2010 സെപ്റ്റംബർ 10, വെള്ളിയാഴ്‌ച

കേരളീയ നവോത്ഥാനം: ഗാന്ധിസത്തിന്‍റെയും മാര്‍ക്‌സിസത്തിന്‍റെയും പങ്ക്‌

നിലനില്‍ക്കുന്ന സാമൂഹിക വ്യവസ്ഥയെയും ലോകവീക്ഷണത്തെയും മാറ്റിമറിക്കാന്‍ പ്രാപ്‌തമായ സാംസ്‌കാരിക ഉണര്‍വ്‌ എന്ന നിലയക്ക്‌ നവോത്ഥാനത്തിന്റെ ആത്മമുദ്രയാണ്‌ ചോദ്യം ചെയ്യല്‍. പതിന്നാലാം നൂറ്റാണ്ടില്‍ ഇറ്റലിയില്‍ ആരംഭിച്ച യൂറോപ്യന്‍ നവോത്ഥാനം കലാസാഹിത്യ ചിന്താരംഗങ്ങളിലെ പുത്തനുണര്‍വുകളുമായാണ്‌ തുടങ്ങിയതെങ്കിലും, അത്‌ ക്രമേണ ദര്‍ശനത്തിന്റെയും ശാസ്‌ത്രത്തിന്റെയും മതത്തിന്റെയും രാഷ്‌ട്രീയത്തിന്റെയുമെല്ലാം മേഖലകളിലേക്ക്‌ സംക്രമിച്ചു. സമസ്‌ത രംഗങ്ങളിലും സ്വതന്ത്ര ചിന്തയും യുക്തി വിചാരവും അത്‌ പ്രോത്സാഹിപ്പിച്ചു. മധ്യകാല യൂറോപ്പിലെ ഫ്യൂഡല്‍ വ്യവസ്ഥയും പള്ളിമേധാവിത്വവും അവയുടെ ഉത്‌പന്നമായ ലോകവീക്ഷണവും നിശിതവിചാരണയ്‌ക്ക്‌ വിധേയമാക്കുന്നതിന്‌ നവോത്ഥാന ചിന്തകള്‍ കളമൊരുക്കി. 
യൂറോപ്യന്‍ നവോത്ഥാനം ആരംഭിച്ച്‌ നാലു പതിറ്റാണ്ട്‌ കഴിഞ്ഞാണ്‌ ഇന്ത്യയില്‍ നവോത്ഥാനം തളിരിടുന്നത്‌. ബംഗാളില്‍ റാം മോഹന്‍ റോയ്‌, ദ്വാരകനാഥ്‌ ടാഗോര്‍, ദേവേന്ദ്രനാഥ്‌ ടാഗോര്‍, ഈശ്വര്‍ചന്ദ്ര വിദ്യാസാഗര്‍ തുടങ്ങിയവരും ഗുജറാത്ത്‌ – മഹാരാഷ്‌ട്രാ മേഖലയില്‍ ഡോ. ആത്മാറാം പാണ്ഡുരംഗ്‌, ഗോവിന്ദ റാനഡെ, ജ്യോതിറാവു ഫുലെ, ബി ആര്‍ അംബേദ്‌കര്‍ എന്നിവരും പഞ്ചാബില്‍ മാസ്റ്റര്‍ താരാസിംഗും തമിഴുനാട്ടില്‍ ഇ വി രാമസ്വാമി നായ്‌ക്കരും കേരളത്തില്‍ ശ്രീനാരായണ ഗുരു, അയ്യങ്കാളി, ചട്ടമ്പിസ്വാമികള്‍, പണ്ഡിറ്റ്‌ കറുപ്പന്‍, ബ്രഹ്മാനന്ദ ശിവയോഗി, വക്കം മൗലവി, വാഗ്‌ഭടാനന്ദന്‍ തുടങ്ങിയവരും നവോത്ഥാനത്തെ മുന്നോട്ടുനയിച്ചു.

