2010 ജൂലൈ 4, ഞായറാഴ്‌ച

ശിരോവസ്‌ത്ര സ്വാതന്ത്ര്യം

കഴിഞ്ഞവര്‍ഷം ജൂണ്‍ നാലിന്‌ അമേരിക്കന്‍ പ്രസിഡന്റ്‌ ബരാക്‌ ഒബാമ ഈജിപ്‌തിലെ കെയ്‌റോ യൂനിവേഴ്‌സിറ്റിയില്‍ നടത്തിയ പ്രസംഗം പല കാരണങ്ങളാല്‍ പതിവില്‍ കവിഞ്ഞ്‌ ലോകശ്രദ്ധ പിടിച്ചുപറ്റി. മറ്റു കാര്യങ്ങളോടൊപ്പം ആ പ്രസംഗത്തില്‍ മുസ്ലീം സ്‌ത്രീകളുടെ വസ്‌ത്രധാരണരീതിയും പരാമര്‍ശിക്കപ്പെട്ടിരുന്നു.

ഫ്രാന്‍സും സ്‌പെയിനും ഉള്‍പ്പെടെ ചില പാശ്ചാത്യ രാഷ്‌ട്രങ്ങള്‍ പര്‍ദയ്‌ക്കെതിരെ ശക്തമായ നിലപാട്‌ സ്വീകരിച്ച പശ്ചാത്തലത്തിലായിരുന്നു ഒബാമയുടെ പരാമര്‍ശം. മുസ്ലീം സ്‌ത്രീകളുടെ വസ്‌ത്രധാരണ സമ്പ്രദായത്തിലുള്ള ഇടപെടലുകള്‍ പാശ്ചാത്യരാഷ്‌ട്രങ്ങള്‍ ഒഴിവാക്കേണ്ടതുണ്ടെന്നു യു എസ്‌ പ്രസിഡന്റ്‌ അഭിപ്രായപ്പെട്ടു. അത്തരം ഇടപെടലുകള്‍ ഉദാരതാവാദത്തിന്റെ മറവില്‍ നടക്കുന്ന മതശത്രുതയില്‍ കുറഞ്ഞു മറ്റൊന്നുമല്ലെന്നു അദ്ദേഹം വിലയിരുത്തുകയും ചെയ്‌തു.

സര്‍ക്കാര്‍ ജീവനക്കാരോ സര്‍ക്കാര്‍ വക വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളോ പര്‍ദ ഉള്‍പ്പെടെയുള്ള മതചിഹ്നങ്ങള്‍ ഉപയോഗിക്കുന്നതിനു 2004 ല്‍ തന്നെ വിലക്കേര്‍പ്പെടുത്തിയ ഫ്രാന്‍സില്‍ ഒബാമയുടെ കെയ്‌റോ നിരീക്ഷണം നിശിത വിമര്‍ശനത്തിന്‌ വിധേയമായി. മറ്റു യൂറോപ്യന്‍ രാഷ്‌ട്രങ്ങളില്‍ നിന്നുള്ള പ്രതികരണങ്ങളും വ്യത്യസ്‌തമായിരുന്നില്ല. ഫ്രഞ്ച്‌ പ്രസിഡന്റ്‌ നിക്കൊളസ്‌ സര്‍കോസിയാകട്ടെ `സ്‌ത്രീകളുടെ ദാസ്യത്തിന്റെ ചിഹ്നമായ’ പര്‍ദ ഫ്രാന്‍സില്‍ സ്വാഗതം ചെയ്യപ്പെടുന്ന പ്രശ്‌നമില്ലെന്നു തുറന്നടിച്ചു.

രണ്ടുനാള്‍ കഴിഞ്ഞ്‌ ഫ്രാന്‍സിലെത്തിയ ബരാക്‌ ഒബാമ പാരീസില്‍ ചെയ്‌ത പ്രസംഗത്തില്‍ തന്റെ വാദം ഇങ്ങനെ ആവര്‍ത്തിച്ചു: `ജനങ്ങള്‍ ഏത്‌ വസ്‌ത്രം എങ്ങനെ ധരിക്കണം എന്നു അവരോട്‌ പറയാന്‍ നാം പോകുന്നില്ല എന്നതാണ്‌ നമ്മുടെ അടിസ്ഥാനപരമായ നിലപാട്‌.’

