ഉത്തരാധുനിക സാഹിത്യധാരയുടെ ഭാഗമായാണ് മലയാളത്തില്‍ സ്ത്രീവാദ സാഹിത്യം( feminist litarature) ഒരു പ്രസ്ഥാനമായി രൂപപ്പെട്ടത്. സ്ത്രീവാദികളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് നയരൂപീകരണവും ആശയപരമായ പിന്തുണയും നല്‍കുകയാണ് ഇതിന്റെ ലക്ഷ്യം. നിയതമായ നിയമാവലികളോടും പ്രത്യയശാസ്ത്ര പിന്തുണയോടും കൂടി മലയാളത്തില്‍ ഫെമിനിസ്റ്റ് സാഹിത്യം ആരംഭിച്ചത് തൊണ്ണൂറുകളുടെ ആരംഭത്തിലാണ്. കൃത്യമായി പറഞ്ഞാല്‍ സാറാ ജോസഫിന്റെ പാപത്തറ എന്ന കഥാസമാഹരത്തോടുകൂടി. തൊണ്ണൂറുകളുടെ ഉത്തരാര്‍ദ്ധത്തില്‍ മലയാള ചെറുകഥാ രംഗത്ത് കടന്നുവന്ന യുവകഥാകാരിയാണ് സിതാര. എസ്. മലയാള സാഹിത്യം ഇനിയും പഠന വിധേയമാക്കിയിട്ടില്ലാത്ത കഥാകാരി കൂടിയാണവര്‍. ഉശിരും ചുണയുമുള്ള ഇന്നിന്റെ പെണ്‍കുട്ടികളെ തന്റെ കഥകളിലൂടെ ആവിഷ്ക്കരിക്കുന്ന കഥാകാരി തന്റെ ഫെമിനിസ്റ്റ് ആഭിമുഖ്യം തുറന്ന് പ്രകടിപ്പിച്ചിട്ടുള്ളതാണ്.
ഫെമിനിസം- ഫെമിനിസ്റ്റ് സാഹിത്യം ഒരു അവലോകനം
ഫെമിനിസം ചരിത്രപരമായ അന്വേഷണം
ജീവശാസ്ത്രപരമായ ചില വ്യത്യാസങ്ങള്‍ ഒഴിച്ചാല്‍ ജനനം കൊണ്ട് സ്ത്രീയും പുരുഷനും തുല്യരാണ്. പക്ഷേ സഹസ്രാബ്ദങ്ങളായി സ്ത്രീകള്‍ നിന്ദിതരും പീഡിതരുമായി പുരുഷ മേല്ക്കോയ്മയ്ക്ക് അധീനരായി കഴിയുന്നു. സമൂഹത്തില്‍ സ്ത്രീകള്‍ അനുഭവിക്കേണ്ടിവരുന്ന അസമത്വങ്ങള്‍ക്കും ചൂഷണങ്ങള്‍ക്കും എതിരെ സ്ത്രീകള്‍ നടത്തുന്ന സമരങ്ങള്‍ക്കും ആശയ പ്രചരണങ്ങള്‍ക്കും ഫെമിനിസം എന്ന് പൊതുവില്‍ പറയാം.
പുരാതന കാലം മുതല്‍ തന്നെ സ്ത്രീകള്‍ പുരുഷാധിപത്യ വ്യവസ്ഥിതിക്കു കീഴ്പെടേണ്ടിവന്നതിനു പ്രധാനമായും രണ്ടു കാരണങ്ങളാണുള്ളത്. ഒന്ന് കുടുംബം എന്ന വ്യവസ്ഥിതിയുടെ ഉല്‍ഭവം. മറ്റൊന്ന് മനുഷ്യശിശുക്കളുടെ നീണ്ട ശൈശവം. കുടുംബം എന്ന സ്ഥാപനത്തോടൊപ്പം വികസിച്ചുവന്ന ഒന്നാണ് സ്വകാര്യ സ്വത്തെന്ന സങ്കല്പം. താതവഴി സമൂഹത്തില്‍ താനുണ്ടാക്കിയ സ്വകാര്യസ്വത്തുകള്‍ തന്റെ സന്തതികള്‍ക്ക് ലഭിക്കണമെന്ന് പുരുഷന് ആഗ്രഹിക്കുന്നു. സന്തതികള്‍ തന്റെ തന്നെയെന്ന് ഉറപ്പുവരുത്തണമെങ്കില്‍ സ്ത്രീക്ക് പരപുരുഷ സമ്പര്‍ക്കമില്ലെന്ന് ഉറപ്പുവരുത്തണം. അങ്ങനെയാണ് ഗൃഹത്തിന് പുറത്തുള്ള പ്രവര്‍ത്തന രംഗങ്ങളില്‍ നിന്ന് സ്ത്രീകള്‍ അകറ്റിനിര്‍ത്തപ്പെടുകയും വീടിന്റെ അകത്തളങ്ങളിലേയ്ക്ക് മാറ്റപ്പെടുകയും ചെയ്തത്.
ഗോത്രജീവിതം നയിച്ചിരുന്ന പ്രാചീനയുഗങ്ങളില് തായ്വഴികളായിരുന്നു ഗോത്രസീമ നിശ്ചയിച്ചിരുന്നത്. തായ്വഴി സമൂഹത്തില്‍ സ്ത്രീകളുടെ അവസ്ഥ താരതമ്യേനെ മെച്ചപ്പെട്ടതായിരുന്നു. പിന്നീട് ഭൂരിപക്ഷം ജനവര്ഗ്ഗങ്ങളിലും തായ്വഴിവ്യവസ്ഥ താതവഴി വ്യവസ്ഥയിലേക്ക് മാറ്റപ്പെട്ടു. മനുഷ്യശിശുക്കളുടെ ശാരീരിക പ്രക്രിയകളുടേയും ബൗദ്ധികസിദ്ധികളുടേയും വികാസം ഒരു പരിധിവരെ പൂര്‍ണ്ണത എത്തുന്നതുവരെ മറ്റൊരാളുടെ സഹായം കൂടിയേതീരു. ആ ചുമതല സ്ത്രീകളില്‍ നിഷിപ്തമായി. കൂടുതല്‍ സന്താനങ്ങള്‍ ഉണ്ടാകുന്നതിനനുസരിച്ച് സ്ത്രീകള്‍ വളരെ നാളുകള്‍ ഗര്‍ഭാവസ്ഥയും കുഞ്ഞുങ്ങളുടെ പരിചരണവുമായി
കഴിയേണ്ടിവരുന്നു. സ്ത്രീകളുടെ ഈ പരാധീനതയെ ചൂഷണം ചെയ്ത പുരുഷവര്‍ഗ്ഗം സ്ത്രീവര്ഗ്ഗത്തിന്റെമേല് തന്ത്രപ്രധാനമായ ആധിപത്യം പുലര്‍ത്തി. സ്ത്രീകള്‍ തങ്ങളുടെ സന്താനങ്ങളെ പ്രസവിക്കാനുള്ള ഉപകരണവും തങ്ങളുടെ സുഖജീവിതത്തിന് സഹായകരമായ വസ്തു എന്ന നിലയിലും കണ്ടുതുടങ്ങി.
സാംസ്കാരികമായി വികാസം പ്രാപിച്ച മനുഷ്യസമൂഹത്തില്‍ ഉടലെടുത്ത സംഘടിതമതങ്ങളും വൈദീക പാരമ്പര്യങ്ങളും സ്ത്രീകളുടെമേല്‍ പുരുഷന്മാര്ക്കുള്ള ആധിപത്യത്തെ ഉറപ്പിച്ചു. സ്ത്രീകളെ പര്ദ്ദയ്ക്കുള്ളില് ഒതുക്കിയ ഇസ്ലാംമതം സ്ത്രീകള്‍ വക്രബുദ്ധികളാണെന്നും അവര്‍ക്ക് ബുദ്ധിയും ദീനും കുറവാണെന്നും പുരുഷനോട് അനുസരണക്കേടുക്കാട്ടിയാല് നരകത്തില്‍ പോകുമെന്നും അനുശാസിച്ചു.
ക്രൈസ്തവ മതം സ്ത്രീകള്‍ പുരുഷന്മാര്ക്ക് കീഴടങ്ങിയിരിക്കുവാന്‍ കല്പിക്കുന്നു. ഈ ലോകത്ത് പാപം ഉത്ഭവിച്ചത് സ്ത്രീയുടെ അനുസരണക്കേടു മുഖാന്തിരമാണത്രേ?. ഭാരതീയ വൈദിക പാരമ്പര്യവും പുരാണങ്ങളും സ്ത്രീകളെ പതിവ്രതയും, ശാലീനയും, സഹനത്തിന്റെയും ക്ഷമയുടേയും മൂര്ത്തിഭാവമായുമൊക്കെ സങ്കല്പിച്ച് സ്ത്രീകളെ അകത്തളങ്ങളില്‍ ഒതുക്കുന്നു. മനുസ്മൃതിയിലെ പ്രസിദ്ധമായ ഈ ശ്ലോകം
പിതാരക്ഷതികൗമാരേ
ഭര്ത്താരക്ഷതിയൗവ്വനേ
പുത്രോരക്ഷതിവാര്ദ്ധക്യേ
സ്ത്രീ ന സ്വതന്ത്ര്യമര്‍ഹതി-
സ്ത്രീകളുടെ ദയനീയ ചിത്രം നമ്മെ ബോധ്യപ്പെടുത്തുന്നു.ചാതുര്‍വര്‍ണ്ണ്യത്തിന്റെയും അടിമ വ്യവസ്ഥിതിയുടേയും തിക്തഫലങ്ങള്‍ അനുഭവിക്കുന്ന സ്ത്രീകളുടെ നില വളരെ പരിതാപകരമായിരുന്നു. അവര്‍ പുരുഷന്മാരോടൊപ്പം അദ്ധ്വാനിക്കാനും സന്താനോല്പാദനം നടത്താനും നിര്‍ബന്ധിതരായി. അടിമവ്യവസ്ഥിതിയില് നിലനിന്നിരുന്ന കുടുംബവ്യവസ്ഥിതിയുടെ ഇരയായിരുന്ന അവര്‍ പലപ്പോഴും ലൈംഗീക ചൂഷണത്തിനും വിധേയരായി.
ഫ്യൂഡല്‍ സാമൂഹികഘടനയില്‍ നിന്നും വ്യവസായ യുഗത്തിലേക്കും മുതലാളിത്ത വ്യവസ്ഥിതിയിലേക്കും കടന്നപ്പോഴും സ്ത്രീ അസ്വതന്ത്രയും ചൂഷണവിധേയയും ആയിരുന്നു.1789-ലെ ഫ്രഞ്ചുവിപ്ലവകാലത്താണ് സ്ത്രീകളുടെ അവകാശങ്ങളെക്കുറിച്ച് ആസൂത്രിതമായ മുന്നേറ്റങ്ങള്‍ ചരിത്രത്തിലാരംഭിച്ചത്.
സ്വാതന്ത്രം, സമത്വം, സാഹോദര്യം എന്ന ഫ്രഞ്ച് വിപ്ലവത്തിന്റെ പ്രഖ്യാപിതമുദ്രാവാക്യം മുഴുവന്‍ മനുഷ്യരാശിയുടേയും അടിസ്ഥാനപരമായ ജന്മാവകാശങ്ങള് എന്ന നിലയിലായിരുന്നു ഉയര്‍ത്തപ്പെട്ടത്. അതു കൊണ്ടുതന്നെ ഈ മുദ്രാവാക്യങ്ങള്‍ കെട്ടഴിച്ചുവിട്ട അനന്തര ഫലങ്ങള്‍ തടുത്തുനിര്‍ത്താന്‍ ആര്‍ക്കും സാധിക്കുമായിരുന്നില്ല. തൊഴിലാളിവര്‍ഗ്ഗം കോളനിരാജ്യങ്ങളിലെ ജനങ്ങള്‍, നീഗ്രോ അടിമകള്‍, സ്ത്രീകള്‍ എന്നിങ്ങനെ സമസ്ത മര്‍ദ്ദിതവിഭാഗങ്ങളും തങ്ങളുടെ പോരാട്ടത്തിന്റെ അടിസ്ഥാന തത്വങ്ങളായി പ്രസ്തുത മുദ്രാവാക്യങ്ങളെ ഉയര്‍ത്തിപിടിച്ചു.
സ്ത്രീകളുടെ അവകാശങ്ങള്‍ ഒരു സാമൂഹികവിഷയമായി ആവിര്‍ഭവിച്ച ചരിത്രഘട്ടമായിരുന്നു അത്. ഫ്രഞ്ച് വിപ്ലവത്തെത്തുടര്‍ന്ന് ലോകത്താകമാനം സ്ത്രീകളുടെ അവകാശങ്ങള്‍ക്കുവേണ്ടിയുള്ള സംഘടനകളും നേതൃനിരയും പ്രക്ഷോപങ്ങളും ഉയര്‍ന്നുവന്നു. സാമൂഹികസമത്വം, വോട്ടവകാശം, സ്വത്തവകാശം, തൊഴിലവകാശം, സ്ത്രീവിദ്യാഭ്യാസം, വിവാഹമോചനത്തിനുള്ള അവകാശം തുടങ്ങിയ ആവശ്യങ്ങളായിരുന്നു പ്രധാനമായും സ്ത്രീവിമോചന പ്രവര്‍ത്തകര്‍ ഉന്നയിച്ചത്.
ഇത്തരം ആവശ്യങ്ങള്‍ പരിമിതമായ തോതില്‍ അനുവദിക്കപ്പെട്ടതിനെ തുടര്‍ന്നും, വിക്ടോറിയന്‍ സദാചാരസംഹിതകളുടെ ആധിക്യത്താലും, സ്ത്രീ
വിരുദ്ധമനഃശാസ്ത്രങ്ങളുടെ സ്വാധീനഫലമായും, യാഥാസ്ഥിതിക ഇടതുപക്ഷത്തിന്റെ നിരുത്സാഹപ്പെടുത്തല്മൂലവും, ലോകമഹായുദ്ധങ്ങള്‍ സൃഷ്ടിച്ച അരക്ഷിതാവസ്തയുടെ ഫലമായും ഇരുപതാം നൂറ്റാണ്ടില്‍ ഫെമിനിസ്റ്റ് പ്രസ്ഥാനം മന്ദഗതിയിലായി.
തൊള്ളായിരത്തി അറുപതുകളുടെ അന്ത്യത്തോടുകൂടി ഉയര്‍ത്തെഴുന്നേല്‍ക്കുന്ന സ്ത്രീവിമോചന പ്രവര്‍ത്തനങ്ങളെ ഫെമിനിസത്തിന്റെ രണ്ടാംഘട്ടം എന്നു വിശേഷിപ്പിക്കുന്നു. മുതലാളിത്തവും സമാമ്രാജത്യവും കടുത്ത പ്രതിസന്ധികളെ അഭിമുഖീകരിച്ച കാലഘട്ടങ്ങളായിരുന്നു അത്. മൂന്നാംലോക രാജ്യങ്ങളില്‍ പൊട്ടിപുറപ്പെട്ട സാമ്രാജത്വവിരുദ്ധ പ്രസ്ഥാനം, ഹിപ്പി സംഘടനകള്‍, കറുത്തവര്‍ഗ്ഗക്കാരുടെ പ്രസ്ഥാനങ്ങള്‍, പൗരാവകാശപ്രസ്ഥാനങ്ങള്‍, ഗറില്ലാകലാപങ്ങള്, തുടങ്ങിയവ സാമ്പത്തിക സാമൂഹിക അനീതികള്‍ക്കെതിരേയും മര്‍ദ്ദനങ്ങള്‍ക്കെതിരെയും നടത്തുന്ന തികച്ചും നവീനമായ സമരരീതികള്‍ സ്ത്രീവിമോചന പ്രവര്‍ത്തകര്‍ക്കും വേണ്ടത്ര ഊര്‍ജ്ജം നല്കി.
ഈ പ്രവണതകളുടെയെല്ലാം ക്രോഡീകരണമായിരുന്നു ആധുനിക ഫെമിനിസ്റ്റ് പ്രസ്ഥാനങ്ങള്‍. സമത്വം, വിദ്യാഭ്യാസം, തുല്യാവകാശം, വിവേചനം എന്നിങ്ങനെയുള്ള അമൂര്ത്തപ്രമേയങ്ങളായിരുന്നില്ല പുതിയ ഫെമിനിസ്റ്റ് ചിന്താധാരകളുടെ കാതല്‍. പീഡിതമായ സ്ത്രീജീവിതത്തിന്റെ സൂക്ഷ്മവും സ്വകാര്യവുമായ തലങ്ങളിലായിരുന്നു പ്രസ്ഥാനത്തിന്റെ ഊന്നല്‍.
കുടുംബജീവിതം, ലൈംഗികത, ലൈംഗികാക്രമണങ്ങള്‍, സ്വന്തം ശരീരത്തിന് മേലുള്ള അവകാശം എന്നിങ്ങനെ സ്വകാര്യജീവിതത്തിന്റെ മര്ദ്ദിതാവസ്ഥയെക്കുറിച്ച് ഫെമിനിസ്റ്റുകള്‍ സംസാരിച്ചുതുടങ്ങി. വ്യക്തി ജീവിതാനുഭവങ്ങളെ സാമൂഹികവല്ക്കരിച്ചുകൊണ്ട് രാഷ്ട്രീയപ്രക്രിയയില്‍ ഫെമിനിസ്റ്റുകള്‍ ഇടപ്പെട്ടു.
ലിബറല്‍ ഫെമിനിസം, റാഡിക്കല്‍ ഫെമിനിസം, സോഷ്യല്‍ ഫെമിനിസം തുടങ്ങിയ ചിന്താധാരകളായാണ് ആധുനിക ഫെമിനിസം വികസിച്ചത്. ഇവ തമ്മില്‍ സാമ്യതകളും വൈരുദ്ധ്യങ്ങളും നിലനില്ക്കുന്നു. പുരുഷസമൂഹം നിര്‍മ്മിച്ചുവെച്ച മൂല്യവ്യവസ്ഥിതികളും പ്രത്യയശാസ്ത്രങ്ങളും ഫെമിനിസ്റ്റ് പ്രത്യയ ശാസ്ത്രങ്ങളുടെ കടന്നാക്രമണത്തിനു വിധേയമായി.