യൂറോപ്പിലായാലും ഇന്ത്യയിലായാലും ജനങ്ങളെ `പ്രജ’ എന്നതില്‍ നിന്ന്‌ `വ്യക്തി’യിലേക്ക്‌ പരിവര്‍ത്തിപ്പിക്കുന്ന പ്രക്രിയക്ക്‌ തുടക്കം കുറിച്ചത്‌ നവോത്ഥാനമാണ്‌. രാജാവിന്റെയോ മതകേന്ദ്രത്തിന്റെയോ അസ്വതന്ത്രപ്രജയല്ല, സ്വതന്ത്രവ്യക്തിയാണ്‌ ഓരോരുത്തരുമെന്ന ബോധം നവോത്ഥാനം കാഴ്‌ചവെച്ചു. മറ്റുപലതുമെന്ന പോലെ, ആളുകളുടെ സ്വതന്ത്രവ്യക്തിത്വത്തിന്റെ തീക്ഷ്‌ണമായ പ്രകാശനം കൂടിയായിരുന്നു യൂറോപ്യന്‍ നവോത്ഥാനത്തിന്റെ തുടര്‍ച്ചയായ ഫ്രഞ്ച്‌ വിപ്ലവം. സ്വതന്ത്രനായി ജനിക്കുന്ന മനുഷ്യന്‍ എല്ലായിടത്തും അസ്വതന്ത്രനാണെന്ന റൂസ്സോയുടെ നിരീക്ഷണം മനുഷ്യന്റെ സ്വതന്ത്ര വ്യക്തിത്വത്തിനു വേണ്ടിയുള്ള അഭിവാഞ്‌ഛയുടെ പ്രതിഫലനമായിരുന്നു. മധ്യകാലത്ത്‌ മതംപോലുള്ള അധികാര സ്ഥാപനങ്ങള്‍ മനുഷ്യരില്‍ അടിച്ചേല്‍പ്പിച്ചു പോന്ന സംഘവ്യക്തിത്വം നവോത്ഥാനകാലത്ത്‌ ചോദ്യം ചെയ്യപ്പെട്ടു. ശാസ്‌ത്ര മേഖലയില്‍ കുതിച്ചുചാട്ടമുണ്ടായ പ്രബുദ്ധതാഘട്ടത്തില്‍ അത്തരം ചോദ്യം ചെയ്യലുകള്‍ കൂടുതല്‍ തീവ്രവും നിശിതവുമായി. മതവും ദൈവവുമല്ല, മനുഷ്യനാണ്‌ പ്രധാനം എന്ന വീക്ഷണം ബലപ്പെട്ടു. ഭരണത്തില്‍ മതവും ദൈവവും വേണ്ട, മനുഷ്യന്‍ മതി എന്നിടത്തേയ്‌ക്ക്‌ കാര്യങ്ങള്‍ വളര്‍ന്നു. വിശ്വാസാധിഷ്‌ഠിത മതാത്മക വീക്ഷണം ശാസ്‌ത്രാധിഷ്‌ഠിത മതനിരപേക്ഷ വീക്ഷണത്തിന്‌ വഴിമാറി.