പൊതുസമൂഹത്തിന്റെയും രാഷ്‌ട്രത്തിന്റെയും ഉത്തമ താത്‌പര്യങ്ങള്‍ക്ക്‌ ഹാനികരമല്ലാത്തിടത്തോളം ജനങ്ങളുടെ വസ്‌ത്രധാരണരീതികളില്‍ ഭരണകൂടം കൈകടത്തേണ്ടതില്ല എന്ന യു എസ്‌ ഭരണാധികാരിയുടെ സമീപനം അനുകരണീയമാണ്‌. വാസ്‌തവത്തില്‍ ഭരണകൂടങ്ങള്‍ മാത്രം ഉയര്‍ത്തിപ്പിടിക്കേണ്ട ഒരു തത്ത്വമല്ല അത്‌. ഭരണകൂടേതര സ്ഥാപനങ്ങളും സംഘടനകളുമുള്‍പ്പെടെ ജനാധിപത്യമൂല്യങ്ങള്‍ മുറുകെ പിടിക്കുന്ന എല്ലാ കൂട്ടായ്‌മകളും വസ്‌ത്രധാരണസ്വാതന്ത്ര്യം സംബന്ധിച്ച ഈ തത്വം അംഗീകരിക്കേണ്ടതുണ്ട്‌.

ഫ്രാന്‍സും സ്‌പെയിനും ബെല്‍ജിയവുമടക്കമുള്ള യൂറോപ്യന്‍ രാഷ്‌ട്രങ്ങളില്‍ വസ്‌ത്രധാരണ സ്വാതന്ത്ര്യത്തിനും മതചിഹ്നങ്ങള്‍ക്കും നേരെ ഭരണകൂടങ്ങളില്‍ നിന്നു ഭീഷണി ഉയരുമ്പോള്‍ ഇന്ത്യയില്‍ അങ്ങനെ സംഭവിക്കുന്നില്ല എന്നത്‌ അഭിമാനകരമാണ്‌. ഇവിടെ പര്‍ദയ്‌ക്കോ സിഖ്‌ തലപ്പാവിനോ കുരിശുമാലയ്‌ക്കോ പൂണൂലിനോ ഒന്നും വിലക്കില്ല. വോട്ട്‌ ചെയ്യാനെത്തുന്നവര്‍ മുഖം അപ്പാടെ മറച്ചുകൊണ്ടുള്ള പര്‍ദ ധരിച്ചുകൂടെന്നു തെരഞ്ഞെടുപ്പുകമ്മീഷന്‍ നിഷ്‌കര്‍ഷിക്കുകയും സുപ്രീം കോടതി അത്‌ ശരിവെക്കുകയും ചെയ്‌തു എന്നതാണ്‌ ഒരേയൊരു അപവാദം. അതാകട്ടെ വോട്ടര്‍മാരെ തിരിച്ചറിയുക എന്ന ഒഴിവാക്കാനാവാത്ത ലക്ഷ്യം തോല്‍പിക്കപ്പെടാതിരിക്കാനുള്ള മുന്‍കരുതലിന്റെ ഭാഗമാണ്‌ താനും.