കുടുംബ വ്യവസ്ഥയും, സമ്പദ്ഘടനയും, മുതലാളിത്തവ്യവസ്ഥയും, നിര്‍മ്മിക്കുകയും സംരക്ഷിക്കുകയും ചെയ്ത പുരുഷാധിപത്യ വ്യവസ്ഥയുടെ കള്ളത്തരങ്ങളെ തുറന്നുകാട്ടി. പുരുഷാധിപത്യത്തെ ഒരു സാമൂഹിക പ്രതിഭാസമായി കാണുകയും അതിനെ പിതൃമേധാവിത്വം (patriarchy) എന്ന് പേരിട്ടു വിളിക്കുകയും ചെയ്തു. ആധുനിക ഫെമിനിസം ലിംഗഭേദത്തിന്റെ അടിസ്ഥാനത്തിലുള്ള എല്ലാ വിഭജനങ്ങളെയുംഎതിര്ക്കുന്നു. ലിംഗം (sex) ജീവശാസ്ത്രപരമായ അവസ്ഥയാണ്. ആണ്‍പെണ്‍ വ്യത്യാസം പ്രകൃതിനിയമമാണ്. എന്നാല്‍ ലിംഗപദവി
(jender) സമൂഹം നിര്‍മ്മിച്ചുനല്‍കുന്ന സങ്കല്പമാണ്. അവിടെ സ്ത്രീ അമ്മ, ഭാര്യ, മകള്‍, കന്യക തുടങ്ങി പല പദവികളും വഹിക്കുന്നു.
ഫെമിനിസ്റ്റ് വക്താക്കള്‍ ഇതിനെ അടിമത്തമായികണ്ട് എതിര്‍ക്കുന്നു. ബലാല്‍സംഗം, കുടുംബത്തിനകത്തെ ഹിംസകള്‍, പീഡനങ്ങള്‍, ലൈംഗീകമായ തമാശകള്‍, പരിഹാസങ്ങള്‍ തുടങ്ങി സര്‍വ്വവും ഏതെങ്കിലും ചില പ്രത്യേക പുരുഷന്മാരില് നിന്നും സംഭവിക്കുന്നതല്ലെന്നും ഒരു സമഗ്രവ്യവസ്ഥയായ പുരുഷാധിപത്യത്തിന്റെ അനിവാര്യതകളാണെന്നും സ്ത്രീകള്‍ മനസ്സിലാക്കിതുടങ്ങി. ഫെമിനിസ്റ്റ് പ്രത്യയശാസ്ത്രങ്ങളും സംഘടിത പ്രവര്‍ത്തനങ്ങളും പാശ്ചാത്യലോകത്ത് ഉത്ഭവിച്ചതാണെങ്കിലും അവ വളരെ വേഗം തന്നെ എല്ലാ രാജ്യങ്ങളിലുമെത്തി.
മൂന്നാം ലോകരാജ്യങ്ങളിലെ ഫെമിനിസ്റ്റ് പ്രസ്ഥാനങ്ങളുടെ പൊതുസ്വഭാവം അവ രാഷ്ട്രീയപ്രസ്ഥാനങ്ങളുടേയും ഗവണ്മെന്റിന്റെയും മറ്റ് സംഘടകളുടേയുമൊക്കെ പിന്തുണയോടുകൂടി സന്നദ്ധസംഘടനകളായാണ്
പ്രവര്‍ത്തിക്കുന്നത്. വികസനപ്രവര്‍ത്തനങ്ങളില്‍ സ്ത്രീകളുടെ പങ്കാളിത്തം, സംവരണം, സ്ത്രീസാക്ഷരത, സ്ത്രീപഠനങ്ങള്‍ തുടങ്ങിയ വിഷയങ്ങള്‍ക്കാണ് ഊന്നല്‍ നല്‍കുന്നത്. ഫെമിനിസ്റ്റ് പ്രവര്‍ത്തനങ്ങള്‍ സാംസ്കാരിക പ്രവര്‍ത്തനങ്ങളായി രൂപഭേദങ്ങള്‍ വരുത്തി. മനുഷ്യരാശിയുടെ നേര്‍പകുതിയുടെ കലാപത്തെ ഭയക്കുന്ന ഭരണവര്‍ഗ്ഗത്തിന്റെ കുടിലതന്ത്രമായി ഇത്തരം പ്രവര്‍ത്തനങ്ങളെ കാണുന്ന തീവ്രഫെമിനിസ്റ്റുകള് പല സംഘടനകളിലൂടെ തങ്ങളുടെ ഫെമിനിസ്റ്റ് പ്രത്യയ ശാസ്ത്രങ്ങള്‍ പ്രചരിപ്പിക്കുന്നു.
അധാര്മികതയ്ക്കെതിരായുള്ള ഇവരുടെ സമരങ്ങള്‍ പുരുഷകേന്ദ്രീകൃത സമൂഹം സൃഷ്ടിച്ചുണ്ടാക്കിയ മൂല്യങ്ങളോടും വിശ്വാസങ്ങളോടും ശീലങ്ങളോടുമുള്ള നിഷേധമായി തീരുന്നു. അതുകൊണ്ടുതന്നെ അധികാരരൂപങ്ങളെ പരിപാലിക്കുന്ന സമസ്തശക്തികളുടെയും എതിര്‍പ്പുകളും പരിഹാസങ്ങളും നാനാവിധത്തില്‍ അനുഭവിക്കേണ്ടിവരുന്നു. എങ്കിലും ഫെമിനിസ്റ്റ് പ്രവര്‍ത്തനങ്ങളുടെ മേല്‍വിലാസം ഇവര്ക്കവകാശപ്പെടാനും സമൂഹത്തില്‍ കുറച്ചൊക്കെ ചലനങ്ങള്‍ സൃഷ്ടിക്കാനും കഴിയുന്നു.
ഫെമിനിസ്റ്റ് സാഹിത്യത്തിന് ഒരാമുഖം
സര്‍ഗ്ഗാത്മകരചനകളെ പൊതുവായി സാഹിത്യമെന്ന് പറയാമെങ്കിലും ഈ പരികല്പന മുഖ്യമായും പ്രതിനിധാനം ചെയ്യുന്നത് പുരുഷന്മാരുടെ രചനകളാണ്. പുരാതനകാലംമുതല്‍ തന്നെ സാഹിത്യത്തിലെ മുഖ്യധാര രചനകളെല്ലാം പുരുഷകേന്ദ്രീകൃതമാണ്.
വേദങ്ങള്‍, ഉപനിഷത്തുകള്‍, പുരാണേതിഹാസങ്ങള്‍, ബൈബിള്‍, ഖുര്‍ ആന്‍ തുടങ്ങിയ നിരവധി മതഗ്രന്ഥങ്ങളും
ക്ലാസ്സിക് കൃതികളുമെല്ലാം പ്രതിനിധാനം ചെയ്യുന്ന സാഹിത്യപാരമ്പര്യം പുരുഷമേല്ക്കോയ്മയുടെ രാഷ്ട്രീയമാണ്. ആധുനിക കലകളായ ജനപ്രിയസാഹിത്യവും ബാലസാഹിത്യവും പരസ്യങ്ങളും സിനിമകളും ചിത്രകലകളുമുള്പ്പെടെ നമ്മുടെ ബൃഹത്തായ വ്യവഹാര ലോകം പുരുഷമഹത്വത്തിന്റെയും സ്ത്രൈണവിധേയത്വത്തിന്റെയും ദൃഢീകരണമാണ്
നിര്‍വ്വഹിക്കുന്നത്.
പുരുഷന്റെ കാമകേളികള്‍ക്കും ഭോഗസൗന്ദര്യാസ്വദനയ്ക്കും ശമനം വരുത്തുന്ന കേവലവസ്തുവായിട്ടാണ് സ്ത്രീയെ കാണുന്നത്. പൗരാണികകാലം മുതല്‍തന്നെ നമ്മുടെ മണിവ്രവാളസാഹിത്യത്തിലും, ഭക്തികാവ്യങ്ങളിലും, മഹാകാവ്യങ്ങളിലും, ഗദ്യസാഹിത്യത്തിലും, പുരോഗമനസാഹിത്യത്തില്‍ പോലും, ആധുനികതയുടെ അസ്തിത്വദര്ശനങ്ങളിലും വര്‍ത്തമാനകാലത്ത് സജീവമായി നില്ക്കുന്ന ഉത്തരാധുനിക കാവ്യധാരയില്വരെ നാം കണ്ടുമുട്ടുന്ന സ്ത്രീസ്വത്വങ്ങള് ഇതില്‍നിന്ന് ഭിന്നമല്ല. ഇത്തരം അവസ്ഥയെക്കുറിച്ച് ലളിതാംബിക അന്തര്‍ജനം ഇങ്ങനെ എഴുതി.
ചിരപുരാതനകാലം മുതല്‍ തന്നെ സ്ത്രീയെ അബല എന്നും ചപല എന്നും ഭീരു എന്നും ഒക്കെയാണല്ലോ കവികള്‍ വാത്സല്യപൂര്‍വ്വം വിളിക്കാറ്. ഇത് കേട്ട് തങ്ങള്‍ അങ്ങനെയാണെന്നും അവര്‍ ധരിച്ചുവശായിരിക്കുന്നു. കണ്ണുകള്‍ കരിംകൂവളം, കവിള് റോസാപ്പൂ, നെറ്റി ചന്ദ്രക്കല, അധരം തൊണ്ടിപ്പഴംതന്നെ, ചുവന്നതൊണ്ടിപ്പഴം. പക്ഷേ ഇവയ്ക്കിടയില്‍ മാറിനകത്തെ ത്രസിക്കുന്ന ഹൃദയവും അതിലുള്ള ചൂടും ചൈതന്യവും കണ്ണീരും നെടുവീര്‍പ്പും ആരും കണ്ടില്ല. സ്ത്രീ എന്നും സാഹിത്യധാരയില്‍ ഭോഗത്തിനുള്ള ഉപകരണം മാത്രമായിരുന്നു.
സ്ത്രീവാദ സാഹിത്യത്തിന്റെ പ്രസക്തി ഇവിടെയാണ്. സ്ത്രീ എന്ന നിലയില്‍ സമൂഹത്തില്‍ അവള് അനുഭവിക്കുന്ന അസ്വാതന്ത്ര്യങ്ങളും ദുരിതങ്ങളും തീഷ്ണമായി അവതരിപ്പിക്കുവാന്‍ സ്ത്രീകള്‍ക്കുമാത്രമേ കഴിയൂ എന്നതാണ് ഫെമിനിസ്റ്റ് സാഹിത്യത്തിന്റെ അടിത്തറ. പുരുഷന് വിധേയയായ സ്ത്രീകള്‍ തങ്ങളുടെ അടിച്ചമര്‍ത്തപ്പെട്ട സര്‍ഗ്ഗാത്മകതയെ തിരിച്ചറിയുന്നതും ഇതിനെതിരെ പ്രതികരിക്കുന്നതും സ്ത്രീവാദ സാഹിത്യത്തിന്റെ പരിധിയില്‍ വരുന്നു.
രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക പ്രക്രിയയില്‍ ഇടപെട്ടുകൊണ്ട് സ്ത്രീവിമോചന വാദികള്‍ നടത്തുന്ന ആശയ സമരത്തിന്റെ അടിത്തറ സര്‍ഗ്ഗാത്മക സാഹിത്യമാണ്. ഫെമിനിസ്റ്റ് സാഹിത്യം സ്ത്രീപീഡനത്തിന്റെ അനുഭവങ്ങളെ കൂടുതലായി പ്രകാശിപ്പിക്കുന്നു. സ്ത്രീ സമസ്യകളെ ഉജ്ജ്വലമായി പ്രകാശനം ചെയ്യുന്നതിനോടൊപ്പം ലിംഗഭേദത്തിന്റെ അടിസ്ഥാനത്തിലുള്ള ബുദ്ധിമുട്ടുകളും സ്വകൃത്യ നിര്‍വ്വഹണത്തില്‍ സ്ത്രീകള്‍ നേരിടുന്ന പാരതന്ത്ര്യവും അനീതികളും സമൂഹമനസ്സാക്ഷിയുടെ മുന്പില് വരച്ചുകാട്ടുകയും ചെയ്യുന്നു. സമൂഹത്തില്‍ സ്ത്രീകളുടെ അവസ്ഥ മെച്ചപ്പെടുത്തുക, ഒടുവില്‍ എല്ലാമേഖലകളിലും തുല്ല്യത കൈവരിക്കുക ഇതാണ് ഫെമിനിസ്റ്റ് സാഹിത്യത്തിന്റെ ലക്ഷ്യവും രാഷ്ട്രീയ ധര്‍മ്മവും.
സ്ത്രീകളുടെ പ്രശ്നങ്ങള്‍ക്കു പരിഹാരമുണ്ടാക്കാന്‍ ശ്രമിക്കുന്ന ഫെമിനിസ്റ്റ് സാഹിത്യം സ്ത്രീകേന്ദ്രീകൃതമാണ്.
സര്‍ഗ്ഗാത്മക രചനയുടെ ഉറവിടം ഓരോ എഴുത്തുകാരനും താനിടപെടുന്ന സമൂഹമാണ്. ഒരു പരിധിവരെ സ്വന്തം ജീവിതാനുഭവങ്ങളുടെ അല്ലെങ്കില്‍ താന്‍ കണ്ടും കേട്ടും പരിചയിച്ചുവന്ന അനുഭവങ്ങളുടെ സാന്ദ്രീകരിച്ച രൂപമാണ് സര്ഗ്ഗാന്മകസൃഷ്ടി. സ്ത്രീകളുടെ രചനകളിലെ അടിസ്ഥാനപ്രമേയങ്ങള്‍ സ്ത്രീയുടെ അടിമത്തം, ഗാര്ഹികാദ്ധ്വനം, അധികാര വ്യവസ്ഥയ്ക്കെതിരെയുള്ള അവരുടെ സമരങ്ങള്‍, നിഷേധങ്ങള്‍, വിമോചനാഭിലാഷങ്ങള്‍, മാതൃശിശുബന്ധം കുടുംബങ്ങളില്‍ നേരിടേണ്ടിവരുന്ന അവഗണനകള്‍ തുടങ്ങിയവകളാണ്.
പുരുഷന്മാര് തങ്ങളുടെ കൃതികളില്‍ സ്ത്രീകളെ രേഖപ്പെടുത്തുന്നത് അവരുടെ ലൈംഗിക പദവിയെ അടിസ്ഥാനമാക്കിയാണ്. പുരുഷന്മാര് തങ്ങളുടെ പാട്രിയാര്‍ക്കി മനോഭാവത്തിന്റെ അടിസ്ഥാനത്തില്‍ സൃഷ്ടിച്ചുവെച്ച സ്ത്രീബിംബങ്ങളെ തിരിച്ചറിയുന്നിടത്തും അതിനെ പ്രതിരോധിക്കുന്നിടത്തുമാണ് ഫെമിനിസ്റ്റ് പ്രമേയങ്ങള്‍ ശക്തി ആര്‍ജ്ജിക്കുന്നത്.
ഫെമിനിസ്റ്റ് സാഹിത്യത്തിന്റെ മറ്റൊരു പ്രധാന പ്രത്യേകത കൃതിയുടെ രൂപത്തിലും ഭാവത്തിലും ഉള്ളടക്കത്തിലും കാണുന്ന സ്ത്രൈണഭാവമുദ്രയുടെ പ്രഭാവമാണ്. പുരുഷാനുഭവങ്ങള്ക്ക് വിരുദ്ധമായിട്ടുള്ള ഒരു ആന്തരഘടകം സ്ത്രൈണാനുഭവങ്ങളിലുണ്ട്. സ്ത്രീയെന്ന നിലയില്‍ എഴുത്തുകാരിയുടെ അനുഭവങ്ങളാണ് ഇതിനാധാരം. താന്‍ വ്യത്യസ്തയാണെന്ന അറിവും
അപൂര്‍ണ്ണ മനുഷ്യജീവിയാണെന്ന തോന്നലും സ്ത്രീയുടെ അസ്ഥിത്വത്തെ നിര്‍ണ്ണയിക്കുന്നു. സ്ത്രീകളുടെ സര്‍ഗ്ഗാത്മകതയെ ഞെരിച്ചമര്‍ത്തുന്ന അധീശവ്യവസ്ഥയില്നിന്നും പുറത്തുകടക്കാന്‍ വെമ്പല്‍കൊള്ളുകയും അതിനെതിരെ കലാപം ചെയ്യുകയും ചെയ്യുന്ന ഒന്നാണ് സ്ത്രീകളുടെ സാഹിത്യം.
എഴുത്തിന്റെ പുരുഷപ്രത്യയശാസ്ത്രത്തെ അതിലംഘിക്കാതെ സര്ഗ്ഗാന്മകതകളില് ഏര്‍പ്പെടാനോ സ്ത്രൈണാസ്തിത്വത്തെ സംരക്ഷിക്കാനോ എഴുത്തുകാരികള്‍ക്ക് കഴിയുമായിരുന്നില്ല. ചില ആഖ്യാനതന്ത്രങ്ങള്‍ അനുവര്‍ത്തിച്ചും പ്രമേയപരമായ അതിലംഘനം നടത്തിയും ഭാഷാപരമായ കലാപത്തിലൂടെയുമാണ് എഴുത്തുകാരികള്‍ ഈ അധീശ്വത്വ നിയമങ്ങളെ ഭേദിക്കുന്നത്. ഒരു ഫെമിനിസ്റ്റ് പാഠം എല്ലായ്പ്പോഴും ആന്തരിക സംഘര്‍ഷം നിറഞ്ഞതാണ്. നിലനിന്നുപോരുന്ന സാഹിത്യമാതൃകകളുമായുള്ള എഴുത്തുകാരികളുടെ കലാപമാണ് ഇതിന് ഹേതു.
സൂക്ഷ്മവായനയില്‍ നമുക്ക് മനസിലാകും കഥാനിര്‍മ്മിതി, കാവ്യാന്തരീക്ഷം, ബിംബാവലി, താളം, ലയം, പ്രാസം, വൃത്താലങ്കാരങ്ങള്‍, ആഖ്യാനരീതി, പാത്രസൃഷ്ടി ഇവയിലെല്ലാം ഒരു സ്ത്രീ സ്പര്‍ശമുണ്ട്.
സ്ത്രീയുടെ സാഹിത്യസൃഷ്ടികളെ മൂന്ന് ഘടകങ്ങളായി വിഭജിക്കുന്നു- സ്ത്രൈണം (feminism), സ്ത്രീവാദപരം (feminist), സ്ത്രീവിഷയകം (female). പുരുഷന്റെ സര്‍ഗ്ഗപരമായ നേട്ടങ്ങളോട് ഒപ്പം നില്‍ക്കാനുള്ള പ്രവണതയാണ് സ്ത്രൈണം. പുരുഷസങ്കല്പത്തിലുള്ള സ്ത്രീയെ അവതരിപ്പിക്കാന്‍ പെണ്ണെഴുത്തുകാര്‍ മത്സരബുദ്ധിയോടെ ശ്രമിച്ചു. സ്ത്രീ നേരിടുന്ന കഠിന പ്രശ്നങ്ങള്‍ അനാവരണം ചെയ്യാനുള്ള ത്വരയാണ് സ്ത്രീവാദ സമീപനത്തില്‍ ദൃശ്യമാകുന്നത്. പുരുഷമേധാവിത്വത്തോടുള്ള പ്രതിക്ഷേധമാണ് ഇവിടെ പ്രധാനം. സ്ത്രീ സ്ത്രീയായി തന്നെ നിന്ന് സ്വാനുഭവങ്ങള്‍ മൂര്‍ത്തമായി ആവിഷ്കരിക്കുന്നു സ്ത്രീവിഷയഘട്ടത്തില്. സ്ത്രീ ഇവിടെ തന്റെ സ്വത്വബലം തിരിച്ചറിയുന്നു.