അത്തരം വഴിമാറ്റം ഭാരതീയ നവോത്ഥാനത്തിലും അതിന്റെ ഭാഗമായ കേരളീയ നവോത്ഥാനത്തിലും ഉണ്ടായിരുന്നെങ്കിലും, ജാതീയമായ നൃശംസതകള്‍ കൊടികുത്തിവാണ നമ്മുടെ രാജ്യത്ത്‌ നവോത്ഥാന നായകരുടെ ശ്രദ്ധ മതദുരാചാരങ്ങളിലെന്നപോലെ ജാതിഭ്രാന്തിലും പതിഞ്ഞു. കേരളത്തില്‍ ശ്രീനാരായണ ഗുരുവും അയ്യങ്കാളിയും സഹോദരന്‍ അയ്യപ്പനുമൊക്കെ ഈഷല്‍ ഭേദങ്ങളോടെ ജാതിരഹിത സമൂഹം എന്ന കാഴ്‌ചപ്പാട്‌ മുന്നോട്ടു വെച്ചവരാണ്‌. പത്തൊമ്പതാം നൂറ്റാണ്ടിന്റെ അന്ത്യപാദത്തില്‍ നാമ്പെടുത്ത കേരളീയ നവോത്ഥാനത്തിന്റെ പ്രഥമഘട്ടം ജാതീയ ഉന്മാദങ്ങള്‍ക്കെതിരെയുള്ള പോരാട്ടത്തിന്റെ കാലമായിരുന്നു. വൈക്കം സത്യഗ്രഹവും ഗുരുവായൂര്‍ സത്യഗ്രഹവും അധ:കൃതജാതിക്കാരുടെ സഞ്ചാര – ക്ഷേത്ര പ്രവേശന സ്വാതന്ത്ര്യത്തിനും അവകാശത്തിനും വേണ്ടിയുള്ള സമരങ്ങളായി ചരിത്രത്തില്‍ സ്ഥാനം പിടിച്ചു. ആ സമരങ്ങള്‍ക്കു ഊര്‍ജം പകര്‍ന്ന ആശയലോകം പ്രധാനമായും ഗുരുദേവനുള്‍പ്പെടെയുള്ള നവോത്ഥാന സാരഥികളുടെ സംഭാവനയായിരുന്നെങ്കിലും, ദേശീയ തലത്തില്‍ സംഭവിച്ചുകൊണ്ടിരുന്ന താദൃശ ഉണര്‍വുകള്‍ കൂടി അവയ്‌ക്ക്‌ വീര്യം പകര്‍ന്നു. അയിത്തത്തിനും അസ്‌പൃശ്യതയ്‌ക്കുമെതിരെ മഹാത്മാഗാന്ധി സ്വീകരിച്ച നിലപാടും ആ പോരാട്ടങ്ങളെ നിര്‍ണായകമായി സ്വാധീനിച്ചു. വൈക്കം സത്യഗ്രഹത്തിനു അനുഗ്രഹാശിസ്സുകള്‍ ചൊരിഞ്ഞ ഗാന്ധിജി ആ പ്രക്ഷോഭഭൂമിയില്‍ നേരിട്ട്‌ എത്തുകവരെ ചെയ്‌തു. അദ്ദേഹത്തിന്റെ നിര്‍ദേശ പ്രകാരമത്രേ മഹാറാണിക്ക്‌ നിവേദനം നല്‍ കാന്‍ മന്നത്ത്‌ പത്മനാഭന്റെ നേതൃത്വത്തില്‍ വൈക്കത്ത്‌ നിന്നു തിരുവനന്തപുരത്തേയ്‌ക്ക്‌ ജാഥ സംഘടിപ്പിക്കപ്പെട്ടത്‌.

ജാതീയ മര്‍ദനങ്ങള്‍ക്കെതിരെയുള്ള കേരളീയ പോരാട്ടങ്ങള്‍ക്കു ഗാന്ധിജിയും അദ്ദേഹത്തിന്റെ ചിന്തകളും ശ്രദ്ധേയമായ സംഭാവനകളര്‍പ്പിച്ചു എന്നു അംഗീകരിക്കുമ്പോള്‍ തന്നെ, കേരളീയ നവോത്ഥാനം ഉള്‍പ്പെടെ ഭാരതീയ നവോത്ഥാനത്തെ പൊതുവില്‍ പിറകോട്ടടിപ്പിക്കുന്ന ചില ചിന്തകളും പ്രയോഗങ്ങളും അദ്ദേഹത്തിന്റെ ഭാഗത്ത്‌ നിന്നുണ്ടായില്ലേ എന്ന ചോദ്യം അപ്രസക്തമല്ല. ഖിലാഫത്ത്‌ പ്രസ്ഥാനത്തോട്‌ ഗാന്ധിജി കൈക്കൊണ്ട സമീപനം ഇത്തരുണത്തില്‍ പരിശോധനാര്‍ഹമാണ്‌. ലക്ഷ്യം മാത്രമല്ല, മാര്‍ഗവും നന്നായിരിക്കണം എന്ന തത്ത്വം മുറുകെ പിടിക്കുന്നതില്‍ ദത്തശ്രദ്ധനായിരുന്ന മഹാത്മാവ്‌ ഖിലാഫത്ത്‌ പ്രക്ഷോഭത്തിന്റെ കാര്യത്തില്‍ ആ തത്ത്വം കൈവെടിഞ്ഞു. ബ്രിട്ടീഷ്‌ വിരുദ്ധ സമരത്തിലേക്കും ദേശീയ പ്രസ്ഥാനത്തിലേക്കും മുസ്‌ലീങ്ങളെ ആകര്‍ഷിക്കുക എന്ന ലക്ഷ്യം മുന്‍ നിര്‍ത്തിയാണ്‌ ഗാന്ധിജി ഖിലാഫത്ത്‌ പ്രക്ഷോഭത്തെ നിസ്സഹകരണ പ്രസ്ഥാനവുമായി സമന്വയിപ്പിക്കാന്‍ ശ്രമിച്ചത്‌. ചരിത്രപരമായ അനിവാര്യത എന്ന നിലയ്‌ക്ക്‌ ഊര്‍ദ്ധശ്വാസം വലിക്കുന്ന ഒരു മതാധികാരകേന്ദ്രത്തെ താങ്ങിനിര്‍ത്തുകയായിരുന്നു ഖിലാഫത്ത്‌ പ്രസ്ഥാനക്കാരുടെ ഉന്നം. ഇന്ത്യയിലെ ദേശീയ പ്രസ്ഥാനം സ്വയം മതനിരപേക്ഷമായ കാഴ്‌ചപ്പാട്‌ പുലര്‍ത്തുമ്പോള്‍ അതിനെതിരായ ഒരു പ്രസ്ഥാനത്തെ കൂട്ടുപിടിക്കുക എന്ന അബദ്ധമാണ്‌ ഗാന്ധിജിയുടെ ഭാഗത്ത്‌ നിന്നുണ്ടായത്‌. അക്കാലത്ത്‌ മതനിരപേക്ഷ ദേശീയതയോടൊപ്പം നിന്ന മുഹമ്മദലി ജിന്ന, ഖിലാഫത്ത്‌ വാദികളായ മുല്ലമാരോടുള്ള ഗാന്ധിജിയുടെ സമീപനത്തെ വിമര്‍ശിച്ചിരുന്നു. മതവും രാഷ്‌ട്രീയവും കൂട്ടിക്കലര്‍ത്തുന്നത്‌ വിപരീതഫലമുളവാക്കുമെന്ന ജിന്നയുടെ വാദം ഗാന്ധിജി ചെവിക്കൊണ്ടില്ല. ബ്രിട്ടീഷുകാര്‍ക്കെതിരില്‍ ദേശീയതയും മതയാഥാസ്ഥിതികതയും കൈകോര്‍ക്കുന്നത്‌ സ്വാതന്ത്ര്യ സമരത്തിന്‌ സഹായകമാകുമെന്നു ഗാന്ധിജി വിശ്വസിച്ചു.

ദേശീയത്വവും മതയാഥാസ്ഥിതികത്വവും തമ്മിലുള്ള കൂട്ടുകെട്ട്‌, വാസ്‌തവത്തില്‍, നവോത്ഥാനത്തില്‍നിന്നുള്ള പിറകോട്ടടിയായിരുന്നു. ദേശീയതലത്തില്‍ ഖിലാഫത്ത്‌ പ്രസ്ഥാനത്തിന്റെ നേതൃനിരയിലുണ്ടായിരുന്ന മൗലാനാമുഹമ്മദലി 1923ല്‍ കോകനദ കോണ്‍ഗ്രസ്സില്‍ ചെയ്‌ത അദ്ധ്യക്ഷ പ്രസംഗം ശ്രദ്ധിച്ചാല്‍ ഇത്‌ മനസ്സിലാവും. മതനിരപേക്ഷതയുടെ അടിസ്ഥാനത്തില്‍ ദേശീയമായി ഏകീകരിക്കപ്പെടുന്ന ഒരിന്ത്യയായിരുന്നില്ല മൗലാനയുടെ ലക്ഷ്യം. അദ്ദേഹം ഇന്ത്യയെ കണ്ടത്‌ `മതങ്ങളുടെ ഫെഡറേഷ’നായാണ്‌. `യുനൈറ്റഡ്‌ സ്റ്റെയ്‌റ്റ്‌സ്‌ ഓഫ്‌ ഇന്ത്യ’യ്‌ക്കു പകരം `യുനൈറ്റഡ്‌ ഫെയ്‌ത്‌സ്‌ ഓഫ്‌ ഇന്ത്യ’ എന്ന വീക്ഷണമത്രേ അദ്ദേഹം മുന്നോട്ടു വെച്ചത്‌. 1928ല്‍ കല്‍ക്കത്തയില്‍ നടന്ന ഖിലാഫത്ത്‌ സമ്മേളനത്തെ അഭിസംബോധന ചെയ്‌തുകൊണ്ട്‌ അദ്ദേഹം പറഞ്ഞു: `ലോകം വിഭജിക്കപ്പെട്ടിരിക്കുന്നത്‌ രണ്ടായിട്ടാണ്‌ – ഇസ്‌ലാമിന്റെ ലോകമായും കാഫിറുകളുടെ ലോകമായും. എല്ലാ മുസ്‌ലീങ്ങളും സഹോദരന്മാരാണെന്ന്‌ അല്ലാഹുവിന്റെ പ്രവാചകന്‍ വ്യക്തമാക്കിയിട്ടുണ്ട്‌. കാഫിറുകള്‍ ഒരു സമുദായവും മുസ്‌ലീങ്ങള്‍ മറ്റൊരു സമുദായവുമാണെന്ന്‌ മഹാത്മാഗാന്ധിയെയും മാളവ്യയെയും ഞാന്‍ ബോദ്ധ്യപ്പെടുത്തേണ്ടതുണ്ടോ? ലോകം ദേശങ്ങളായി വിഭജിക്കപ്പെട്ടിരിക്കുന്നു എന്നു അവരെന്തിനു പറയുന്നു? തെറ്റായ ധാരണകളാണ്‌ അത്തരമൊരു സിദ്ധാന്ത (ദേശീയത)ത്തിലേക്ക്‌ നയിക്കുന്നത്‌.’

മതാതീതമായ മാനവസാഹോദര്യത്തിനും സങ്കുചിത മതവികാരങ്ങളെ മറികടക്കുന്ന മതനിരപേക്ഷ ദേശീയതയക്കും പകരം, മേല്‍പ്രസംഗത്തില്‍ നിന്നു വ്യക്തമാകുന്നത്‌ പോലെ, ഖിലാഫത്ത്‌ പ്രക്ഷോഭം ഉത്‌പാദിപ്പിച്ചത്‌ മതാന്ധതയും വര്‍ഗീയതയുമാണ്‌. അതിന്റെ ശക്തമായ പ്രതിഫലനം കേരളത്തിലുമുണ്ടായി. തെക്കന്‍ കേരളത്തില്‍ നാരായണഗുരുവും ചട്ടമ്പിസ്വാമികളും വക്കം മൗലവിയും മറ്റും മത – ജാതി ദുര്‍വാശിക്കെതിരില്‍ പോരാടിക്കൊണ്ടിരിക്കെ, മലബാറില്‍ 1921ല്‍ കലാപം നടന്നു. മലബാര്‍ കലാപമെന്നും മാപ്പിള ലഹളയെന്നും വ്യവഹരിക്കപ്പെട്ട ആ പ്രക്ഷോഭത്തിന്റെ മൂലഹേതുക്കള്‍ സാമ്രാജ്യത്വത്തോടും ജന്മിത്വത്തോടുമുള്ള വിരോധമായിരുന്നെങ്കിലും, അത്‌ പൊടുന്നനെ വര്‍ഗീയതയിലേക്കു വഴിമാറി. അക്കാര്യം ഇ എം എസ്‌ പോലും മറച്ചുവെച്ചിട്ടില്ല. ഖിലാഫത്ത്‌ പ്രക്ഷോഭത്തിലൂടെ മുസ്‌ലീങ്ങളെ ദേശീയ പ്രസ്ഥാനത്തിലേക്കു നയിക്കാനുള്ള ഗാന്ധിജിയുടെ അടവ്‌ അവിടെയും പിഴക്കുകയായിരുന്നു. ഖിലാഫത്ത്‌ പ്രക്ഷോഭം മുസ്‌ലിം സമുദായത്തിലെ ഒരു വലിയ വിഭാഗത്തില്‍ സൃഷ്‌ടിച്ചത്‌ സ്വാതന്ത്ര്യത്തോടുള്ള അഭിവാഞ്‌ഛ എന്നതിലേറെ അന്ധമായ മതവികാരമായിരുന്നു. അത്‌ മലബാര്‍ കലാപത്തിന്‌ ഹിന്ദുവിരുദ്ധതയുടെ നിറം നല്‍കി. മലബാര്‍ കലാപത്തിലെ യഥാര്‍ഥ വില്ലന്‍ ഖിലാഫത്ത്‌ പ്രസ്ഥാനമായിരുന്നുവെന്നു കേംബെല്‍ കേര്‍, സര്‍ തിയഡോര്‍ മോറിസണ്‍ തുടങ്ങി പലരും രേഖപ്പെടുത്തിയിട്ടുണ്ട്‌.

ജനങ്ങളുടെ മതവികാരം മതനിരപേക്ഷ ലക്ഷ്യങ്ങള്‍ക്കുപയോഗിക്കുക എന്ന ഗാന്ധിയന്‍ സമീപനം അഖിലേന്ത്യാതലത്തിലും കേരളത്തിലും ദോഷം ചെയ്‌തു. മതങ്ങളുടെ ദുഷ്‌പ്രഭാവവും ദു:സ്വാധീനവും പരമാവധി കുറയ്‌ക്കാനാണ്‌ നവോത്ഥാന പ്രക്രിയ ഉപകരിക്കേണ്ടതെങ്കില്‍, രാഷ്‌ട്രീയത്തില്‍ മതവികാരത്തിന്‌ ഇടംനല്‍കുന്ന ഗാന്ധിജിയുടെ സമീപനം അവ രണ്ടും വര്‍ദ്ധിപ്പിക്കുന്നതിലേക്കാണ്‌ നയിച്ചത്‌. ലിബറല്‍ ഇസ്‌ലാമിനു പകരം യാഥാസ്ഥിതിക ഇസ്‌ലാമിനു സാധൂകരണം നല്‍കുന്നതിന്‌ അത്‌ വഴിവെച്ചു. ഖിലാഫത്ത്‌ പോലുള്ള മതാധികാര കേന്ദ്രങ്ങള്‍ക്കു വേണ്ടിയുള്ള പോരാട്ടമാണ്‌ ഉത്തമ മുസ്‌ലിമിന്റെ കടമയെന്ന ആപത്‌കരബോധം അത്‌ സൃഷ്‌ടിച്ചു. ആ അര്‍ത്ഥത്തില്‍ ഗാന്ധിസം കേരളീയ നവോത്ഥാനത്തിനു ക്ഷീണമേല്‍പിച്ചു എന്നു വിലയിരുത്തുന്നത്‌ തെറ്റാവില്ല.