ഇന്ത്യയില്‍ ഭരണകൂടം പൗരന്മാരുടെ വസ്‌ത്രധാരണ സ്വാതന്ത്ര്യത്തില്‍ ഇടപെടുന്നില്ലെങ്കിലും ഭരണകൂടേതരമായ ചില കേന്ദ്രങ്ങള്‍ അതില്‍ കൈകടത്തുന്നുണ്ട്‌. കേരളത്തില്‍ത്തന്നെ അത്‌ സംഭവിച്ചുകാണുന്നു. ആലപ്പുഴ ഗുരുപുരം ബിലീവേഴ്‌സ്‌ ചര്‍ച്ചിനു കീഴിലുള്ള ഇംഗ്ലീഷ്‌ മീഡിയം സ്‌കൂളില്‍ ശിരോവസ്‌ത്രം (മഫ്‌ത) ധരിച്ചതിന്റെ പേരില്‍ ഒരു വിദ്യാര്‍ത്ഥിനിക്ക്‌ വിടുതല്‍ സര്‍ട്ടിഫിക്കറ്റ്‌ നല്‍കിയ കാര്യമാണിവിടെ സൂചിപ്പിക്കുന്നത്‌. മഫ്‌തയണിയുന്നു എന്ന കാരണത്താല്‍ ഏതെങ്കിലും വിദ്യാര്‍ത്ഥിനി സ്‌കൂളില്‍ നിന്നു പുറത്താക്കപ്പെട്ടിട്ടുണ്ടെങ്കില്‍, വസ്‌ത്രധാരണസ്വാതന്ത്ര്യത്തിന്റെ നഗ്നമായ ലംഘനമാണ്‌ അവിടെ നടന്നതെന്നു സമ്മതിച്ചേ മതിയാവൂ.

ബിലിവേഴ്‌സ്‌ ചര്‍ച്ച്‌ സ്‌കൂള്‍ അധികൃതരുടെ നടപടിയ്‌ക്കെതിരില്‍ സ്വാഭാവികമായി വിദ്യാര്‍ത്ഥി സംഘടനകള്‍ പ്രതികരിച്ചു. എസ്‌ എഫ്‌ ഐ പോലുള്ള മതേതര വിദ്യാര്‍ത്ഥി സംഘടനകളും എസ്‌ ഐ ഒ പോലുള്ള മതവിദ്യാര്‍ത്ഥി സംഘടനകളും അക്കൂട്ടത്തിലുണ്ടായിരുന്നു. വിദ്യാര്‍ത്ഥി സംഘടനകള്‍ക്കു പുറമെ മുസ്ലീം മതസംഘടനകളില്‍ പലതും ഗുരുപുരം സ്‌കൂള്‍ മാനേജ്‌മെന്റിന്റെ ഭാഗത്ത്‌ നിന്നുണ്ടായ ശിരോവസ്‌ത്ര വിലക്കിനെതിരില്‍ വിമര്‍ശനവുമായി രംഗത്ത്‌ വരികയും ചെയ്‌തു.

ശിരോവസ്‌ത്രം അണിയാനുള്ള സ്വാതന്ത്ര്യത്തിനു വേണ്ടി വാദിച്ചവരെ തീര്‍ച്ചയായും അഭിനന്ദിക്കണം. അതോടൊപ്പം അവരുടെ മുന്‍പാകെ ഒരു ചോദ്യം ഉയര്‍ത്തപ്പെടേണ്ടതുമുണ്ട്‌. ശിരോവസ്‌ത്രം അണിയാനുള്ള സ്വാതന്ത്ര്യം പോലെത്തന്നെ പ്രധാനമാണ്‌ ശിരോവസ്‌ത്രം അണിയാതിരിക്കാനുള്ള സ്വാതന്ത്ര്യവും. രണ്ടാമത്‌ പറഞ്ഞ സ്വാതന്ത്ര്യത്തിനു കൂടി വേണ്ടി അവര്‍ ശബ്‌ദിക്കുമോ?

നമ്മുടെ നാട്ടിലും പുറത്തും ശിരോവസ്‌ത്രം അണിയാതിരിക്കാനുള്ള സ്വാതന്ത്ര്യം സ്‌ത്രീകള്‍ക്കു നിഷേധിക്കപ്പെടുന്നുണ്ട്‌. കാശ്‌മീരില്‍ പര്‍ദ ധരിക്കാത്ത മുസ്ലീം സ്‌ത്രീകള്‍ പലമട്ടില്‍ ആക്രമിക്കപ്പെട്ട വാര്‍ത്തകള്‍ പുറത്ത്‌ വന്നത്‌ ഏതാനും വര്‍ഷം മുന്‍പാണ്‌. ചില യുവതികള്‍ക്കു നേരെ അവിടെ വെടിയുതിര്‍ക്കപ്പെടുകയും ചെയ്‌തു. അഫ്‌ഗാനിസ്‌താനില്‍ താലിബാന്‍ അധികാരം പിടിച്ചടക്കിയ നാളുകളില്‍ പര്‍ദയണിയാതെ വെളിയിലിറങ്ങിയ സ്‌ത്രീകള്‍ നിര്‍ദയം വേട്ടയാടപ്പെട്ടു. സൗദി അറേബ്യയില്‍ സ്‌ത്രീകള്‍ പര്‍ദയിടാതെ പുറത്തിറങ്ങുന്നത്‌ ഇപ്പോഴും ശിക്ഷാര്‍ഹമാണ്‌.