മലയാളസാഹിത്യത്തില്‍ വികസിച്ച പെണ്ണെഴുത്ത് സ്ത്രീവാദ സാഹിത്യത്തിന്റെ രണ്ടാംഘട്ടത്തിലാണ്.
ഫെമിനിസ്റ്റ് ഭാഷ
സാഹിത്യകൃതികളെക്കുറിച്ചുള്ള ഏതൊരു ചര്‍ച്ചയിലും ഭാഷ കടന്നുവരുന്നു. അതിന് കാരണം സാഹിത്യകൃതികള്‍ രേഖപ്പെടുത്തുന്നത് ഭാഷയിലൂടെയാണ് എന്നത് മാത്രമല്ല. എഴുതപ്പെട്ട പാഠത്തെ സ്വാധീനിച്ച സാംസ്കാരികവും സാമൂഹികവും ചരിത്രപരവുമായ അടയാളങ്ങള്‍ അതില്‍ അവശേഷിക്കുന്നു എന്നതാണ്. എഴുത്തുകാര്‍ അനുഭവിക്കുന്ന അന്തര്‍സംഘര്‍ഷങ്ങളും അധീശത്വ/വിധേയത്വ മനോഭാവങ്ങളും ഭാഷ അപഗ്രഥനത്തിലൂടെ നമുക്ക് തിരിച്ചറിയാം. പുരുഷവര്‍ഗ്ഗത്തിന്റെ ആവശ്യങ്ങള്‍ക്ക് ഉപയുക്തമായ വിധത്തിലാണ് ഭാഷപോലും രൂപപ്പെടുത്തിയിരിക്കുന്നതെന്ന് ഫെമിനിസ്റ്റുകള്‍ ചൂണ്ടികാട്ടുന്നു.
ഴാക്ക് ലക്കാന്റെ അഭിപ്രായത്തില്‍ സംസ്കാരത്തിന്റെ അടിസ്ഥാന ശിലയായി വര്‍ത്തിക്കുന്ന ഒരു ചിഹ്നവ്യവസ്ഥയാണ് (symbolic order) ഭാഷ. ഈ വ്യവസ്ഥ സ്വാംശീകരിക്കുന്നതിലൂടെയാണ് ശിശുവിന് ഒരു സാംസ്കാരിക കര്‍തൃത്വം ഉണ്ടാകുന്നത്. പക്ഷേ ഈ ഭാഷാസ്വീകാര്യത പുരുഷമേല്ക്കോയ്മയുടേതായ ലിംഗകര്‍തൃത്വത്തില്‍ അധിഷ്ഠിതമായിരിക്കും. ലിംഗത്തിന്റെ മേധാവിത്വം അംഗീകരിക്കുന്ന പൗരുഷമായ ഒന്നായിരിക്കും അതിലെ ഭാഷാക്രമവും. സ്വാഭാവികമായി സ്ത്രീകള്‍ ഭാഷയുടേയും സംസ്കാരത്തിന്റെയും അതിരുകളിലേക്ക് മാറ്റപ്പെടുന്നു സ്ത്രീപുരുഷന്മാരുടെ തിരിച്ചറിവിനാധാരമായ അനുഭവങ്ങള്‍ വ്യത്യസ്തമാണ്. ഈ വ്യത്യാസം ഭാഷയിലും പ്രതിഫലിക്കുന്നു.
പുരുഷഭാഷ അധികാരത്തിന്റേതാകുമ്പോള് സ്ത്രീ ഭാഷ സ്നേഹത്തിന്റെയും സൗമ്യതയുടേതുമാകുന്നു.
ഉദാഹരണമായി
ഒന്നിവിടെ വരൂ (സ്ത്രീ ഭാഷ)
ഇവിടെ വാ (അധികാരത്തിന്റെ പുരുഷ ഭാഷ)
അയ്യോ എന്താണീ ചെയ്തിരിക്കുന്നത് (സ്ത്രീ ഭാഷ)
എന്താടീ ഇത് (അധികാരത്തിന്റെ പുരുഷ ഭാഷ)
ഗര്‍ഭകാല സംഘര്‍ഷങ്ങള്‍, ആര്ത്തവകാലാനുഭവങ്ങള്, ആര്ത്തവവിരാമകാല ഉല്‍ക്കണ്ഠകള്‍, പ്രസവം, മുലയൂട്ടല്‍ എന്നിങ്ങനെ സ്ത്രീകളുടെ മാത്രമായ അനുഭവങ്ങളും
ജൈവധര്മ്മങ്ങളും മൂര്‍ത്തമായി അവതരിപ്പിക്കാന്‍ നിലവിലുള്ള ഭാഷ അപര്യാപ്തമാണെന്ന് ഫെമിനിസ്റ്റുകള്‍ വാദിക്കുന്നു. സ്ത്രീകളുടെ വൈകാരികതകളും അനുഭവങ്ങളും
ആവിഷ്ക്കരിക്കാന്‍ പുരുഷന്മാര് ധാരാളമായി ഉപയോഗിക്കുന്നതും വിരുദ്ധാര്ത്ഥങ്ങളില് രൂഢവുമായ പദങ്ങളും പ്രയോഗങ്ങളും ധാരാളമായി ഉപയോഗിക്കേണ്ടി വരുന്നതിലെ വൈരുദ്ധ്യത അവര്‍ ചൂണ്ടികാണിക്കുന്നു.
സ്ത്രൈണാനുഭവങ്ങളെ വിശദീകരിക്കുന്നതില്‍ സ്ത്രീകള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടുകളില്‍ നിന്നാണ് സ്ത്രീയുടെ ഭാഷ എന്ന സങ്കല്പം തന്നെ രൂപപ്പെട്ടത്. ഫോബിന് ലക്കോഫ് എന്ന അമേരിക്കന്‍ ഭാഷാശാസ്ത്രജ്ഞന്റെ language womens plays എന്ന ഗ്രന്ഥം ഇതിലേക്കുള്ള നല്ലൊരു മുതല്‍ക്കൂട്ടാണ്. സ്ത്രീയുടെ ജീവിതം, ശരീരം,
വ്യവഹാരമണ്ഡലങ്ങള്‍ തുടങ്ങിയവയൊക്കെ നന്നായി രേഖപ്പെടുത്താനുതകുന്ന പുതിയ വാക്കുകളും രൂപകങ്ങളും ബിംബങ്ങളും, ആശയാവലികളുമൊക്കെ കണ്ടുപിടിക്കുക ഫെമിനിസ്റ്റ് ഭാഷാസങ്കല്പത്തിന്റെ ധര്‍മ്മമാണ്.
മൂന്നാം ലോകരാജ്യങ്ങളിലെ ഫെമിനിസ്റ്റ് എഴുത്തുകാര്‍ അഭിമുഖീകരിക്കുന്ന പ്രശ്നം കൊളോണിയല്‍ മേധാവിത്വത്തിനു കീഴില്‍ ദേശീയഭാഷകള് അഭിമുഖീകരിച്ചതിന് സമാനമായ പ്രതിസന്ധിയാണ്. ഫ്രാന്‍സിസ്സ് ഫാനന് കണ്ടെത്തിയതുപോലെ കൊളോണിയല്‍ മേധാവിത്വത്തെ അതേ ഭാഷ ഉപയോഗിച്ചുതന്നെ എതിരിട്ട കോളനി രാഷ്ട്രങ്ങളെപോലെ
പുരുഷഭാഷയിലെ അധികാരബന്ധങ്ങളെ അപനിര്‍മ്മിച്ചു മാറ്റിത്തീര്‍ക്കുകയാണ് മൂന്നാംലോക സ്ത്രീ എഴുത്തുകാരികളില്‍ ഭൂരിപക്ഷവും.
മലയാളത്തിലെ ഫെമിനിസ്റ്റ് എഴുത്തിന്റെ ചരിത്രം
പ്രത്യയശാസ്ത്രത്തിന്റെയും വിമര്‍ശന പദ്ധതികളുടേയും നിയമാവലിയുടേയും അടിസ്ഥാനത്തില്‍ feminist writing അഥവാ സ്ത്രീവാദരചന മലയാളത്തില്‍ ആരംഭിച്ചത് തൊണ്ണൂറുകളുടെ ആരംഭത്തിലിറങ്ങിയ സാറാ ജോസഫിന്റെ പാപത്തറ എന്ന കഥാസമാഹാരത്തോടുകൂടിയാണ്. women writing എന്ന ഇംഗ്ലീഷ് പദത്തിന് തുല്യമായി പെണ്ണെഴുത്ത് എന്ന മലയാളപദം സച്ചിദാനന്ദനാണ് പാപത്തറയുടെ അവതാരികയിലൂടെ മലയാളത്തിന് സംഭാവന ചെയ്തത്.
ഫെമിനിസ്റ്റ് എഴുത്തിനോട് പ്രകടമായ ആഭിമുഖ്യം പ്രകടിപ്പിക്കാത്തവരുടെ കൃതികളില്‍ നിന്നുപോലും സ്ത്രീവാദചിന്തകള്‍ കണ്ടെടുക്കുന്ന സ്ത്രീവാദവിമര്ശ്ശന പദ്ധതികളും ഇതോടൊപ്പം മലയാളത്തില്‍ വികസിച്ചുവന്നു. പെണ്ണെഴുത്ത് എന്ന ലേബല്‍ ഇല്ലെങ്കില്‍പ്പോലും മലയാളത്തിലെ മണ്മറഞ്ഞ എഴുത്തുകാരികളില്‍ പലരും തങ്ങളുടെ കൃതികളിലൂടെ സ്ത്രീവിമോചനാശയങ്ങള്‍ കേരളത്തില്‍ പ്രചരിപ്പിച്ചുകൊണ്ടിരുന്നു. കേരളത്തില്‍ ഫെമിനിസ്റ്റ് പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത് മറ്റെല്ലാ കോളനിരാജ്യങ്ങളിലേതും പോലെ യൂറോപ്യന്‍ അമേരിക്കന്‍ മോഡലിലുള്ള ബോധവല്‍ക്കരണം, സ്വാതന്ത്ര്യം, വിദ്യാഭ്യാസം, സമത്വം തുടങ്ങിയ ആശയങ്ങളില്‍ അധിഷ്ഠിതമായിരുന്നു.
ഭാരതത്തിലുണ്ടായ സ്ത്രീമുന്നേറ്റങ്ങള്‍ക്ക് ദ്വിമുഖ ദൗത്യങ്ങള്‍ ഉണ്ടായിരുന്നു. സ്ത്രീകളുടെ സാമൂഹ്യപദവി മെച്ചപ്പെടുത്തുക, സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമാകുക. പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാന പാദങ്ങളില്‍ കേരളത്തില്‍ ആരംഭിച്ച സ്ത്രീവിമോചന പ്രസ്ഥാനങ്ങള്‍ പലതും വിവിധ സമുദായങ്ങള്‍ക്കിടയില്‍ രൂപംകൊണ്ട
പരിഷ്ക്കരണ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ടായിരുന്നു പ്രവര്‍ത്തിച്ചിരുന്നത്.
സമത്വദര്ശത്തിലധിഷ്ഠിതമായിരുന്ന ഇത്തരം പ്രവര്‍ത്തനങ്ങള്‍ പൂര്‍ണ്ണമായും പുരുഷമേല്ക്കോയ്ക്കു
വിധേയമായിരുന്നു. അച്ചടിയുടേയും ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന്റെയും സ്വാധീനഫലമായി കേരളത്തില്‍ പത്രമാസികാവിപ്ലവം തന്നെ ഉണ്ടായി. ഇത് സ്ത്രീവിമോചന പ്രവര്‍ത്തനങ്ങള്‍ക്ക് സഹായകകരമായി.
1886-ല്‍ തിരുവനന്തപുരത്തുനിന്നും പുരുഷന്മാരുടെ നേതൃത്വത്തിലെങ്കിലും സ്ത്രീകള്‍ക്കുവേണ്ടിയുള്ള ആദ്യത്തെ പ്രസിദ്ധീകരണം കേരളീയ സുഗുണബോധിനി ആരംഭിച്ചു. അക്കാലത്തെ മുന്നിരമാസികകളായ വിദ്യാവിനോദിനി, ഭാഷാപോഷിണി തുടങ്ങി പ്രസിദ്ധീകരണങ്ങളില്‍ സ്ത്രീകളുടെ സര്‍ഗ്ഗാത്മക രചനകള്‍, സ്ത്രീവിദ്യാഭ്യാസം, സ്വതന്ത്ര്യം തുടങ്ങിയ വിഷയങ്ങളെക്കുറിച്ച് അനുകൂലവും പ്രതികൂലവുമായ നിരവധി സംവാദങ്ങള്‍ ഉണ്ടായി. 1909-ല്‍ ടി. ബി കല്ല്യാണിയമ്മ, ടി. സി കല്ല്യാണിയമ്മ തുടങ്ങിയവരുടെ നേതൃത്വത്തില്‍ ശാരദ പിന്നെ ലക്ഷ്മിബായി എന്നീ മാസികകള്‍ ആരംഭിച്ചു. പില്ക്കാലത്ത് മഹിളാരത്നം, മഹിള തുടങ്ങിയ പ്രസിദ്ധീകരണങ്ങളും ഉണ്ടായി. ഇത്തരം പ്രസിദ്ധീകരണങ്ങള്‍ സ്ത്രീവിമോചനാശയങ്ങളും ലോകത്ത് നടക്കുന്ന സ്ത്രീമുന്നേറ്റങ്ങള്‍ പ്രചരിപ്പിക്കുകയും സ്ത്രീകളുടെ സര്‍ഗ്ഗാത്മക രചനകള്‍ പ്രകാശിപ്പിക്കുകയും ചെയ്തു.
കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ രൂപംകൊണ്ട സ്ത്രീസമരങ്ങളെക്കുറിച്ചുള്ള വാര്‍ത്തകളും ഈ മാസികകള്‍ പ്രസിദ്ധീകരിച്ചിരുന്നു. കേരളത്തില്‍ രൂപംകൊണ്ട സ്ത്രീസമാജങ്ങള്ക്ക് ഏകീകൃത സ്വഭാവമോ കൃത്യമായ സംഘടനാപ്രവര്‍ത്തനങ്ങളോ ഇല്ലായിരുന്നു. മധ്യവര്ഗ്ഗസ്വഭാവമുള്ള സ്ത്രീസംഘടനകള്‍ക്ക് കേരളീയ സമൂഹത്തില്‍ ചലനങ്ങള്‍ സൃഷ്ടിക്കാന്‍ സാധിച്ചുവെന്നത് പരാമര്‍ശമര്‍ഹിക്കുന്നുണ്ട്. വര്‍ത്തമാന കാലത്ത് വനിതാപ്രസിദ്ധീകരണങ്ങള് എന്നവകാശപ്പെടുന്ന പ്രസിദ്ധീകരണങ്ങള്‍ സ്ത്രീകളുടെ ക്ഷേമത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്നതിനു പകരം സ്ത്രീയെ ഒരു ഉപഭോഗവസ്തുവായി ചിത്രീകരിക്കുന്നത് നിര്‍ഭാഗ്യകരമാണ്.
സ്വാതന്ത്ര്യാനന്തരം കേരളത്തിലുണ്ടായ ഫെമിനിസ്റ്റ് പ്രവര്‍ത്തനങ്ങള്‍ മൂന്നാംലോക രാഷ്ട്രങ്ങളിലെ ഫെമിനിസ്റ്റ് പ്രവര്‍ത്തനങ്ങളുടെ പൊതുസ്വഭാവങ്ങള്‍ പ്രകടിപ്പിക്കുന്നതായിരുന്നു. തൊള്ളായിരത്തി എണ്‍പതുകളിലാണ് പാശ്ചാത്യഫെമിനിസ്റ്റ് സൈദ്ധാന്തികതയുടെ സ്വാധീനത്താല്‍ കേരളത്തില്‍ സ്വതന്ത്ര ഫെമിനിസ്റ്റ് സംഘടനകള്‍ ഉണ്ടായത്. പല കാരണങ്ങളാല്‍ അവയില്‍ പലതും നിന്നുപോയി. കേരളത്തിലിന്ന് അന്വേഷി, മാനുഷി, സഹജ തുടങ്ങി പലപേരുകളില്‍ അറിയപ്പെടുന്ന നിരവധി സംഘടനകള്‍ പ്രവര്‍ത്തനരംഗത്ത് സജീവമാണ്. നിര്‍ഭാഗ്യവശാല്‍ കേരളത്തിലെ ഫെമിനിസ്റ്റ് പ്രവര്‍ത്തനങ്ങള്‍ക്ക്് കേരളീയ പരിസരത്തിലുള്ള സൈദ്ധാന്തിക പിന്‍ബലമോ പ്രത്യയശാസ്ത്രത്തിന്റെ കെട്ടുറപ്പോ ഇല്ല.
സ്ത്രീപീഡന കേസുകള്‍ നടത്തിയും, വിവിധ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളിലൂടേയും, പത്രമാധ്യമങ്ങളില്‍ നിറഞ്ഞുനിന്നുമാണ് തങ്ങളുടെ സാന്നിധ്യം രേഖപ്പെടുത്തുന്നത്. കേരളത്തിലെ പൊതുസമൂഹത്തിന്റെ പിന്തുണ ആര്‍ജ്ജിക്കാന്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് സാധിച്ചിട്ടില്ലെങ്കിലും കേരളീയ സമൂഹത്തില്‍ ഫെമിനിസ്റ്റ് ചിന്തകളെക്കുറിച്ച് ഒരു സംവാദം സൃഷ്ടിക്കാന്‍ സാധിച്ചിട്ടുണ്ട്.
മലയാള സാഹിത്യം ആദ്യകാലത്ത് സ്ത്രീ എഴുത്തുകാരോടും അവരുടെ രചനകളോടും വിമുഖത കാട്ടിയിരുന്നു. അതിനൊരു ഉദാഹരണമാണ് തന്നെ ശ്ലോകം എഴുതിക്കാണിച്ച സ്ത്രീയെ അമ്പാടി കുഞ്ഞികൃഷ്ണപൊതുവാള് എന്ന കവി ആക്ഷേപിച്ച കഥ.
തരുണിമണി മേലിലിത്തരം കൊ-
ള്ളരുതാതുള്ളവ തീര്ത്തുകൊണ്ടിരുന്നാല്
മുറിമുണ്ടുകളല്ല, നല്ല വേലി-
ത്തറികൊണ്ടൊന്നു തരും തരംവരുമ്പോള്‍. എന്ന് ശ്ലോകമെഴുതി ആ കവനമെഴുത്തുകാരിയെ മടക്കി അയച്ചുവെന്ന് സാഹിത്യചരിത്രം പറയുന്നു.
മലയാള സാഹിത്യത്തില്‍ സ്ത്രീയുടെ സ്വത്വബോധത്തിന്റെ പ്രഖ്യാപനമായി കടന്നുവന്ന എഴുത്തുകാരി ലളിതാംബിക അന്തര്‍ജനമാണ്. അന്തര്‍ജനം തന്റെ എഴുത്തനുഭവങ്ങളെ വളരെ വികാരവായ്പ്പോടുകൂടിയാണ് എഴുതുന്നത്. ഗാര്‍ഹികവും സാമൂഹികവും സാഹിത്യപരവുമായ കൃത്യങ്ങളെ ഒരേസമയം ചെയ്തുതീര്‍ക്കണമെന്ന് അവള് വാശിപിടിച്ചു. എല്ലാം അവളുടെ ജീവിതത്തിന്റെ ഭാഗങ്ങളായിരുന്നു. അതിന്റെ ഫലമെല്ലാം അപൂര്‍ണ്ണമായി നിര്ത്തുകയെന്നതായിരിക്കുമെന്ന് അവള് ഓര്‍ത്തില്ല. ഇങ്ങനെ ആണ്ടോടാണ്ട് കുഞ്ഞുങ്ങളെ പ്രസവിക്കുകയും
വളര്‍ത്തുകയും എഴുതുകയും വായിക്കുകയും പ്രസംഗിക്കുകയും ചെയ്തുകൊണ്ടിരുന്നു അവള്. ചെറുകുട്ടികളെ തൊട്ടിലാട്ടിക്കൊണ്ട് താഴേ കുനിഞ്ഞിരുന്ന് എഴുതുന്ന അമ്മയെ കാണുന്നു ഞാന്‍.
സാഹിത്യ സാംസ്കാരിക രാഷ്ട്രീയ മണ്ഡലങ്ങളില്‍ ഇടപെടലുകള്‍ നടത്തി അന്നത്തെ പുരോഗമന എഴുത്തുകാരുടെ ഒപ്പം ചേര്‍ന്ന് പ്രവര്‍ത്തിച്ചിട്ടുള്ള ലളിതാംബിക അന്തര്‍ജനത്തിന് പലപ്പോഴും പുരുഷമേല്‍ക്കോയ്മയോട് സന്ധിചെയ്യേണ്ടിവന്നു എന്നത് എത്ര ദയനീയമാണ്.
സ്ത്രീവാദ ചിന്തയുടെ തീഷ്ണമായ ഇടങ്ങള്‍ ആവിഷ്കരിച്ച കെ. സരസ്വതിയമ്മയ്ക്ക് സാഹിത്യലോകത്തിലെ തിരസ്ക്കാരങ്ങളുടെ ഫലമായി അജ്ഞാതവാസം പോലും ചെയ്യേണ്ടിവന്നു. സ്ത്രീയുടെ സ്വതന്ത്ര്യത്തെക്കുറിച്ചുള്ള ധാര്‍മ്മികരോഷം സരസ്വതിയമ്മയില് പുരുഷവിേദ്വഷമായി മാറി. സ്ത്രീവിമോചന പ്രസ്ഥാനം ശക്തിപ്രാപിക്കാതിരുന്ന കാലത്ത് പുരുഷമേധാവിത്വത്തിനെതിരെ ഒറ്റയ്ക്ക് നിന്ന് പൊരുതിയ സര്‍ഗ്ഗാത്മക ശക്തിയുടെ ഉടമയാണ് സരസ്വതിയമ്മ. യഥാര്‍ത്ഥത്തില്‍ പുരുഷവിദ്വേഷമല്ല സ്ത്രീയുടെ അവകാശം സ്ഥാപിക്കുകയാണ് ലക്ഷ്യം.
ആധുനികതയുടെ ചേരികളിലൊന്നും പെടാതെ അതിന്റെ എല്ലാ വികാരവായ്പ്പുകളും ആവാഹിച്ച് സ്വന്തം അസ്തിത്വം കാത്തുസൂക്ഷിച്ച കഥാകാരിയാണ് മാധവിക്കുട്ടി. അതുകൊണ്ടുതന്നെ ഒരുപാട് പഴികേട്ട കഥാകാരികളിലൊരാളായി മാധവിക്കുട്ടി. താനൊരു ഫെമിനിസ്റ്റാണെന്ന് പ്രഖ്യാപിക്കുകയും ആ വിശ്വാസപ്രമാണം പ്രചരിപ്പിക്കുകയും ചെയ്യുന്ന സാറാ ജോസഫ് തന്റെ വിശ്വാസപ്രമാണങ്ങളോടുള്ള ശക്തമായ പ്രതിബന്ധത പ്രകടിപ്പിക്കുന്നു.
ഇവര്‍ക്കിടയില്‍ തങ്ങളുടെ കൃതികളിലൂടെ സ്ത്രീവിമോചന ആശയങ്ങള്‍ പ്രകാശിപ്പിക്കുന്ന ഒരുപാട് എഴുത്തുകാരുണ്ട്. സരോജിനി, രാജലക്ഷി, സാറാ തോമസ്, അഷിത, പി. വത്സല തുടങ്ങി അനേകര്‍. സ്വന്തം ജീവിതാനുഭവങ്ങളില്‍ നിന്നാണ് അവരുടെ കൃതികളിലെ സ്ത്രീവാദ ചിന്തകളില്‍ പലതും ഉടലെടുത്തത്. സ്വാഭാവികമായി പ്രവഹിക്കുന്ന സ്ത്രൈണാനുഭവങ്ങള്ക്ക് ചേക്കേറാന്‍ ഒരു സൈദ്ധാന്തിക മറയില്ലായിരുന്നു.
ജാതിയും, മതവും, തൊഴിലും, ലിംഗവും വേര്‍തിരിച്ച് എഴുത്തും എഴുത്തുകാരെയും ആഘോഷിക്കുന്ന സംസ്ക്കാരം അന്നില്ലായിരുന്നു. ഉത്തരാധുനിക സാഹിത്യ വിമര്‍ശന പദ്ധതികളാണ് അവരുടെ സ്ത്രൈണാനുഭവങ്ങളെ സമൂഹത്തിന്റെയും സാഹിത്യത്തിന്റെയും മുഖ്യധാരയിലേക്ക് കൊണ്ടുവന്നത്.
മലയാളത്തിലെ സ്ത്രീ എഴുത്തിന്റെ രണ്ടാം ഘട്ട ചരിത്രം എന്നു വിശേഷിപ്പിക്കാവുന്ന കാലം തുടങ്ങുന്നത് സാറാ ജോസഫിന്റെ പാപത്തറ എന്ന കഥാസമാഹാരത്തിന്റെ
പ്രസിദ്ധീകരണത്തോടുകൂടിയാണ്. ഈ ഘട്ടത്തിലാണ് ഗ്രേസി, ലളിതാലെനിന്, പ്രിയ എ. എസ്, സി.എസ് ചന്ദ്രിക, ചന്ദ്രമതി, ഗീതാ ഹിരണ്യന്, ധന്യാരാജ്, കെ.ആര് മീര, കെ.രേഖ തുടങ്ങിയ പല എഴുത്തുകാരികളും രംഗപ്രവേശം ചെയ്യുകയോ മൗനവാസത്തിന് ശേഷം തിരിച്ചുവരികയോ ചെയ്ത് മലയാളികളുടെ മനസ്സില്‍ ഇടം നേടിയത്.
ഇവരില്‍ പലരും സ്ത്രീവിമോചക പ്രവര്‍ത്തകരോ അതിനോട് ആഭിമുഖ്യം ഉള്ളവരോ ആണ്. മലയാളത്തിലെ സാഹിത്യരംഗത്തുണ്ടായ പുത്തന്‍ പ്രവണതയെ ഇവര്‍ നന്നായി ചൂഷണം ചെയ്തു.
പ്രമേയപരവും, ഭാഷാപരവും, ആഖ്യാനപരവുമായ നൂതനമാര്‍ഗ്ഗങ്ങള്‍ അവലംബിച്ച് സ്ത്രീ എഴുത്തുകാരികള്‍ തങ്ങളുടെ കൃതകളിലൂടെ സ്ത്രീവാദ കാഴ്ചപ്പാടുകള്‍ ആവിഷ്കരിക്കുന്നു.
സിതാരയുടെ ചെറുകഥകളിലെ ഫെമിനിസ്റ്റ് പാഠങ്ങള്‍-
ഒരു പഠനം
ആധുനിക മലയാള സാഹിത്യത്തില്‍ ഏറ്റവുമധികം വികാസം പ്രാപിച്ച സാഹിത്യശാഖ ചെറുകഥാരംഗമാണ്. നിര്‍വ്വചനത്തിന്റെ പരിധിയില്‍ ഒതുക്കാന്‍ കഴിയുന്ന രൂപഘടനയല്ല ചെറുകഥയുടേത്. നിരന്തരം പരിണാമങ്ങള്‍ക്ക് വിധേയമായിക്കൊണ്ടിരിക്കുന്ന അതിന്റെ ശില്പഘടന ചട്ടക്കൂടുകളെ നിരാകരിക്കുന്നു. പ്രാഥമികമായി പറഞ്ഞാല്‍ ഇതൊരു ഗദ്യരൂപമാണ്.
ദൈര്‍ഘ്യത്തെപ്പറ്റി ഭിന്നാഭിപ്രായങ്ങള്‍ നിലനില്ക്കുന്നു. ഒരു സംഭവത്തെയോ, വികാരത്തെയോ, കഥാപാത്രത്തെയോ ഏകാഗ്രത നഷ്ടപ്പെടുത്താതെ സൂക്ഷ്മമായും സന്തുലിതമായും ആവിഷ്കരിക്കുന്നതാണ് ചെറുകഥയുടെ പൊതുഘടന. അതുകൊണ്ടുതന്നെ സ്ഥൂലമായ ആഖ്യാനത്തിനോ വിശദമായ വര്ണ്ണനകള്ക്കോ ഇവിടെ പ്രസക്തിയില്ല. ഒരു സവിശേഷ
മുഹൂര്‍ത്തത്തിലൂടെ കടന്നുപോവുന്ന കഥാപാത്രത്തിന്റെ ബാഹ്യമോ ആഭ്യന്തരമോ ആയ ചലനങ്ങളെ ആവിഷ്ക്കരിക്കുക ആണ് ചെറുകഥയുടെ സാമാന്യരീതി.
മലയാള സാഹിത്യത്തില്‍ പെണ്ണെഴുത്തിന്റെ രണ്ടാം ഘട്ടത്തില്‍ വേരുറപ്പിച്ച കഥാകാരിയാണ് സിതാര. എസ്. മികച്ച ആഖ്യാന പാടവവും, കൈയ്യൊതുക്കവും ശില്പഭംഗിയും നിറഞ്ഞതാണ് സിതാരയുടെ കഥകള്‍. സാധാരണ കഥാകാരികള്‍ തുറന്നുപറയാന്‍ മടിക്കുന്ന ലെസ്ബിയനിസം, ഹോമോ സെക്ഷ്വാലിറ്റി, ലൈംഗികത, കപടസദാചാരം എന്നിവയെക്കുറിച്ച് ധീരമായി എഴുതിമുന്നേറുന്ന സിതാര പെണ്ണെഴുത്തിന്റെ നവഭാവുകത്വമാണ്. സമൂഹത്തിന്റെ സങ്കല്പത്തിലുള്ള എഴുത്തുകാരിയുടെ മുഖംതന്നെ ഇവിടെ ഉടഞ്ഞുപോകുന്നു.
സാമൂഹിക അവസ്ഥകളോടുള്ള തിരിച്ചറിവും പ്രതിഷേധവും പ്രതിരോധവും സ്ത്രീ പുരുഷ സമത്വത്തെക്കുറിച്ചുള്ള സങ്കല്പങ്ങള് എല്ലാംകൂടി ചേരുമ്പോള്‍ എഴുത്തിന്റെ പുത്തന്‍ മാതൃകകള്‍ പെണ്ണെഴുത്തുകാരികളില് നിന്നുണ്ടാകുന്നു. വിധേയത്വത്തിന്റെയും സഹനത്തിന്റെയും സ്ത്രീമാതൃകകള്‍ ഇവിടെ ഭഞ്ജിക്കപ്പെടുന്നു. പി.പി രവീന്ദ്രന് സിതാരയുടെ കഥകളെക്കുറിച്ച് അഭിപ്രായപ്പെട്ടത്.
വര്‍ത്തമാനകാലത്തിന്റെ ഭാഷാവഴക്കങ്ങളേയും ചിന്താപരിമിതികളേയും അതിശയിക്കുകയും ഉലംഘിക്കുകയും ചെയ്യുന്നവയാണ് സിതാരയുടെ കഥകള്‍ - എന്നാണ. പൊള്ളുന്ന പ്രമേയങ്ങളും ചിന്തകളും പരുക്കന്‍ ഭാഷയില്‍ അവതരിപ്പിക്കുന്ന സിതാരയുടെ കഥകള്‍ ഫെമിനിസ്റ്റ് പാഠങ്ങള്‍ ഉള്‍ക്കൊള്ളുന്നു.
പെണ്‍സ്വത്വത്തിന്റെ ഉയിര്‍ത്തേഴുന്നേല്‍പ്പ് സിതാരയുടെ കഥകളില്‍
സിതാരയ്ക്ക് കഥാകാരിയെന്ന നിലയില്‍ മലയാള സാഹിത്യത്തിലേക്കുള്ള പ്രവേശനം തരപ്പെടുത്തിക്കൊടുത്ത ചെറുകഥയാണ് അഗ്നി. കഥയ്ക്ക് അനുയോജ്യമായ ശീര്‍ഷകം കണ്ടെത്തുക എഴുത്തുകാര്‍ നേരിടുന്ന വലിയ വെല്ലുവിളിയാണ്. സിതാര പൊതുവേ ഈ പ്രതിസന്ധിയെ തരണം ചെയ്യുന്ന കഥാകാരിയാണ്. അഗ്നിയെന്ന കഥയുടെ പ്രമേയത്തിന് യോജിച്ച ശീര്‍ഷകം വായനക്കാരന്റെ ചിന്തകളെ ത്രസിപ്പിക്കുന്നു. സിതാരയുടെ അഗ്നിയെന്ന കഥ ഏറ്റവുമധികം ചര്‍ച്ച ചെയ്യപ്പെട്ടതിന്റെ പ്രധാന കാരണങ്ങളിലൊന്ന് കഥയുടെ പ്രമേയപരവും അഖ്യാനപരമായ അതിലംഘനമാണ്. അതിലൂടെ ആധുനിക പെണ്മനസ്സ് തന്റെ സ്വത്വത്തെ നിര്‍വ്വചിക്കുന്നു. സമൂഹത്തില്‍ നിലനില്‍ക്കുന്ന ലൈംഗിക സദാചാരത്തെ
കടന്നാക്രമിച്ചുകൊണ്ട് ഇത് സാധിക്കുന്നു.
പ്രിയ ഒരു സ്വകാര്യ ഓഫിസിലെ ടൈപ്പിസ്റ്റാണ്. ചില ദിവസങ്ങളില്‍ ഓഫിസിലെ ജോലി കഴിയുമ്പോള്‍ താമസിക്കും. അത്തരം ദിവസങ്ങളില്‍ പ്രിയക്ക് തന്റെ സൈക്കിളില്‍ സന്ധ്യമയങ്ങിയ നേരത്ത് വിജനമായ കുറ്റിക്കാടുകള്‍ നിറഞ്ഞ റോഡിലൂടെ കടന്നുപോകേണ്ടിയതായി വരും. ഉള്ഭയത്തോടുകൂടി പോകുന്ന പ്രിയയെ ഒരിക്കല്‍ മൂന്നുപേര്‍ ചേര്‍ന്ന് മാനഭംഗപ്പെടുത്തി. അതിലൊരാള്‍ ഓഫിസിനടുത്ത് ഫോണ്‍ ബൂത്ത് നടത്തുന്ന സഞ്ജീവ് എന്ന തടിയനാണ്. മറ്റൊരാള്‍ പണ്ട് ബസ്സില്‍ യാത്രചെയ്ത സമയത്ത് എന്തോ വൃത്തികേട് കാട്ടിയതിന് പ്രിയ കരണത്തിനിട്ട് തല്ലുകൊടുത്ത രവിയാണ്. മൂന്നാമന് മെലിഞ്ഞ മുഖമുള്ള മീശ കിളിര്‍ത്തുതുടങ്ങിയ പയ്യനാണ്.
കഥയുടെ ഒന്നാംഘട്ടം കഴിഞ്ഞു. സാധാരണമായ ഒരു കഥ. കഥയുടെ തുടര്‍ച്ച നമുക്ക് ഊഹിക്കാം. പക്ഷേ ഇവിടെയാണ് ആഖ്യാനത്തിന്റെ തെന്നിമാറലുകള്‍ നടക്കുന്നത്. സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ എക്കാലത്തും നടക്കാറുണ്ട്. പക്ഷേ ഇന്നിന്റെ സ്ത്രീകള്‍ അവയ്ക്കെതിരെ പ്രതികരിക്കുന്നു. സിതാര അഗ്നിയെന്ന കഥ എഴുതാനുള്ള സാഹചര്യത്തെക്കുറിച്ച് ഒരു അഭിമുഖത്തില്‍ പറഞ്ഞത് ഇപ്രകാരമാണ്. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ വര്ദ്ധിച്ചുവരുകയാണിന്ന് എപ്പോഴോ ഒരിക്കല്‍ അതേപറ്റി ഓര്‍ത്ത് ആത്മരോക്ഷം പൂണ്ടിരിക്കുമ്പോള്‍ ഒരു പെണ്‍കുട്ടിയുടെ ചിത്രം മനസ്സിലേക്ക് കടന്നുവന്നു. തന്റെ നേര്‍ക്ക് നടന്ന അന്യായത്തിനോട് തന്റേതായ രീതിയില്‍ പ്രതികരിക്കുന്ന ഒരു പെണ്‍കുട്ടി.
അങ്ങനെയാണ് അഗ്നി ഉണ്ടായത്. എങ്കിലും ഞാന്‍ കരുതിയതിന്റെ പകുതി കരുത്തുപോലും ആ കഥയ്ക്ക് ലഭിച്ചില്ല എന്നാണ് എഴുതി കഴിഞ്ഞപ്പോള്‍ എനിക്ക് തോന്നിയത്. സമൂഹത്തില്‍ വേരുപടര്‍ത്തിയ പാട്രിയാര്‍ക്കിയുടെ അഹന്തയാണ് സ്ത്രീലൈംഗികതയ്ക്ക് നേരെയുള്ള അവന്റെ കടന്നുകയറ്റം. അവനെ പ്രതിരോധിച്ചല്ല മറിച്ച് കീഴ്പ്പെടുത്തിയാണ് കഥയിലെ നായിക തന്റെ സ്വത്വം വീണ്ടെടുക്കുന്നത്.
മാനഭംഗത്തിനിരയായ പ്രിയ അബോധത്തില്‍ നിന്നുണര്‍ന്നത് ഒരു ദുഃസ്വപ്നത്തില്‍ നിന്നെന്ന പോലെയാണ്. അഴുക്കുകള്‍ കളയരുത്, അഴുക്കുകള്‍ കളയുക വഴി നിങ്ങള്‍ തെളിവുകള്‍ നശിപ്പിക്കുന്നു. അപമാനിക്കപ്പെട്ട സ്ത്രീകള്‍ക്കുവേണ്ടിയുള്ള ദൂരദര്ശ്ശന്റെ പരസ്യമാണ് പ്രിയയുടെ ഓര്‍മ്മയില്‍ ഓടിയെത്തിയത്.
കഠിനമായ വേദനയും ദുഃഖവും അടക്കിയ പ്രിയ പിറ്റേന്നും പതിവുപോലെ ഓഫിസില്‍ പോയി. ഓഫിസ് പടിയില്‍ സഞ്ജീവും രവിയും അവളെ കാത്തുനിന്നിരുന്നു. രവിയുടെ ഭീഷണിയെ നിസ്സാരവല്‍ക്കരിച്ച പ്രിയ സഞ്ജീവിനെ പുച്ഛിച്ചു. നിങ്ങള്‍ ഒട്ടും പോരായിരുന്നു. ഒരു പെണ്ണിനെ പൂര്‍ണ്ണമായും തൃപ്തിപ്പെടുത്താന്‍ നിങ്ങള്‍ക്കാവുമെന്ന് തോന്നുന്നില്ല. രവിയോടായി പ്രിയ പറഞ്ഞു. എനിക്കിഷ്ടമായി നീ ഒരു അസല്‍ പുരുഷനാണ്. മലയാള വായനക്കാരന് ഇവിടെ ഞെട്ടിത്തരിക്കുന്നു. കാരണം അവര്‍ നിര്‍മ്മിച്ച ചില നിയമങ്ങള്‍ നിലനില്ക്കുന്നു. ഇതിനെ
സിതാര തകര്‍ക്കാന്‍ ശ്രമിക്കുന്നു.
കഥാപാത്രങ്ങളായ സഞ്ജിവിന് നേരെ പ്രിയ കഴിവുകേടുകളെ ആരോപിച്ചുകൊണ്ടാണെങ്കില് രവിയെ കാമിച്ചുകൊണ്ടായിരുന്നു. മനപൂര്‍വ്വമായി പ്രിയ അവരെ കാണാന്‍ ശ്രമിച്ചു. അവരുടെ മുഖത്തെ അപകര്ഷതാഭാവം കാണുമ്പോള്‍ പ്രിയ ഊറിചിരിക്കും. ഒരു ദിവസം രവി പ്രിയയുടെ അടുക്കല്‍ ചെന്നു. തന്നെ കാണുമ്പോഴുള്ള
മന്ദഹാസത്തിന് കാരണം അറിയേണ്ടിയിരുന്നു. നിന്നെ എനിക്കിഷ്ടമായിട്ട്....... തുടര്‍ന്ന് രവിയുടെ എല്ലാ പ്രതിരോധങ്ങളും തകര്ന്നുപോകുന്നതായാണ് നാം വായിക്കുന്നത്.
കുറച്ചുദിവസം മുമ്പത്തെ സന്ധ്യയെ ഓര്‍ത്ത പ്രിയയുടെ കണ്ണുകള്‍ ഈറനണിഞ്ഞു. വിതുമ്പലുകള്‍ക്കിടയില്‍ അവള് പറഞ്ഞു. നിന്റെയീ സ്നേഹമാണ് എന്റെ പ്രതികാരം. ആര്‍ദ്രതയോടെ രവി അവളുടെ മുഖത്ത് ആശ്വസിപ്പിക്കാനെന്നവണ്ണം സ്പര്‍ശ്ശിച്ചു. തന്റെ ശരീരത്തിന്റെ സ്പര്‍ശ്ശത്തില്‍ രവിയുടെ കൈകള്‍ തീപ്പൊള്ളലേറ്റവണ്ണം ഞെട്ടിത്തരിച്ചത്. പ്രിയ ശരീരം കൊണ്ടുതന്നെ അറിഞ്ഞു.
എഴുത്തുമാതൃകകള് നിര്‍മ്മിച്ചിരിക്കുന്നത് പുരുഷപ്രത്യയ ശാസ്ത്രത്തിന്റെ പിന്‍ബലത്തിലാണ്. അതിനെ അതിലംഘിച്ചുകൊണ്ടു മാത്രമേ എഴുത്തുകാരികള്‍ക്ക് തന്റെ സ്ത്രൈണാസ്തിത്വത്തെ സംരക്ഷിക്കാനും എഴുത്തില്‍ ഏര്‍പ്പെടാനും സാധിക്കുകയുള്ളു. പ്രിയ തന്റെ സ്നേഹപ്രകടനത്തിലൂടെയും പുച്ഛത്തിലൂടെയും പുരുഷത്വത്തെ വെല്ലുവിളിച്ചുകൊണ്ട് സ്ത്രൈണതയുടെ വിജയം പ്രഖ്യാപിക്കുന്നു. വളച്ചുകെട്ടോ കാല്പനികതയുടെ അതിഭാവുകത്വമോ ഇല്ലാതെ കഥപറഞ്ഞുപോകുന്ന സിതാര സമൂഹത്തിലെ ലൈംഗിക സദാചാരത്തെ കടന്നാക്രമിക്കുന്നു. ഈ കഥയില്‍ അക്രമാസക്തമായ ഒരു പ്രതിബോധമാണ് നിലനില്‍ക്കുന്നത്.
കേവല വായനാ അനുഭവത്തിനപ്പുറം നില്ക്കുന്ന പ്രതിബോധം സിതാരയുടെ പലകഥകളിലും കാണാം. സാമൂഹിക അവബോധത്തില്‍ നിന്നും ഉരുവം കൊള്ളുന്ന ഇത്തരം പ്രതിക്ഷേധങ്ങള്‍ അഗ്നിശുദ്ധി ആവശ്യപ്പെടുന്ന സമൂഹത്തിന് നേരെയുള്ള വെല്ലുവിളികളാണ്.
സ്ത്രീകളുടെ മാനം സംരക്ഷിക്കുന്നതിനു വേണ്ടി നിര്‍മ്മിച്ചിരിക്കുന്ന നിയമങ്ങള്‍ അശാസ്ത്രീയവും ലഘുവും ആണ്. അത്തരം നിയമങ്ങള്‍ കാലോചിതമായി പരിഷ്ക്കരിക്കണമെന്ന് സ്ത്രീവാദപ്രവര്‍ത്തകര്‍ ഇന്ന് നിരന്തരം ആവശ്യപ്പെടുന്നു. സ്ത്രീയെ മാനഭംഗപ്പെടുത്തിയാല്‍ ലഭിക്കുന്ന പരമാവധി ശിക്ഷ രണ്ടുകൊല്ലം തടവും രണ്ടായിരം രൂപ പിഴയും മാത്രമാണ്.
അഗ്നി എന്ന കഥയില്‍ നിന്ന് നോബഡീസ് സ്വീറ്റ് ഹാര്‍ട്ട് എന്ന കഥയിലേക്ക് വരുമ്പോള്‍ സിതാരയുടെ നായിക സാഹചര്യങ്ങളെ പ്രതിരോധിക്കാന്‍ തക്ക കരുത്തുള്ളവളായി
മാറിയിരിക്കുന്നു. കഥാനായിക രജ്ഞുവിനെ നാം ആദ്യം കാണുന്നത് വടക്കോട്ടുള്ള പരശുറാം എക്സ്പ്രസ്സിലെ യാത്രക്കാരിയായാണ്. രജ്ഞു ആദ്യം തന്നെ പരിചയപ്പെടുത്തുന്നത് ഒരു ജേര്‍ണലിസ്റ്റായിട്ടാണ്. പിന്നീട് താനൊരു കല്ല്യാണപെണ്ണാണെന്നും മറ്റേന്നാള് തന്റെ കല്ല്യാണനിശ്ചയമാണെന്നും അതിനുവേണ്ടി ജോലിസ്ഥലത്തു നിന്നും മടങ്ങുകയാണെന്നും പറയുന്നു.
ഇതിനിടയില്‍ തന്റെ പട്ടാളക്കാരന് കാമുകനുമായുള്ള പ്രണയ സങ്കല്പങ്ങളും വായനക്കാരന് അറിയുന്നു. കോഴിക്കോട് വച്ച് രജ്ഞുവിനെ അഭിമുഖീകരിച്ച മദ്ധ്യവയസ്ക്കനോട് താന്‍ പാര്‍ട്ടിക്കുവേണ്ടി രക്തസാക്ഷിയായ കീത്തേടത്ത് സതീശന്റെ സഹോദരിയായി വിശേഷിപ്പിക്കുന്നു.
ഇതിനിടയില്‍ രജ്ഞു ജോലി ചെയ്ത സ്ഥാപനത്തിലെ മേലധികാരികളുടെ രജ്ഞുവിനെക്കുറിച്ചുള്ള സംസാരം ഒരു ഫ്ളാഷ് ബാക്ക് പോലെ കടന്നുവരുന്നു. സ്വകാര്യസ്ഥാപനത്തില്‍ തുശ്ചമായ ശബളത്തില്‍ ജോലി ചെയ്യുന്ന രജ്ഞു ആരോടും പറയാതെയാണ് നാട്ടിലേക്ക് മടങ്ങുന്നത്. രജ്ഞുവിന് അച്ഛനും, അമ്മയും, സഹോദരങ്ങളുമില്ല വയസ്സായ ചെറിയമ്മയുടെ കൂടെയാണ് താമസം.
തലശ്ശേരിയില്‍ വണ്ടിയിറങ്ങിയ രജ്ഞു പ്രിയ അഭിമുഖീകരിച്ച അതേ സാഹചര്യത്തെ നേരിടേണ്ടതായിരുന്നു. ഇവിടെ രജ്ഞു സ്വയം ധൈര്യപ്പെടുത്തി ആത്മസംയമനം വീണ്ടെടുത്ത് സ്വയം പ്രതിരോധത്തിനു തയ്യാറാകുന്നു. നേരിയ മിന്നലില്‍ ഒരുവന്റെ കാവിമുണ്ടും ഗോപിക്കുറിയും തിരിച്ചറിഞ്ഞ രജ്ഞു വിളിച്ചുപറഞ്ഞു. ജയ് ഭാരത് മാതാ കീ ജയ് സംശയത്തോടെയാണെങ്കിലും അയാളും വിളിച്ചു പറഞ്ഞു. ഭാരത് മാതാ കീ ജയ്- ഭക്തി നിറഞ്ഞ ശബ്ദത്തോടെ രഞ്ജു വീണ്ടും പറഞ്ഞു. ജയ് ബജ്രംഗ് ബലി.... ജയ് ശ്രീറാം കീ..
അവര്‍ തമ്മില്‍ മുഖാമുഖം തിരിച്ചറിഞ്ഞു. രഞ്ജു അവരെ പേര് ചൊല്ലിവിളിച്ചു. അവരുടെ സംഘത്തില്‍ ചേരാം എന്ന സൂചന നല്കി. ഇനിയും ഏത് പ്രതികൂലത്തേയും നേരിടാമെന്ന ധൈര്യത്തില്‍ നടന്നുപോയി.
പ്രിയ ഒരു യാഥാര്‍ത്ഥ്യമായിരുന്നെങ്കില്‍ രജ്ഞു സത്യവും മിഥ്യയും കൂടികലര്‍ന്ന ഒരു കഥാപാത്രമാണ്. രജ്ഞു എന്ന വ്യക്തിയുടെ കൗശലം ഒട്ടൊരു ചാരിതാര്ത്ഥ്യത്തോടാണ് സിതാര അവിഷ്ക്കരിച്ചിരിക്കുന്നത്. പ്രതിരോധത്തെക്കാള്‍ നല്ലത് ആക്രമണമാണ് എന്ന തിരിച്ചറിവുള്ളപ്പോഴും അതിന്റെ സാധ്യതകള്‍ കേവലം കൗശലവും വിധേയത്വവും മാത്രമാണെന്ന തിരിച്ചറിവ് ഏതൊരു സ്ത്രീപക്ഷ വായനക്കാരെയും ചിന്തിപ്പിക്കും.
കഥകളിലെ മിത്ത് ആവിഷ്കാരം- ഫെമിനിസ്റ്റ് വീഷണത്തില്‍
ഒരു സാഹിത്യപാഠത്തിന് വിവിധങ്ങളായ അര്‍ത്ഥതലങ്ങള്‍ നല്കാന് എഴുത്തുകാര്‍ എപ്പോഴും ബാധ്യസ്ഥരാണ്. അതിന് ആവശ്യമായ സാഹിത്യകൗശലങ്ങള് എല്ലാ എഴുത്തുകാരും
പ്രകടിപ്പിക്കും. അതില്‍ വളരെ പ്രധാനപ്പെട്ടതാണ് മിത്തും പുരാവൃത്തങ്ങളും തങ്ങളുടെ കൃതികളില്‍ ഫലപ്രദമായി ഉപയോഗിക്കുക എന്നതാണ്. മിത്ത് ഒരു എഴുത്തുകാരിക്ക് ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുന്ന ഒരു മേഖലയാണ്. മിത്തുകളിലൊന്നുംതന്നെ സ്ത്രീയെ യഥാതഥമായി ചിത്രീകരിച്ചിട്ടില്ല. പരമ്പരാഗതമായ മിത്തുകളിലെല്ലാം സ്ത്രീ തെറ്റായ വിധത്തിലാണ് ചിത്രീകരിക്കപ്പെട്ടിട്ടുള്ളത്. മിത്തുകളിലെ സ്ത്രീ നന്മ നിറഞ്ഞവളെങ്കിലും നിഷ്ക്രിയയായ ദേവതയോ, ലൈംഗികമായ പകയുള്ള പിശാചിനിയോ ആണ്.
ദേവതകളുടെ പുരാവൃത്തങ്ങളില്‍ ഇവര്‍ കൊടിയ പീഡനങ്ങള്‍ക്കോ വഞ്ചനകള്ക്കോ ഇരയായവരാണ്. നമ്മുടെ പുരാണങ്ങളിലെ പല സ്ത്രീ കഥാപാത്രങ്ങളും പുരുഷന്റെ മഹത്വമുദ്ധരിക്കുന്നതിനുവേണ്ടിയുള്ളതാണ്. നന്മതിന്മകളുടെ സമന്വയമായ സാധാരണ സ്ത്രീ നമ്മുടെ പുരാണങ്ങളിലോ മിത്തുകളിലോ ഇല്ല.
പരമ്പരാഗതമായി അംഗീകരിക്കപ്പെട്ടതും സംസ്ക്കാരത്താല്‍ നിര്‍വ്വചിക്കപ്പെട്ടതുമായ ഒരു കഥയോ വ്യക്തിയേയോ മിത്ത് എന്നു വിളിക്കാം. ഒരു മിത്ത് ഉപയോഗിക്കുമ്പോള്‍ അതിന്റെ
പാഠാര്ത്ഥം സമൂഹത്തിന്റെ സംസ്ക്കാരവും ചരിത്രവും അംഗികരിച്ചിട്ടുള്ള അര്‍ത്ഥങ്ങളുമായി ചേര്‍ന്നുപോകുമ്പോള്‍ ആ മിത്തിന്റെ പ്രയോഗത്തില്‍ ഒരു പുതുമയില്ല. മിത്തിനെ പുനരാഖ്യാനം ചെയ്തു കൊണ്ടും മിത്തിലെ കഥാപാത്രങ്ങളും സ്ഥലനാമങ്ങളും അങ്ങനെ മറ്റെന്തെങ്കിലും സൂചകങ്ങളോ ബിംബങ്ങളോ ആയി ഉപയോഗിച്ചാണ് മിത്തിനെ പുനഃപരിശോധിക്കുന്നത്.
ദൈവനാമത്തില്‍, ചതുപ്പ് ഈ കഥകളിലൂടെ മിത്ത് ആവിഷ്ക്കരണം സിതാര എങ്ങനെ നടത്തുന്നു എന്ന് പരിശോദിക്കാം.മിത്തിനെ നമുക്ക് പ്രാദേശികമിത്തുകള് ദേശീയ മിത്തുകള്‍ എന്ന് വിഭജിക്കാം. ദേശീയ മിത്തുകള്‍ക്ക് എക്കാലത്തും ഒരു അധീശത്വ സ്വഭാവമുണ്ട്. പ്രാദേശിക മിത്തുകളെ അടിച്ചമര്‍ത്തിയാണ് അവ ആധിപത്യം സ്ഥാപിക്കുന്നത്. മതങ്ങളെക്കുറിച്ചുള്ള പഠനങ്ങള്‍ വെളിവാക്കുന്നത് മതങ്ങള്‍ മിത്തുകളുടെ കൂട്ടായ്മയാണ്. കൃത്യമായി പറഞ്ഞാല്‍ ഒരു ദേശീയ മിത്ത്.
ദൈവനാമത്തില്‍ എന്ന കഥയില്‍ ഷേര്‍ളി എന്ന ക്രിസ്ത്യന്‍ യുവതിയുടെ പ്രണയം, വിവാഹം, മതംമാറ്റം പിന്നീട് സ്വന്തം വ്യക്തിത്വം വീണ്ടെടുക്കുന്നതുമാണ് ഇതിവൃത്തം. ക്രിസ്ത്യന്‍ കുടുംബത്തില്‍ പിറന്ന ഷേര്‍ളി അപ്പന്റെയും അമ്മയുടേയും പ്രിയപ്പെട്ട മകളായാണ് വളര്‍ന്നത്. ഹരി എന്ന ഹിന്ദുയുവാവുമായി പ്രണയത്തിലായ ഷേര്‍ളി ഹരിയുടേയും അമ്മയുടേയും നിര്‍ബന്ധത്തിന് വഴങ്ങി മറ്റൊരു മതവിശ്വസം സ്വീകരിക്കാനും അതിന് അനുസൃതമായ ജീവിതം നയിക്കാനും നിര്‍ബന്ധിതമാകുന്നു. ഹരി ഷേര്‍ളിയുടെ പേര് സീത എന്നു മാറ്റുന്നു.
ഹരി ഷേര്‍ളിയുടെ മതം സ്വീകരിക്കാനോ പേര് മാറ്റാനോ തയ്യാറാകുന്നില്ല. ഷേര്‍ളിയെ ആരെങ്കിലും സീതേ എന്നു വിളിക്കുമ്പോള്‍ ഷേര്‍ളിക്ക് അപകര്‍ഷതാബോധമാണ് അനുഭവപ്പെടുന്നത്.
മതചിഹ്നങ്ങള്‍ പേറുന്ന പേരുകള്‍ക്ക് എതിരെയുള്ള ഫെമിനിസ്റ്റ് കലാപത്തിന് കോപ്പുകൂട്ടുകയാണ് സിതാര.
ഹരിയുടെ അമ്മ ഷേര്‍ളിയെ മതചിട്ടകള്‍ പഠിപ്പിക്കാന്‍ ശ്രമിച്ചു. സാരി ഉടുക്കാന്‍ നിര്‍ബന്ധിക്കുകയും പൂജാവിധികള്‍ പഠിപ്പിക്കുകയും ചെയ്യുന്നു. ആസ്മയുടെ അസുഖമുള്ള ഷേര്‍ളിക്ക് സിന്ദൂരം അലര്‍ജിയാണ് എന്നിട്ടുപോലും വിവാഹം കഴിഞ്ഞ ഹൈന്ദവസ്ത്രീകളുടെ മുഖമുദ്രയായ സിന്ദൂരം അണിഞ്ഞുനടക്കാന്‍ പ്രോത്സാഹിപ്പിക്കുന്നു. ഭാരതസ്ത്രീക്ക് പ്രത്യേകിച്ചു ഹിന്ദുസ്ത്രീക്ക് നെറ്റിയിലെ സിന്ദൂരം ഒരേസമയം ശക്തിയുടേയും അപമാനത്തിന്റെയും സൂചന കൂടിയാണ്. സ്ത്രീകള്‍ക്ക് പലവിധ മുദ്രകള്‍ നല്കി സംരക്ഷിക്കാനും വിധേയപ്പെടുത്താനുമുള്ള ശ്രമങ്ങള്‍ എന്നും ഫെമിനിസ്റ്റ് ചിന്തക്ക് വിഷയമാണ്. ഒരു പെണ്‍കുട്ടി പിറക്കുന്ന നിമിഷംമുതല്‍ തന്നെ പ്രായത്തിനും സ്ഥാനത്തിനും മതത്തിനും അനുസരിച്ച് ചിഹ്നങ്ങള്‍ അണിയിക്കുന്നു.
വ്യത്യസ്തങ്ങളായ ആചാരങ്ങളും അനുഷ്ഠാനങ്ങളും പിന്തുടരാന് പ്രേരിപ്പിക്കുന്നു. ആര്ത്തവംപോലും വലിയൊരു ആചാരമായിട്ടാണ് മതങ്ങള്‍ പഠിപ്പിക്കുന്നത്. ആര്‍ത്തവസമയത്ത് ക്ഷേത്രങ്ങളില്‍ സ്ത്രീകള്‍ക്ക് പ്രവേശനമില്ല.
മണ്ണുഗവേഷണ കേന്ദ്രത്തിലെ സഹപ്രവര്‍ത്തകനായ മുഹമ്മദിനോട് മനസ്സ് തുറക്കുന്നിടത്താണ് കഥയുടെ ചുരുളഴിയുന്നത്. സ്വന്തം ഭര്‍ത്താവും ഭര്തൃവീടും ഷേര്‍ളിക്ക്
പീഡനോപാധിയാണ്. ശ്വാസം മുട്ടലിന്റെ തീവ്രത വര്‍ദ്ധിക്കുമ്പോള്‍ ഗൃഹാതുര സ്മരണകള്‍ ഷേര്‍ളിക്ക് ഉണ്ടാകുന്നു. അപ്പച്ചനേയും അമ്മച്ചിയെ കാണണം, മഠത്തില്‍ പോയി ലിസ്സിചേച്ചിയെ കാണണം. കന്യാമറിയത്തിന്റെ രൂപത്തിനു മുമ്പില്‍ പ്രാര്‍ത്ഥിക്കണം അങ്ങനെ പലതും.
ഷേര്‍ളി തന്റെ സ്വത്വബോധം വീണ്ടെടുക്കുന്നിടത്താണ് കഥയുടെ വഴിത്തിരിവ്. മുഹമ്മദ് സീതേന്ന് വിളിച്ചപ്പോള്‍ അവള് തിരുത്തുന്നു. സീതയല്ല ഷേര്‍ളി. വീട്ടില്‍ പോയെന്നും മതം തിരിച്ചുമാറിയെന്നും ഹരിയോട് പറയാന്‍ ഷേര്‍ളി മുഹമ്മദിനെ ഏര്‍പ്പാടാക്കുന്നു. സീത എന്ന മിത്ത് ഷേര്‍ളിയുടെ പ്രതിരോധത്തിന്റെ മൂര്‍ദ്ധന്യത്തില്‍ പ്രത്യക്ഷപ്പെടുന്നു.
പൊന്തക്കാടുകള്‍ക്കിടയില്‍ ഭൂമി പിളര്‍ന്നതു പോലത്തെ വിള്ളല്‍. ന്യായമായും സീതക്ക് - ഷേര്‍ളിക്ക് ആ ചിതയില്‍ ചാടി സാവിത്രിയാകാം എന്നാല്‍ ഇന്നിന്റെ പെണ്‍കുട്ടി ഭൂഗര്‍ഭത്തിലേക്ക് കാര്‍ക്കിച്ചുതുപ്പി. നമ്മുടെ മിത്ത് ഇവിടെ പൊളിച്ചെഴുതുന്നു. ത്യാഗം, കരുണ, അനുസരണ, ഗുരുഭക്തി, ഭര്‍തൃഭക്തി ഇവയുടെ ഒക്കെ പ്രതിരൂപമായിട്ടാണല്ലോ സീതയെ നാം വാഴ്ത്തുന്നത്.
നമ്മുടെ സ്ത്രീകളെ സീതയെപ്പോലെ ആയിതീരാനും പ്രേരിപ്പിക്കുന്നു.
ചതുപ്പ് എന്ന കഥ ഒരു പുരുഷന്റെ കഥയാണ്. എങ്കിലും ആ കഥ സ്ത്രൈണാനുഭവങ്ങളുമായി ചേര്‍ത്തുവായിക്കാം. സ്ത്രീകള്‍ക്കു മാത്രമല്ല സ്ത്രൈണാനുഭവങ്ങള്‍. അടിച്ചമര്‍ത്തപ്പെട്ട ലൈംഗികതയുടെ കഥയാണിത്. അതിനു കാരണമോ സ്ഥാപനവല്‍ക്കരിക്കപ്പെട്ട പ്രസ്ഥാനങ്ങള്‍. ഫാദര്‍ റെജി ആന്റണി കാട്ടുവള്ളിയില്‍ കത്തോലിക്കാ പുരോഹിതനാണ്.
സമൂഹവും മതങ്ങളും ഷണ്ഡന്മാരാക്കിയവരിലെ ഒരു ഇര. അച്ചന് മതകര്‍മ്മങ്ങള്‍ നിര്‍വ്വഹിക്കുന്നുണ്ടെങ്കിലും മനസ്സുകൊണ്ട് മറ്റൊരു ലോകത്താണ് ജീവിക്കുന്നത്. അവിടെ അച്ചന് കൂട്ട് അടിച്ചമര്‍ത്തപ്പെട്ട വികാരങ്ങളും സാക്ഷാത്ക്കരിക്കാത്ത മോഹങ്ങളും. കുടുംബങ്ങളില്‍ അസംതൃപ്തമായ ലൈംഗിക ജീവിതം നയിക്കുന്നവര്‍, സന്യാസികള്‍, വിധവകള്‍ തുടങ്ങി സാഹചര്യങ്ങളുടെ ഫലമായി അസംതൃപ്തജീവിതം നയിക്കുന്നവരുടെ അന്തര്സംഘര്ഷങ്ങളിലേക്കുള്ള എത്തിനോട്ടം കൂടിയാണ് ഈ കഥ.
ബൈബിളിലെ മര്‍മ്മപ്രധാനമായൊരു മിത്ത് പാമ്പിനെ കേന്ദ്രീകരിച്ചാണ് അവതരിപ്പിച്ചിരിക്കുന്നത്. ആദിയില്‍ ഏദന്തോട്ടത്തില് ദൈവം മനുഷ്യരെ സൃഷ്ടിച്ചു. ദൈവം വിലക്കപ്പെട്ട കനി ഏദന്‍തോട്ടത്തിനു നടുവില്‍ സൂക്ഷിച്ചു. അത് ആദത്തിന്റെയും ഹവ്വയുടേയും ലൈംഗിക കാമനകളുടെ പ്രതീകമായിരുന്നു. പാമ്പിന്റെ പ്രേരണയാല്‍ മനുഷ്യര്‍ വിലക്കപ്പെട്ട കനി ഭക്ഷിച്ചപ്പോഴാണ് തങ്ങള്‍ നഗ്നരാണെന്ന തിരിച്ചറിവ് ഉണ്ടായത്. അതുകൊണ്ടാവാം പാമ്പിനെ പാപത്തിന്റെയും രതിയുടേയും പ്രതീകമായി ചിത്രീകരിക്കുന്നത്. രതി പാപമാണെന്ന ക്രിസ്ത്യന്‍ മതബോധത്തെ അരക്കിട്ടുറപ്പിക്കുന്നു.
റെജി അച്ചന് ഇഷ്ടത്തോടുകൂടി സെമിനാരിയില്‍ ചേര്‍ന്നതല്ല. സൂസന്നയുടെ വിവാഹം കഴിഞ്ഞതിലുള്ള മനോവിഷമത്തില്‍ ചേര്‍ന്നതാണ്. എങ്കിലും മനസ്സ് നിറയെ
സൂസന്നയെക്കുറിച്ചുള്ള വിചാരങ്ങളാണ്. പാത്രം കഴുകാന്‍ വരുന്ന ലീലാമ്മയെ കാണുമ്പോള്‍, സിസ്റ്റര്‍ സെലീനയെ കാണുമ്പോള്‍ അച്ചന് പലവിധ ചിന്തകളും വിഷയാസക്തിയും തോന്നും.
ളോഹയുടെ ബന്ധനങ്ങള്‍ അവയെ അടക്കി നിര്‍ത്താന്‍ പ്രേരിപ്പിക്കും. അസ്വസ്ഥതകള്‍ ഭാരമായ ഒരു ദിവസം രാത്രിയില്‍ അച്ചന് കുരിശുപള്ളിയില്‍ ആശ്വാസത്തിനായി പോയി. മരംകൊണ്ടു നിര്‍മ്മിച്ച ചോരവാര്‍ന്നൊഴുകുന്ന ക്രൂശിതരൂപത്തിനു മുന്പില് അച്ചന് തന്റെ നിസ്സഹായതകളെ ഏറ്റപറഞ്ഞു. ഓരോ രോമകൂപത്തിലും എരിയുന്ന തീയോടെ അച്ചന് ക്രൂശിതരൂപത്തെ പിടിച്ചു കുലുക്കി. അച്ചന്റെ മുന്പില് കുരിശ് മറിഞ്ഞുവീണു. ക്ഷമാപണത്തോടുകൂടി അച്ചന് തന്റെ ളോഹ അഴിച്ചുമാറ്റി ഒരു പെണ്ണിന്റെ ശരീരത്തിലേക്കെന്നപോലെ ക്രൂശിത രൂപത്തിന്റെ മുകളിലേക്ക് വീണു. മിനുത്തുകൊഴുത്ത ഒരു പാമ്പായി താന്‍ നിലത്തിഴയുകയാണെന്ന് അച്ചന് തോന്നി. ചുറ്റും വിധേയത്വത്തിന്റെ ഇളം ചൂടില്‍ പുളയുന്ന അനേകം
പെണ്പാമ്പുകള്, ചിലതിന് ലീലാമ്മയുടെ ഉരുണ്ട ദേഹവടിവ് ചിലതിന് സൂസന്നയുടെ കൊല്ലുന്ന മണം, ചിലത് സെലീനയെപ്പോലെ ഒതുങ്ങിയത്.
മതങ്ങള്‍ മിത്തുകളുടെ സംഘാതമാണ്. ഈ മിത്തുകള്‍ നന്മതിന്മകളെ നിര്‍വ്വചിക്കുന്നു. മിത്തുകളെ അപനിര്‍മ്മിച്ചുകൊണ്ടാണ് ഇത്തരം നിര്‍വചനങ്ങളെ സ്ത്രീവാദപരമായ കാഴ്ചപ്പാടില്‍ സിതാര വിലയിരുത്തുന്നത്.
കുടുംബം എന്ന സ്ഥാപനം- സിതാരയുടെ കഥകളില്‍
കുടുംബം പുരുഷാധിപത്യ വ്യവസ്ഥയുടെ ശക്തമായ ഉദാഹരണങ്ങളിലൊന്നാണ്. കുടുംബം എന്ന സ്ഥാപനവല്‍ക്കരിക്കപ്പെട്ട അധികാര ശ്രേണിയുടെ ഉത്ഭവം, ചരിത്രം, വികാസം ഇവയൊക്കെ ആദ്യ അധ്യായത്തില്‍ സൂചിപ്പിച്ചിട്ടുണ്ട്. അപരിചിചിത, സ്പര്‍ശം എന്നീ കഥകള്‍ വിലയിരുത്തി കുടുംബം സിതാരയുടെ കഥകളില്‍ എങ്ങനെ ആവിഷ്ക്കരിക്കപ്പെടുന്നു എന്നു
പരിശോധിക്കാം.
മുസ്ലീം സംസ്കാരത്തിന്റെ പശ്ചാത്തലത്തില്‍ എഴുതപ്പെട്ട ചെറുകഥയാണ് അപരിചിത. കഥയ്ക്ക് രണ്ട് മാനങ്ങളുണ്ട് ഒന്ന് പ്രകടമായ ഫെമിനിസ്റ്റ് വീഷണം മറ്റൊന്ന് ഇസ്ലാംമതത്തിലെ സ്ത്രീ അനുഭവങ്ങളുടെ സത്യസന്ധമായ ആവിഷ്ക്കാരം. മതങ്ങള്‍ പൊതുവേ പെണ്ണിനെ അകത്തളങ്ങളില്‍ ഒതുക്കി നിര്‍ത്താനാണ് ആഗ്രഹിക്കുന്നത്. ഇസ്ലാം മതത്തില്‍ സ്ത്രീകളുടെ അവസ്ഥ വളരെ ദയനീയമാണ്. പള്ളിയില്‍ പ്രവേശിക്കുന്നതിന് അവര്‍ക്ക് അവകാശമില്ല. പര്‍ദ്ദ ധരിച്ചു നടക്കണം, ശൈശവ വിവാഹം, ബഹുഭാര്യാത്വം തുടങ്ങി അനേകം
പ്രാകൃതനിയമങ്ങളും അന്ധവിശ്വാസങ്ങളും. ഇതിനെതിരെ സിതാര പ്രതികരിക്കുന്നു. സ്ത്രീ മനസ്സ് എങ്ങനെ ഇത്തരം അവസ്ഥകളുമായി താദാത്മ്യം പ്രാപിക്കുന്നു എന്നും ഇവിടെ കഥാകാരി ചിന്തിക്കുന്നു.
ഫാത്തിമ ബിന്‍ സാദി ധനികനായ അലിയുടെ മൂന്നു ഭാര്യമാരില്‍ ആദ്യത്തേതാണ്. അലി അടുത്തടുത്തായി ഭാര്യമാര്‍ക്ക് വേണ്ടി മൂന്ന് വലിയ കൊട്ടാരങ്ങള്‍ പണിതു. ഈ ഭവനങ്ങള്‍ തമ്മില്‍ യാതൊരു സമ്പര്ക്കങ്ങളുമില്ല. അലിയുടെ പുതിയ വിവാഹത്തെപ്പറ്റി വേലക്കാരി സാദയ്യയില്നിന്ന് അറിഞ്ഞപ്പോഴും ഫാത്തിമയ്ക്ക് പ്രത്യേകിച്ചൊരു ഭാവഭേദങ്ങളും ഉണ്ടായില്ല. മനസ്സിനെ
അതിനനുസരിച്ച് പാകപ്പെടുത്തിയിരുന്നു. പരുക്കന്‍ ഭാഷയിലാണ് സിതാര ഫാത്തിമയുടെ മാനസിക ഭാവങ്ങള്‍ ആവിഷ്ക്കരിച്ചിരിക്കുന്നത്.
രാത്രി അലി വന്നു. ഫാത്തിമ ഒന്നുമറിയാത്തവളെപ്പോലെ അലിയെ സ്വീകരിച്ചു. അലി എന്ന വ്യക്തി മാത്രമെ നിരക്ഷരയായ ഫാത്തിമയുടെ മനസ്സിലുള്ളൂ. രാത്രിയുടെ മൂര്‍ദ്ധന്യത്തില്‍ ഫാത്തിമ എഴുന്നേറ്റ് ചുമരില്‍ ഘടിപ്പിച്ച ഭീമന് കണ്ണാടിക്കുമുമ്പില്‍ പോയി നിന്നു. ഏതോ ഒരു സ്ത്രീ. അവള് കട്ടിലില്‍ അലി കാണാതെ ഒളിപ്പിച്ചുവെച്ചിരുന്ന കണ്ണാടി എടുത്തുനോക്കി. അതില്‍ പ്രതീക്ഷിച്ചതുപോലെ
പ്രതിബിംബങ്ങളൊന്നും കാണാനില്ല. ഫാത്തിമ അലിയെ കെട്ടിപ്പിടിച്ചുറങ്ങി. മറ്റൊന്നും അവളെ ശല്യപ്പെടുത്തിയില്ല. ഫാത്തിമയ്ക്ക് തന്നെ തിരിച്ചറിയാന്‍ കഴിയുന്നില്ല.
വ്യവസ്ഥിതിയിലെ ഒരു കണ്ണി മാത്രം. സ്ത്രീകളുടെ അവസ്ഥ സത്യസന്ധമായി അവതരിപ്പിച്ച് സമൂഹത്തിന്റെ പൊതുവായ മനസ്സിന് പരിവര്‍ത്തനം വരുത്തുക ഫെമിനിസ്റ്റ് എഴുത്തിന്റെ മറ്റൊരു രീതിയാണ്. സ്പര്‍ശം എന്ന കഥ കുടുംബ ബന്ധത്തിന്റെ മറ്റൊരു തലം കാട്ടിത്തരുന്നു. ലെസ്ബിയന്‍ പ്രതിശ്ചായ ആരോപിക്കപ്പെടുന്ന ഈ കഥയിലെ നായിക നന്ദന്റെ ഭാര്യ മാദ്രിയാണ്. മാദ്രിക്ക് ഒരു ചെറിയ മകളുണ്ട്. വിവാഹ മോചനം പ്രതീക്ഷിച്ചു നില്ക്കുന്ന മറിയ ആണ് മാദ്രിയുടെ കൂട്ടുകാരി. മാദ്രിയും മറിയവും തമ്മിലുള്ള അതിരുവിട്ട സൗഹൃദം നന്ദന് അലോസരമുണ്ടാക്കുന്ന കാര്യമാണ്.
മറിയയുടെ വീട്ടില്‍ നിന്നും താമസിച്ചെത്തിയ മാദ്രിയെ നന്ദന് അതൃപ്തി നിറഞ്ഞ മുഖത്തോടെയാണ് സ്വീകരിച്ചത്. പിന്നീട് മാതൃകാഭര്ത്താവാകാന് ശ്രമിക്കുന്ന നന്ദന്റെ സ്നേഹപ്രകടനങ്ങളെ മാദ്രി തിരസ്ക്കരിച്ചു. പൊട്ടിത്തെറിച്ച് നന്ദനേയും തന്റെ കുഞ്ഞിനേയും ഉപേക്ഷിച്ച് മാദ്രി മറിയയുടെ താമസസ്ഥലത്തേക്ക് പോയി.
വിരുദ്ധ ലിംഗങ്ങളുടെ സംഘര്‍ഷങ്ങളില്‍ നിന്നു രക്ഷപ്പെടാനാഗ്രഹിക്കുന്നു മാദ്രിയും മറിയവും. ഭര്‍ത്താവില്‍ നിന്നു ലഭിക്കുന്നതിനപ്പുറം എന്തോ ഒരു ആത്മസംതൃപ്തി ഇരുവര്‍ക്കും അനുഭവിക്കാന്‍ സാധിക്കുന്നു. കുടുംബ ബന്ധങ്ങളുടെ സങ്കീര്‍ണ്ണതകളെ മറികടക്കാനാഗ്രഹിക്കുന്ന കഥാപാത്രങ്ങള്‍.
ലോകത്താകമാനമുള്ള തീവ്ര ഫെമിനിസ്റ്റുകള്‍ ലെസ്ബിയന്‍
പ്രണയത്തിനു വേണ്ടി പരസ്യമായി വാദിക്കുന്നു.നന്ദന് മാദ്രിയെ അന്വേഷിച്ചു മറിയയുടെ വീട്ടില്‍ വന്നു. ആദര്‍ശ ഭര്‍ത്താവിന് പല പരാതികളായിരുന്നു. മാദ്രി ആകെ മാറി, അവള്‍ക്കെന്നോട് ദേഷ്യംവരുന്നു. മകളെ നോക്കുന്നില്ല....
ഇതിനെല്ലാം കാരണക്കാരി മറിയ ആണ്. നന്ദന്റെ ദയനീയ ഭാവത്തെ മറിയ പരിഹസിച്ചു. നന്ദന് മടങ്ങുകയേ നിര്‍വ്വാഹമുണ്ടായിരുന്നുള്ളു. കഥകളില്‍ അസാധാരണവും
നിത്യജീവിതത്തിലെ യാഥാര്‍ത്ഥ്യവുമായ ലെസ്ബിയന്‍ പ്രണയത്തെക്കുറിച്ചെഴുതി ചങ്കുറപ്പ് തെളിച്ചു സിതാര.
തീവ്രഫെമിനിസ്റ്റ് ചിന്തയാണ് കുടുംബം എന്ന സ്ഥാപനത്തെ തകര്‍ക്കുക. വൈകാരികമായ ചല ബന്ധങ്ങള്‍ കുടുംബങ്ങളില്‍ നിലനില്ക്കുന്നു. സ്നേഹിക്കുവാനും പരസ്പരം മനസ്സിലാക്കുവാനും സാധിക്കുമെങ്കില്‍ പെണ്ണും പെണ്ണും ഒരുമിച്ച് ജീവിക്കുന്നതിനെ തീവ്രഫെമിനിസ്റ്റുകള് അനുകൂലിക്കുന്നു.
പ്രണയത്തിന്റെ പുതിയ ഭാഷ്യങ്ങള്‍
സിതാരയുടെ കഥകള്‍ പൊതുവേ പരുക്കന്‍ കഥകളാണ്. ഫെമിനിസ്റ്റ് സൗന്ദര്യശാസ്ത്രം അത് ആവശ്യപ്പെടുന്നു. ഫെമിനിസ്റ്റ് പ്രമേയങ്ങള്‍ രേഖപ്പെടുത്താന്‍ പരുക്കന്‍ ഭാഷയും വ്യാഖ്യാനവും അനുപേക്ഷണീയമാണ്. സിതാരയുടെ പല കഥകളിലും പ്രണയമുണ്ട്. പ്രണയം മുഖ്യപ്രമേയമായി വരുന്ന കഥകളും സിതാര എഴുതിയിട്ടുണ്ട്. പ്രണയകഥകളില്‍ നിന്നും നാം പ്രതീക്ഷിക്കുന്ന കാല്പനിക ഭാവമോ, ആര്‍ദ്രവികാരങ്ങളുടെ താളലയവിന്യാസങ്ങളോ ഒന്നും സിതാരയുടെ കഥകളില്‍ ഇല്ല.
തീഷ്ണമായ രചന വായനക്കാരന്റെ ഹൃദയത്തെ മുറിവേല്‍പ്പിക്കുകയും ചിലപ്പോള്‍ പ്രണയത്തോടുതന്നെ വിരക്തി ഉളവാക്കുകയും ചെയ്യും.
നമ്മുടെ പ്രണയ കഥകളില്‍ ഭൂരിപക്ഷത്തിലും സ്ത്രീകള്‍ ഇരകളാണ്. സ്ത്രീയെ ചപലവികാരങ്ങള്ക്കുടമയായി ചിത്രീകരിക്കുന്നു. സ്ത്രീയുടെ ആകാരസൗഷ്ഠവങ്ങള് വര്‍ണ്ണിക്കുക അതിപ്രധാനമാണ്. ഫെമിനിസ്റ്റ് സൗന്ദര്യധാര ഇതിനെ പ്രതിരോധിക്കുന്നു. അതിന് പ്രണയത്തെക്കുറിച്ചുള്ള സങ്കല്പങ്ങള് തകര്‍ക്കുക മാത്രമേ പ്രതിവിധിയുള്ളു. പ്രണയവും കാമവും കൂടികലരുന്ന അനേകം കഥകള്‍ സിതാര എഴുതിയിട്ടുണ്ടെങ്കിലും മുഖ്യമായും പ്രണയവൈറസ്, ജലം എന്നീ കഥകളാണ് ഇവിടെ പരിഗണിക്കുന്നത്.
പ്രണയവൈറസ് എന്ന കഥ ഒരു പുരുഷവേശ്യയുടെ കഥയാണ്. ഇതിലൂടെ അഗ്നിയിലേതുപോലെ പ്രേമേയപരമായ അതിലംഘനം സിതാര നടത്തുന്നു. ഒരു ശരീരവില്പനക്കാരനു വേണ്ട പ്രധാന ഗുണം തന്റെ കസ്റ്റമറുടെ ഭ്രാന്തമായ ആഗ്രഹങ്ങള്‍ക്ക് വഴങ്ങിക്കൊടുക്കുക എന്നതാണ്. തൊഴില്‍ പരമായ ഈ ധര്‍മ്മം അനുഷ്ഠിക്കുന്ന പുരുഷവേശ്യയാണ് ഹരി.
ഇസബല്‍ എന്ന അമേരിക്കക്കാരിയും തത്യാന എന്ന റഷ്യക്കാരിയും ഹരിയുടെ കസ്റ്റമേഴ്സാണ്. ഹോട്ടലിലെ അടുക്കളജോലിക്കാരനായ അപ്പാപ്പനാണ് ഹരിക്ക് ഇടപാടുകാരെ സംഘടിപ്പിച്ചുകൊടുക്കുന്നത്. അപ്പാപ്പന്റെ വീടിന്റെ തൊട്ടടുത്തുള്ള മുറിയിലാണ് ഹരി രണ്ടുവര്‍ഷമായി താമസം. അപ്പാപ്പന്റെ മകളാണ് മീന. ഹരിയുടെ വരവ് പ്രതീക്ഷിച്ചവള് കാത്തിരിക്കും. മീനയുടെ വിചാരം ഹരിക്ക് മീനയോട് പ്രണയമാണെന്നാണ്. ആവുന്ന കാലത്തേ നാല്
കാശുണ്ടാക്കാന്‍ പറ്റൂ. നിന്റെ പ്രായം കഴിയാറായി ഇപ്പോ എല്ലാവര്ക്കും കൊച്ചുപയ്യന്മാരെയാ നോട്ടം.
ഹരിയോടുള്ള അപ്പാപ്പന്റെ ക്രൂരമായ ഓര്‍മ്മപ്പെടുത്തല്‍ ശരീര വില്പനയുടെ നഗ്നസത്യമാണ്. ശരീരപുഷ്ടി നഷ്ടപ്പെട്ട വേശ്യകളുടെ ജീവിതാവസാനം പുഴുവിനെപോലെ നരകിച്ചു ഓടയിലോ, കടത്തിണ്ണയിലോ, സര്‍ക്കാരിന്റെ അഗതിമന്ദിരങ്ങളിലോ ഒടുങ്ങും.
ഇസബല്‍ പോയി, പിന്നാലെ തത്യാനയും. മാസങ്ങള്‍ക്കുശേഷം ഹരി തത്യാനയെ വീണ്ടും കണ്ടു. വൈകുന്നേരം ഹരി അപ്പാപ്പന്റെ നിര്‍ബന്ധപ്രകാരം രക്തപരിശോദന നടത്തി. ഫലം HIV +ve. മടങ്ങിവന്ന ഹരിയെ കാത്ത് തന്നെ നിഷ്കളങ്കമായി പ്രേമിക്കുന്ന മീന. ഒരനുഷ്ടാനകൃത്യം ചെയ്യും പോലെ ഹരി മീനയെ ആലിംഗനം ചെയ്തു. എനിക്ക് ഉടനെ ഒരു കുഞ്ഞിനെ വേണം എന്റെ ഉള്ളില്‍ തുടിക്കുന്ന പ്രണയം നിനക്കും എന്റെ കുട്ടിക്കും അതിന്റെ മക്കള്‍ക്കും കൊടുക്കാനുള്ളതാണ്.
അധിനിവേശ പ്രത്യയശാസ്ത്രപാഠങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഈ കഥയില്‍ എയ്ഡ്സ് രോഗം അതിന്റെ സിംബലാകുമ്പോള് ഹരിയും മീനയുമൊക്കെ ഇരകളാകുന്നു. മൂന്നാംലോക കോളനിരാജ്യങ്ങളിലെ ഫെമിനിസ്റ്റ് ചിന്തകളുമായി ചേര്‍ത്തുവേണം ഇതിനെ വായിക്കുവാന്‍.
ജലം എന്ന കഥയും ഈ കഥയോടൊപ്പം കൂട്ടിവായിച്ചാല്‍ അധിനിവേശചിന്തകള്ക്കെതിരെയുള്ള ഫെമിനിസ്റ്റ് പോരാട്ടത്തിന്റെ പൊരുള്‍ നന്നായി തിരിച്ചറിയാം.
സീറിയില് ഭൂഗര്‍ഭ റെയില്‍പ്പാളം പണിയാന്‍ വന്ന എന്‍ജിനീയറാണ് യാക്കൂബ്. മസാനി സീറിയില് യാക്കുബിന്റെ അയല്‍ക്കാരിയാണ്. അവളെക്കാണുമ്പോള്‍ അവളുടെ കറുത്തതൊലിയും ചിതറിയ സ്പ്രിങ്ങ് തലമുടിയും ശരീരത്തിന്റെ കനപ്പുമണങ്ങളും ഉണര്‍ത്തിവിട്ട പൗരാണികമായ ഒരു മനം പുരട്ടലാണ് വെളുത്ത വര്‍ഗ്ഗക്കാരനായ യാക്കൂബിന് അനുഭവപ്പെടുന്നത്. ഭാര്യ
മരിച്ച യാക്കൂബ് മസാനിക്ക് തന്നോട് തോന്നിയ അഭിനിവേശത്തെ നിരസിക്കുകയാണുണ്ടായത്.
ആറ് വര്‍ഷങ്ങള്‍ക്കുശേഷം പന്ത്രണ്ട് വയസ്സുകാരനായ മകനുമൊത്ത് യാക്കൂബ് സീറിയിലെത്തി. യാക്കൂബിന്റെ മകനോട് മസാനി കാട്ടുന്ന അടുപ്പം യാക്കൂബിനെ അസ്വസ്ഥനാക്കി. എന്നിട്ടും മസാനിയോട് അടുപ്പം കാട്ടാത്ത യാക്കൂബിനോട് മസാനി പൊട്ടിത്തെറിച്ചു. യാക്കൂബിന് മസാനിയെ കീഴ്പ്പെടുത്താതിരിക്കാന് തരമില്ലായിരുന്നു. പക്ഷേ അത് എന്നേക്കുമുള്ള മസാനിയുടെ കീഴടങ്ങലായി മാറി.
സിതാര തന്റെ കഥകളിലെ ഫെമിനിസത്തിന്റെ തലംവിട്ട് വുമണിസത്തിന്റെ തലത്തിലേക്കുയരുന്നു. മൂന്നാം ലോകരാജ്യങ്ങളിലെ സ്ത്രൈണതയുടെ സ്വത്വപ്രതിസന്ധിയാണിവിടെ തെളിയുന്നത്. കോളനീകരിക്കപ്പെട്ടവന് അവന്റെ യജമാനനോട്- ആരോഗ്യം, ബുദ്ധിശക്തി, സൗന്ദര്യം, സംസ്കാരം, നിറം തുടങ്ങി എല്ലാറ്റിനോടും തോന്നുന്ന ആരാധനാമനോഭാവവും
വിധേയത്വവും ഫെമിനിസ്റ്റ് ചിന്തയില്‍ വിലയിരുത്താം.
ഇന്‍ഡ്യാക്കാരനായ ശരീരവില്പനക്കാരന് ഹരിക്ക് ഇസബലിന്റെയും തത്യാനയുടേയും ശരീരത്തോട് ആസക്തി തോന്നുന്നത് അതുകൊണ്ടാണ്. മസാനിക്ക് യാക്കൂബിനോട് തോന്നുന്ന അഭിനിവേശത്തിനു കാരണവും മറ്റൊന്നല്ല. യൂറോ കേന്ദ്രീകൃത സാംസ്കാരിക അധിനിവേശം നമ്മുടെ പ്രണയത്തെപ്പോലും കീഴ്പ്പെടുത്തുന്നു.
പാരഡിയുടെ രാഷ്ട്രീയം
ഉത്തരാധുനിക സൗന്ദര്യധാരയുടെ ഏറ്റവും മിനുസമുള്ള മുഖമാണ് പാരഡിക്കഥകള്. മുമ്പ് എഴുതപ്പെട്ട കഥകളോ, കഥാപാത്രങ്ങളോ, കഥാസന്ദര്‍ഭങ്ങളോ പുതിയ കാലത്തിനനുസരിച്ച് രേഖപ്പെടുത്തുക പാരഡിയുടെ ഒരു സ്വഭാവമാണ്. നേര്‍ത്ത ഹാസ്യം ഇതിന്റെ മുഖമുദ്രയാണ്. പാരഡിക്കഥകള് കഥാവതരണ സങ്കേതം എന്നതിനെക്കാളുപരി അതൊരു രാഷ്ട്രീയ ഇടപെടല്‍ കൂടിയാണ്. കഥ എഴുതപ്പെട്ട കാലത്ത് നിലനിന്നിരുന്ന രാഷ്ട്രീയ, സാമൂഹിക, സാഹിത്യ സംസ്ക്കാരത്തേയും പ്രവണതകളേയും പരിഹസിക്കുക എന്ന ഉദ്ദേശ്യംകൂടി
പാരഡിക്കഥകള്ക്കുണ്ട്.
സിതാരയുടെ പ്രണയ ചന്ദ്രിക എന്ന കഥയില്‍ മലയാളത്തിലെ അനശ്വരകൃതികളായ കുമാരനാശാന്റെ ലീല, ചങ്ങമ്പുഴയുടെ രമണന് ഇതിലെ കഥാപാത്രങ്ങളും
കഥാസന്ദര്ഭങ്ങളുമൊക്കെയാണ് കടന്നുവരുന്നത്. കുമാരനാശാന്റെ സ്ത്രീ കഥാപാത്രങ്ങളെക്കുറിച്ചുള്ള പ്രധാന ആക്ഷേപം ആശാന് അവരെ കാല്പനീകരിക്കയും അവരുടെ പ്രണയം
നിഷേധിക്കുകയും ചെയ്യുന്നു എന്നതാണ്. ഇതിന് ആത്മീയതയുടേയും ദാര്ശനീകതയുടേയും യുക്തികള്‍ ചാര്ത്തിയാല് പോലും ഫെമിനിസ്റ്റ് സാഹിത്യവിമര്‍ശനം ഇതെല്ലാം ഭഞ്ജിക്കുന്നു.
കഥയിലെ മദനന്റെ സാന്നിധ്യം ആശാന്റെ സ്ത്രീവിരുദ്ധ ചിന്തയ്ക്കെതിരെയുള്ള പുനരാഖ്യാനമായി കണക്കാക്കാം. ചങ്ങമ്പുഴ തന്റെ കല്പനാവൈഭവംകൊണ്ട് അനശ്വമാക്കിയ കഥാപാത്രങ്ങളാണ് രമണനും ചന്ദ്രികയും. അവധൂതനെപ്പോലെ അലയുന്ന കാമുകനെതേടി നടക്കുന്ന ചന്ദ്രികയുടെ ജീവിതവും വ്യക്തിത്വവുമെല്ലാം അപൂര്‍ണമായ പ്രണയ സാക്ഷാത്ക്കാരത്തില്‍ മാത്രമാണ്.
രമണന്റെയും ചന്ദ്രികയുടേയും പ്രണയത്തെ അടൂര്‍ ഭാസിയുടേയും ശ്രീലതയുടേയും ബ്ലാക്ക് ആന്റ് വൈറ്റ് പ്രണയമായി ചിത്രീകരിച്ചിരിക്കുന്നത് എഴുത്തിന്റെ പുതിയ സംവേദനമാണ്.
കാല്പനീക കാമുകന് രമണനെ ചന്ദ്രിക ഒളിച്ചോടാന്‍ നിര്‍ബന്ധിക്കുകയാണ്. ഭാനുമതിയുടെയും മദനന്റെയും സഹായവും ചന്ദ്രികയ്ക്കുണ്ട്. രാത്രിയില്‍ ചന്ദ്രികയുടെ വീടിന്റെ പിന്നമ്പുറത്ത് എത്തിയ മദനനെ ചന്ദ്രിക സഹതാപത്തോടുകൂടി മടക്കി അയച്ചു. ചന്ദ്രികയുടെ കല്ല്യാണ വിവരമറിഞ്ഞ രമണന് കവിതയിലെ റോള്‍ അഭിനയിച്ചുതുടങ്ങി. കല്ല്യാണപന്തലില്‍ നിന്ന്
നാടകീയമായി ചന്ദ്രിക ഇറങ്ങിയോടിയത് ആത്മഹത്യ ചെയ്യാന്‍ തയ്യാറായി നില്ക്കുന്ന രമണന്റെ അടുത്തേക്കായിരുന്നു. അങ്ങനെ ചന്ദ്രിക എല്ലാവരേയും കബിളിപ്പിച്ചു. ആദ്യം കവികളെ, അടുത്ത ആഴ്ച തുടങ്ങാനിരിക്കുന്ന സീരിയലിലെ സംവിധായകരെ പിന്നെ കാഴ്ചക്കാരായ എല്ലാവരേയും.
വര്‍ത്തമാന കഥകളുടെ സാങ്കേതികമികവിന് ഉദാഹരണമാണ് ഈ കഥ. അപനിര്‍മ്മാണത്തിന്റെ സാധ്യതകളെ ഉപയോഗപ്പെടുത്തി രമണന് എന്ന മലയാളത്തിലെ ഏറ്റവും പ്രചാരമുള്ള ഭാവഗാനത്തിന്റെ കേന്ദ്രഘടനയെ ഈ കഥ അട്ടിമറിക്കുന്നു. അത് ഫെമിനിസ്റ്റ് ധാരയോട് ചേര്‍ന്നുനിന്നാണ്.
ചരിത്ര കാവ്യങ്ങളില്‍ തളച്ചിട്ട പെണ്സ്വത്വങ്ങള് പുതുതലമുറയിലെ എഴുത്തുകാരികളിലൂടെ പുനര്‍ജനിക്കുന്നു. ബലിയാടാകാന്‍ ഇന്നത്തെ കഥാപാത്രങ്ങള്‍ ഒരുക്കമല്ല. കഥയുടെ ക്ലൈമാക്സില്‍ ലോകം ഒരു നാടക വേദിയാണെന്നും നാമെല്ലാവരും അതിലെ കഥാപാത്രങ്ങള്‍ മാത്രമാണെന്നുമുള്ള സൂചനയാണ് കഥ നല്‍കുന്നത്.
ആക്ഷേപഹാസ്യം- സിതാരയുടെ കഥകളില്‍
സിതാരയുടെ പല കഥകളുടേയും പൊതു സ്വഭാവം അവയില്‍ ആദ്യാവസാനം നിറഞ്ഞുനില്ക്കുന്ന നര്‍മ്മബോധമാണ്. പക്ഷേ ചിലപ്പോള്‍ ഈ നര്‍മ്മബോധം ആക്ഷേപഹാസ്യമായി മാറുന്നു. പരിഹാസത്തിന്റെ തീഷ്ണരൂപങ്ങള് നമുക്കിവിടെ ദര്‍ശിക്കാം.
തുടര്‍വാര്‍ത്ത, ഉപജീവിനം എന്നീ കഥകള്‍ വിലയിരുത്തികൊണ്ട് സിതാര പുരുഷലോകത്തോടുള്ള തന്റെ പ്രതിഷേധം എങ്ങനെ ആക്ഷേപ ഹാസ്യത്തിന്റെ സാധ്യതകള്‍ ഉപയോഗിച്ചു പ്രകടിപ്പിക്കുന്നു എന്നു നോക്കാം. ഇത്തരം കഥകളുടെ ധാര്‍മ്മികമായ ഉത്തരവാദിത്വം സമൂഹത്തിന്റെ ബോധവല്‍ക്കരണമാണ്. തുടര്‍വാര്‍ത്ത എന്ന കഥയില്‍ പത്രപ്രവര്‍ത്തന മേഖലയുമായി ബന്ധപ്പെട്ട പശ്ചാത്തലമാണ് കടന്നുവരുന്നത്. ഉപജീവനം എന്ന കഥയില്‍ സാഹിത്യജീവിതവുമായി ബന്ധപ്പെട്ട അനുഭവങ്ങള്‍.
രണ്ടും എഴുത്തുകാരിക്ക് സുപരിചിതമായ മേഖലതന്നെ. അതുകൊണ്ടുതന്നെ ഈ കഥകള്‍ കൂടുതല്‍ ആത്മാവിഷ്ക്കാരത്തോടുകൂടിയാണ് സിതാര എഴുതിയിരിക്കുന്നത്.
തുടര്‍വാര്‍ത്ത എന്ന കഥയിലെ സുപ്രിയ സ്ഥാനാര്‍ത്ഥിക്കൊപ്പം ഒരു ദിവസം എന്ന ഇലക്ഷന് അസൈന്മെന്റ് എഴുതിയൊപ്പിക്കാനാണ് പ്രചാരണജാഥയെ അനുഗമിക്കുന്ന ജീപ്പില്‍ പ്രവര്‍ത്തകര്‍ക്കൊപ്പം സഞ്ചരിക്കുന്നത്. സ്ത്രീകളായ സഹയാത്രികരെ സിതാര അവരുടെ സാരിയുടെ നിറത്തിന്റെ പേരിലാണ് വേര്‍തിരിക്കുന്നത്. അവരുടെ പൊങ്ങച്ചങ്ങളും
പരിഷ്ക്കാരങ്ങളുമെല്ലാം സരസമായി വര്‍ണ്ണിക്കുന്നു. ഒരു സ്ത്രീവാദ എഴുത്തുകാരി എങ്ങനെ സ്ത്രീ വര്‍ഗ്ഗത്തിന്റെ സാംസ്കാരിക അധഃപതനത്തിനെതിരെ പ്രതികരിക്കുന്നു എന്നതിന്റെ ഉദാഹരണം കൂടിയാണ്.
കുറേക്കഴിഞ്ഞ് സുപ്രിയയുടെ യാത്ര ഒരു പത്രപ്രവര്‍ത്തകന്റെ കൂടെയായി. കോലന്‍ ചേട്ടന്, കോപ്ലക്സ് ചേട്ടന് എന്നൊക്കെ വിശേഷിപ്പിക്കുന്ന
പത്രപ്രവര്‍ത്തകനെ ഒരു പൈങ്കിളിയായി സുപ്രിയ കാണുന്നു. സ്വന്തം സ്ഥാപനത്തിന്റെയും ജോലിതിരക്കിന്റെയും മാഹാത്മ്യം വര്‍ണ്ണിക്കുന്ന പത്രപ്രവര്ത്തകന് സുപ്രിയയെ താഴ്ത്തിക്കെട്ടാനും മറക്കുന്നില്ല. പെണ്‍കുട്ടികള്‍ക്ക് ഇലക്ഷന് റിപ്പോര്‍ട്ടിംങ്ങും രാഷ്ട്രീയാവലോകനങ്ങളും വലിയ ബുദ്ധിമുട്ടാണ്. വനിതാമാസികകളൊക്കെയെ പറ്റൂ. സഹികെട്ട സുപ്രിയ
തന്റെ ആത്മഗതങ്ങളിലുടേയും മറുപടികളിലൂടെയുമൊക്കെ കോലന്‍ ചേട്ടനെ പരിഹസിക്കുന്നു.
വിജനമായ കടല്‍ത്തീരത്തുവെച്ച് നാട്ടുകാര്‍ വാഹനവ്യൂഹത്തിലുള്ളവരെ ഘൊരാവോ ചെയ്യാന്‍ തുടങ്ങി. ഇതിനിടയില്‍ പത്രപ്രവര്ത്തകന് തന്റെ പത്രധര്‍മ്മം നിറവേറ്റാന്‍ ശ്രമിച്ചു. പക്ഷേ ബഹളത്തിനിടയില്‍ പത്രപ്രവര്ത്തകന് റോഡിലേക്ക് തെറിച്ചുവീണു. ഈ സമയത്ത് സുപ്രിയയിലെ പെണ്സ്വത്വം സടകുടഞ്ഞെണ്ണീറ്റു. തെറിച്ചുപോയ പത്രപ്രവര്‍ത്തകന്റെ മൊബൈല്‍ നമ്പര്‍ എടുത്ത് അദ്ദേഹം ഡയല് ചെയ്ത നമ്പരിന്റെ അങ്ങേ തലയ്ക്കലുള്ള ഫോണ്‍ ശബ്ദത്തോട് തന്റെ പേരും അഡ്രസ്സും പറഞ്ഞതിന് ശേഷം ആക്രമത്തിന്റെ വിവരങ്ങള്‍ ധരിപ്പിച്ചു.
അവരുടെ സ്ഥാപനത്തിന് ആവശ്യമുണ്ടെങ്കില്‍ ആക്രമത്തിന്റെ വീഡിയോ ക്ലിപ്പിങ്ങ് നല്‍കാമെന്നും പറഞ്ഞുകൊണ്ട് ബാഗില്‍ ഓഫ് ചെയ്തുവെച്ച ക്യാമറ എടുത്ത് എക്സ്ക്ലൂസ്സിവ് ദൃശ്യങ്ങള്‍ക്കായി കാത്തിരുന്നു. പെണ്‍പെരുമയുടെ വിജയം. ചില തൊഴിലുകള്‍ സ്ത്രീക്ക് അനുയോജ്യമല്ലെന്നു വിധിക്കുന്ന സമൂഹത്തിന്റെ നേര്‍ക്കുള്ള തീഷ്ണമായ പരിഹാസമാണ് ഈ കഥ.
മനോധൈര്യത്തിലും നിശ്ചയദാര്‍ഢ്യത്തിലും സ്ത്രീ പുരുഷനെക്കാള്‍ ഒരു പടികൂടി മുന്‍പിലാണ് എന്ന ധ്വനികൂടി ഈ കഥയിലുണ്ട്.ഉപജീവനം എന്ന കഥയിലൂടെ സിതാര പൊങ്ങച്ചക്കാരനും കൗശലക്കാരനുമായ പുരുഷനെ അവതരിപ്പിക്കുന്നു. സ്ത്രീകളുടെ ശ്രദ്ധനേടാന്‍ അയാള്‍ നടത്തുന്ന ശ്രമങ്ങളെ പരിഹസിക്കുന്നു. അത്യാവശ്യം സാഹിത്യപ്രവര്ത്തനമൊക്കെ നടത്തുന്ന മഠത്തില്‍ മനു എന്ന ശരാശരിയിലും താഴെ പ്രതിഭയുള്ള എഴുത്തുകാരന് അനുപമയോട് സ്നേഹബന്ധം സ്ഥാപിക്കാന്‍
ശ്രമിക്കുന്നിടത്താണ് കഥ തുടങ്ങുന്നത്.
ആദ്യം മനു സ്വന്തം സൃഷ്ടികള്‍ പ്രസിദ്ധീകരിച്ച സാഹിത്യവാരികകളുടെ പേരുകള്‍ പറഞ്ഞാണ് അടുത്തുകൂടിയത്. സ്റ്റേജില്‍ നിന്ന് കവിത ചൊല്ലുന്ന
അനുപമയുടെ പ്രിയപ്പെട്ട കവയിത്രിയുമായി തനിക്കുള്ള ബന്ധങ്ങളെപ്പറ്റി പുകഴ്ത്തിപ്പറഞ്ഞു. താനെഴുതിയ ഒരു കവിത അനുപമയ്ക്ക് വായിക്കാന്‍ നല്കി. ഒടുവില്‍ അനുപമയുടെ ഫോണ്‍നമ്പരും മേല്‍വിലാസവും തരപ്പെടുത്താനുള്ള ശ്രമത്തിലായി. സിതാര വളരെ സരസമായും കൃത്യതയോടും കൂടിയാണ് ഈ രംഗങ്ങളൊക്കെ ആവിഷ്കരിക്കരിച്ചിരിക്കുന്നത്.
അവയിലെ ഹാസ്യം അതിരുകടക്കുന്നില്ല. സാഹിത്യസമ്മേളനത്തിനുശേഷം സുഹൃത്ത് രവിയുമായി കണ്ടുമുട്ടിയതിന് ശേഷമാണ് അനുപമ വീട്ടിലെത്തിയത്. അനുപമയെ കാത്തിരുന്നത് ഒരു പുരുഷന്റെ കൂടെ കറങ്ങി നടക്കുന്നു എന്ന അഞ്ജാത ഫോണ്‍കോളാണ്. മഠത്തില്‍ മനുവിന് ഒരുപാട് മാതൃകകള്‍ കാണാം.
ഉള്ക്കരുത്തില്ലാത്തവരും കൗശലത്തില്‍ വശീകരിക്കാന്‍ സാധിക്കുന്നവരുമാണ് സ്ത്രീകള്‍ എന്ന ധാരണ ഇവിടെ ചോദ്യം ചെയ്യപ്പെടുന്നു. അപവാദ പ്രചാരണം ഇന്ന് സ്ത്രീകള്‍ക്ക് നേരെയുള്ള പ്രധാന ആയുധമാണ്. ഇതില്‍ ഭയന്നിട്ടാണ് സ്ത്രീകള്‍ തങ്ങള്‍ക്കുനേരെയുള്ള അതിക്രമങ്ങള്‍ക്കും കയ്യേറ്റങ്ങള്‍ക്കും മുമ്പില്‍ നിശബ്ദരാകുന്നത്.
സാഹിത്യത്തെ ഏതെങ്കിലും തരത്തില്‍ ഭാഗിക്കുന്നത് സാഹിത്യസംസ്കാരത്തിനു ഗുണകരമല്ല. എങ്കിലും അത്തരം വിഭജനങ്ങള്‍ പുത്തന്‍ എഴുത്തിനും, പാരായണത്തിനുമുള്ള സാധ്യതകള്‍ തുറന്നുതരുന്നുണ്ടെന്ന വസ്തുതയും നമുക്ക് അംഗീകരിക്കാതിരിക്കാന്‍ നിര്‍വ്വാഹമില്ല. ഉത്തരാധുനിക ചിന്താപദ്ധതിയുടെ ഭാഗമായി ഉയര്‍ന്നുവന്ന ഫെമിനിസ്റ്റ് സാഹിത്യധാരയോട് നീതി പുലര്‍ത്തുന്ന കഥകളാണ് സിതാര. എസ് രചിച്ചിട്ടുള്ളത്.
പെണ്‍സ്വത്വത്തിന്റെ ഉയിര്‍പ്പ് തന്റെ കഥകളിലൂടെ ആവിഷ്ക്കരിക്കുന്ന സിതാരയുടെ സ്ത്രീകഥാപാത്രങ്ങള്‍ തനിക്കുനേരെയുള്ള അതിക്രമങ്ങള്‍ക്കെതിരെ പ്രതികരിക്കുകയും പ്രതിരോധിക്കുകയും ചെയ്യുന്നവരാണ്. പാരമ്പര്യത്തെയും മിത്തുകളേയും സിതാര ഫെമിനിസ്റ്റ് വീഷണത്തില്‍ അപനിര്‍മ്മിക്കുന്നു. കുടുംബം എന്ന സ്ഥാപനത്തെ പൊളിച്ചെഴുത്തിന് വിധേയമാക്കി. പ്രണയത്തിന്റെ കാല്പനീക വിശ്വാസങ്ങളെ ഭേദിച്ച് അവയെ യാഥാര്‍ത്ഥ്യങ്ങളുമായി കൂട്ടിക്കലര്‍ത്തി.
സിതാരയുടെ കഥകള്‍ മുന്നോട്ടുവയ്ക്കുന്ന രാഷ്ട്രീയ, സാമൂഹ്യ പരിപ്രേഷ്യങ്ങള്‍ മൂന്നാംലോക സ്ത്രീവര്ഗ്ഗത്തിനുവേണ്ടിയാണ്. പരുക്കന്‍ ഭാഷയില്‍ അപ്രിയസത്യങ്ങള്‍ തുറന്നു പറഞ്ഞുകൊണ്ടാണ് സിതാര ഇത് സാധിക്കുന്നത്. തീഷ്ണമായ പരിഹാസം ഇതിനു ശക്തി പകരുന്നു. മലയാളത്തിലെ ഫെമിനിസ്റ്റ് സാഹിത്യത്തെക്കുറിച്ചുള്ള ചര്‍ച്ചയില്‍ പങ്കെടുത്തുകൊണ്ട് സിതാരയുടെ കഥകളെ വിലയിരുത്തിയാല്‍ അവ ഫെമിനിസ്റ്റ് സാഹിത്യധര്മ്മങ്ങളോട് നീതി പുലര്‍ത്തുന്നു.
സഹായകഗ്രന്ഥങ്ങള്‍
1. അച്യുതന്, എം, ചെറുകഥ ഇന്ന്, സാഹിത്യപ്രവര്‍ത്തക സഹകരണസംഘം, കോട്ടയം,1978.
2. ഉള്ളൂര്‍, എസ്. പരമേശ്വരയ്യര്‍, കേരളസാഹിത്യചരിത്രം, നാലാം വോളിയം, നാലാം പതിപ്പ്, തിരുവനന്തപുരം, 1990.
3. ഗീത, കണ്ണാടികള്‍ ഉടയ്ക്കുന്നതെന്തിന്, കറന്റ് ബുക്സ്, തൃശൂര്‍, 1997.
4. ജോര്‍ജ്ജ്, സി. ജെ, എഡിറ്റര്‍, ആധുനികാനന്തര സാഹിത്യസമീപനങ്ങള്‍, ബുക്ക് വേം, തൃശൂര്‍, 1996.
5. പ്രശാന്തകുമാര്‍. എന്‍, ഡോ, സ്ത്രീരചാദര്ശനം- ഒരു അവലോകനം, സാഹിത്യപ്രവര്‍ത്തക സഹകരണസംഘം, കോട്ടയം, 1998.
6.ദേവിക, ജെ. സ്ത്രീവാദം, ഡി. സി ബുക്സ്, കോട്ടയം, 2000.
7. രവികുമാര്‍, കെ. എസ്, ഡോ, കഥയും ഭാവുകത്വപരിണാമവും, കറന്റ് ബുക്സ്, തൃശൂര്‍, 2002.
8. രവികുമാര്‍, കെ. എസ്, ഡോ, ചെറുകഥ വാക്കും വഴിയും, കറന്റ് ബുക്സ്, തൃശൂര്‍, 1999.
9) ലളിതാംബിക അന്തര്‍ജനം, ആത്മകഥയ്ക്ക് ഒരാമുഖം, കറന്റ് ബുക്സ്, തൃശൂര്‍, 1979.
10) ലീലാവതി, എം, ഡോ, ഫെമിനിസം ചരിത്രപരമായ ഒരന്വേഷണം, പ്രഭാത് ബുക്സ് ഹൗസ്, തിരുവനന്തപുരം, 2000.
11) ശ്രീദേവി, മലയാളത്തിലെ പത്ത് കഥാകാരികള്‍, ഡി. സി. ബുക്സ്, കോട്ടയം, 2005.
12) സിതാര, എസ്, അഗ്നിയും കഥകളും, പാപ്പിയോണ്‍ പബ്ലിക്കേഷന്‍സ്, കോഴിക്കോട്, 2000.
13) സിതാര, എസ്, നൃത്തശാല, ഡി. സി ബുക്സ്, കോട്ടയം, 2003.
14) സിതാര. എസ്, വേഷപകര്‍ച്ച, ഡി. സി. ബുക്സ്, കോട്ടയം, 2003.
15) സിതാര. എസ്, ഇടം, ഡി. സി. ബുക്സ്, കോട്ടയം, 2006.
16) ഹാരിസ്, വി. സി, ഡോ. സ്ത്രീ, ഡി. സി. ബുക്സ്, കോട്ടയം, 1986.
17) മനുസ്മൃതി, ശ്രീരാമകൃഷ്ണാശ്രമം, രണ്ടാം പതിപ്പ്, പുറന്നാട്ടുകര, 1993.
18) Jaince mclyaughlin, Feminist Social and political Theory, palgrve
macmillan, New York, 2003
ബിനു എബ്രഹാം
സചിവോത്തമപുരം