കേരളീയ നവോത്ഥാനത്തില്‍ സ്വാധീനം ചെലുത്തിയ മറ്റൊരു ഘടകമത്രേ മാര്‍ക്‌സിസം. സോഷ്യലിസവും മാര്‍ക്‌സിസവും മലയാളക്കരയില്‍ പരിചയപ്പെടുത്തപ്പെട്ടത്‌ പോയ നൂറ്റാണ്ടിന്റെ ആദ്യപാദത്തിലാണ്‌. ബാരിസ്റ്റര്‍ എം കെ നാരായണപിള്ള 1907ല്‍ `സമഷ്‌ടിവാദ’ത്തെക്കുറിച്ച്‌ തിരുവനന്തപുരത്ത്‌ നടത്തിയ പ്രസംഗമാണ്‌, ഒരു പക്ഷേ, കേരളത്തില്‍ സോഷ്യലിസ്റ്റ്‌ ആശയങ്ങളുടെ പ്രാരംഭബിന്ദു. തുടര്‍ന്നു 1912 സ്വദേശാഭിമാനി കെ രാമകൃഷ്‌ണപിള്ള കാള്‍ മാര്‍ക്‌സിന്റെ ജീവചരിത്രം മലയാളത്തില്‍ പ്രസിദ്ധപ്പെടുത്തി. പിന്നെയും രണ്ടരപതിറ്റാണ്ടു കഴിഞ്ഞാണ്‌ മാര്‍ക്‌സിസത്തിന്റെ സംഘടിത രൂപത്തിനു ഇവിടെ ബീജാവാപം നടന്നത്‌. പി കൃഷ്‌ണപിള്ള, ഇ എം എസ്‌, കെ ദാമോദരന്‍, എന്‍ സി ശേഖര്‍ തുടങ്ങിയവര്‍ 1937ല്‍ കേരളത്തില്‍ കമ്യൂണിസ്റ്റ്‌ പാര്‍ട്ടിയുടെ ആദ്യഘടകം രൂപവത്‌കരിച്ചു. അപ്പോഴേക്കും കേരളീയ നവോത്ഥാനം അതിന്റെ രണ്ടാംഘട്ടത്തിലേക്ക്‌ പ്രവേശിച്ചു കഴിഞ്ഞിരുന്നു. ജാതി-മതഭ്രാന്തുകള്‍ക്കെതിരെയുള്ള പോരാട്ടത്തിലെ നാഴികക്കല്ലുകളായ അരുവിപ്പുറം പ്രതിഷ്‌ഠയും, വൈക്കം – ഗുരുവായൂര്‍ സത്യഗഹങ്ങളും പിന്നിട്ട കേരളീയ സമൂഹത്തില്‍ മതത്തിന്റെയും ജാതിയുടെയും സ്ഥാനത്ത്‌ വര്‍ഗം എന്ന സങ്കല്‍പനം മാര്‍ക്‌സിസം മുന്നോട്ടുവെച്ചു. കോണ്‍ഗ്രസ്‌ മതനിരപേക്ഷ ദേശീയതയിലൂന്നിയപ്പോള്‍ മാര്‍ക്‌സിസ്റ്റുകാര്‍ ഒരുപടികൂടി കടന്നു വര്‍ഗാധിഷ്‌ഠിതമതനിരപേക്ഷതയില്‍ അടിവരയിട്ടു. നാരായണ ഗുരുവിനെപ്പോലുള്ളവര്‍ തുടങ്ങിവെച്ച ചോദ്യം ചെയ്യല്‍ കൂടുതല്‍ ശക്തമായ ഒരു ദര്‍ശനത്തിന്റെ പിന്‍ബലത്തില്‍ അവര്‍ തുടര്‍ന്നു. നിലവിലുള്ള സാമൂഹിക വ്യവസ്ഥയെയും ആശയലോകത്തെയും അവര്‍ തകിടം മറിക്കുന്നു എന്ന ആശങ്ക നാല്‍പ്പതുകളിലും അമ്പതുകളിലും കേരളത്തില്‍ ശക്തമായിരുന്നു. പ്രസ്‌തുത ആശങ്കയുടെ രാഷ്‌ട്രീയ പ്രതിഫലനമായിരുന്നു മത-ജാതി ശക്തികളുടെ പൂര്‍ണ പിന്തുണയോടെ 1959ല്‍ അരങ്ങേറിയ `വിമോചന സമരം’. കേരളീയ സമൂഹത്തിലെ `സ്റ്റാറ്റസ്‌കോ’ അമ്പതുകളില്‍ കമ്യൂണിസ്റ്റ്‌ പ്രസ്ഥാനം അട്ടിമറിച്ചു എന്നത്‌ അവിതര്‍ക്കിതമാണ്‌. ജാതിവിവേചനത്തിന്റെ ദൂരീകരണത്തിനു മര്‍ദിതജാതികളുടെ സാമ്പത്തിക സ്ഥിതിയില്‍ മാറ്റംവേണമെന്ന മാര്‍ക്‌സിസ്റ്റ്‌ വീക്ഷണം കേരളീയ നവോത്ഥാനത്തെ കൂടുതല്‍ ഊര്‍ജസ്വലമാക്കി. ക്ഷേത്ര പ്രവേശന സ്വാതന്ത്ര്യവും സഞ്ചാര സ്വാതന്ത്ര്യവും പീഡിത ജാതിക്കാരെ പൊതുമണ്ഡലത്തിലേക്കു ഒരതിരുവരെ എത്തിക്കുമെങ്കിലും, അവരുടെ പൊതുജീവിത പ്രവേശം കൂടുതല്‍ സാര്‍ഥകമാകാന്‍ സാമ്പത്തികമേഖലാ പ്രവേശം കൂടി അനുപേക്ഷണീയമാണെന്ന തിരിച്ചറിവ്‌ പ്രദാനം ചെയ്യാന്‍ മാര്‍ക്‌സിസത്തിനു കഴിഞ്ഞു.