അതൊക്കെ കേരളത്തിനു വെളിയിലുള്ള കാര്യങ്ങളല്ലേ എന്നു ചോദിക്കുന്നവരുണ്ടാകും. കേരളത്തിനകത്തും ശിരോവസ്‌ത്രം ധരിക്കാതിരിക്കാനുള്ള സ്വാതന്ത്ര്യം നിഹനിക്കപ്പെടുന്നുണ്ട്‌. സംസ്ഥാനത്ത്‌ മുസ്ലീം മതസംഘടനകള്‍ നടത്തുന്ന വിദ്യാഭ്യാസസ്ഥാപനങ്ങളിലെ സ്ഥിതി പരിശോധിച്ചാല്‍ ഇക്കാര്യം വ്യക്തമാകും. മതപാഠശാലകളില്‍ മാത്രമല്ല, ഇത്തരം സംഘടനകള്‍ നടത്തുന്ന എയ്‌ഡഡ്‌ – അണ്‍ എയ്‌ഡഡ്‌ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പോലും മുസ്ലീം പെണ്‍കുട്ടികള്‍ ശിരോവസ്‌ത്രം ധരിച്ചുകൊള്ളണമെന്ന നിയമം നിലനില്‍ക്കുന്നുണ്ട്‌. ആ നിയമം അലിഖിതമാവാം. പക്ഷേ അത്‌ അലംഘനീയമാണ്‌. ശിരോവസ്‌ത്രം ധരിക്കാതിരിക്കാനുള്ള സ്വാതന്ത്ര്യം പ്രയോഗിക്കാന്‍ അവിടങ്ങളില്‍ മുസ്ലീം വിദ്യാര്‍ത്ഥിനികള്‍ അനുവദിക്കപ്പെടുന്നില്ല. ഇത്തരം സംഘടനകള്‍ നടത്തുന്ന സ്ഥാപനങ്ങളില്‍ തൊഴില്‍ ചെയ്യുന്ന മുസ്ലീം സ്‌ത്രീകളും ശിരോവസ്‌ത്രം അണിയാന്‍ നിര്‍ബന്ധിക്കപ്പെടുന്നു. അണിയാത്തവര്‍ക്കു അത്തരം സ്ഥാപനങ്ങളില്‍ ജോലി ലഭിക്കില്ല എന്നതാണവസ്ഥ.

ശിരോവസ്‌ത്രം ധരിക്കാനുള്ള സ്വാതന്ത്ര്യം പോലെ ശിരോവസ്‌ത്രം ധരിക്കാതിരിക്കാനുള്ള സ്വാതന്ത്ര്യവും സംരക്ഷിക്കപ്പെടണം. വസ്‌ത്രധാരണസ്വാതന്ത്ര്യം സംബന്ധിച്ച്‌, മതസങ്കുചിതത്വങ്ങളെ മറികടക്കുന്ന വിശാലമായ കാഴ്‌ചപ്പാട്‌ ഉണ്ടാകുമ്പോഴേ അത്‌ സാധ്യമാകൂ. ഒബാമ നിരീക്ഷിച്ചത്‌ പോലെ, ജനങ്ങള്‍ ഏത്‌ വസ്‌ത്രം എങ്ങനെ ധരിക്കണമെന്നു അവരോട്‌ ആരും പറയേണ്ടതില്ല എന്ന നിലപാട്‌ ശിരോവസ്‌ത്ര സ്വാതന്ത്ര്യത്തിനു വേണ്ടി മുറവിളി കൂട്ടുന്നവര്‍ കൂടി അംഗീകരിക്കേണ്ടതാണ്‌.

അഭിപ്രായങ്ങളൊന്നുമില്ല: