ്ടാക്കി പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ഏതാനും വാര്‍ഡുകളില്‍ ജയിച്ചുകയറുകയും ആ ബലം എടുത്തുകാട്ടി 2011 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഒരു കൈനോക്കാന്‍ അവസരം നേടിയെടുക്കുകയും ചെയ്യുക എന്നതായിരുന്നു മൗദൂദിസ്റ്റുകളുടെ മനസ്സിലിരിപ്പ്. പക്ഷേ (കു)തന്ത്രങ്ങളൊന്നും കുറിക്കുകൊണ്ടില്ല.
തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പില്‍ തനിച്ച് മത്സരിക്കുക എന്ന മാര്‍ഗമേ തത്‌കാലം ജമാ അത്തിന്റെ മുന്‍പിലുള്ളൂ എന്നു പറഞ്ഞുകൂടാ. ആദര്‍ശപരമായും വിചാരപരമായും തങ്ങളോട് ഏറെ അടുത്തുനില്‍ക്കുന്ന എസ് ഡി പി ഐയുമായും പി ഡി പിയുമായും അവര്‍ക്കു സഖ്യമുണ്ടാക്കാവുന്നതാണ്. അതിനു ജനപക്ഷ മുന്നണി എന്നല്ല, മതതീവ്രവാദ മുന്നണി എന്നു പേരിടുകയും ചെയ്യാം. ചിരകാലമായി തങ്ങള്‍ താലോലിക്കുന്ന രാഷ്‌ട്രീയ മോഹങ്ങള്‍ക്കു അങ്ങനെയെങ്കിലും ചിറകു വെപ്പിക്കാന്‍ സാധിക്കുമോ എന്നു മൗദൂദിസ്റ്റുകള്‍ക്ക് പരീക്ഷിച്ചു നോക്കാവുന്നതേയുള്ളൂ.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