നവോത്ഥാനത്തിന്റെ ഭാഗമായ മതപരിഷ്‌കരണം ഭൂരിപക്ഷ സമുദായത്തില്‍ മാത്രം ഒതുങ്ങിപ്പോവാതിരിക്കാന്‍ മാര്‍ക്‌സിസ്റ്റുകാര്‍ ശ്രദ്ധിച്ചു എന്നതും സ്‌മരണീയമാണ്‌. എണ്‍പതുകളുടെ മദ്ധ്യത്തില്‍ ഉയര്‍ന്നുവന്ന `ശരീഅത്ത്‌’ വിവാദത്തില്‍ അവര്‍ സ്വീകരിച്ച നിലപാട്‌ അതിന്റെ തെളിവത്രേ. സ്‌ത്രീവിരുദ്ധതയുടെ അംശങ്ങള്‍ സമൃദ്ധമായി കലര്‍ന്ന മുസ്‌ലിം വ്യക്തി നിയമത്തെ വിമര്‍ശനാത്മകമായി സമീപിച്ച സുപ്രീംകോടതി വിധി (ഷാബാനു ബീഗം കേസ്‌, 1985)ക്കെതിരില്‍ മുസ്‌ലീം മതയാഥാസ്ഥിതികത്വം നടത്തിയ പടപ്പുറപ്പാടിനെ ശക്തമായി നേരിടാന്‍ മാര്‍ക്‌സിസ്റ്റ്‌ പ്രസ്ഥാനം രംഗത്തിറങ്ങി. വ്യക്തിനിയമങ്ങളില്‍ ദൈവികത ആരോപിച്ച്‌ ലിംഗവിവേചനത്തെ ന്യായവത്‌കരിക്കുന്ന മതപൗരോഹിത്യത്തെ അവര്‍ നിര്‍ഭയം ചോദ്യം ചെയ്‌തു. ആ ധീരമായ ഇടപെടല്‍ ധനാത്മകഫലം ഉളവാക്കി. തങ്ങള്‍ `ദൈവികത്വ’ത്തിന്റെ പേരില്‍ ന്യായീകരിച്ച സ്‌ത്രീവിരുദ്ധ മുസ്‌ലിം വ്യക്തിനിയമങ്ങളില്‍ `ചില അപാകങ്ങള്‍’ ഉണ്ടെന്നു സമ്മതിക്കാന്‍ പില്‍ക്കാലത്ത്‌ മതമൗലിക – യാഥാസ്ഥിതിക ഗ്രൂപ്പുകള്‍ നിര്‍ബന്ധിതരായി.

ലിംഗനീതിനിഷേധപരമായ വ്യക്തിനിയമങ്ങളുടെ കാര്യത്തില്‍ മാത്രമല്ല, മതവര്‍ഗീയ ശക്തികള്‍ ഉയര്‍ത്തിയ ആവിഷ്‌കാര സ്വാതന്ത്ര്യനിഷേധത്തിനെതിരെയും എണ്‍പതുകളില്‍ മാര്‍ക്‌സിസ്റ്റുകാര്‍ ആഞ്ഞടിച്ചു. ജനങ്ങളെ മതച്ചങ്ങലകളില്‍ തളയ്‌ക്കാന്‍ ആരെയും അനുവദിക്കില്ലെന്ന സന്ദേശം സംസ്ഥാനത്ത്‌ ശക്തമായി മാറ്റൊലിക്കൊണ്ട കാലയളവായിരുന്നു അത്‌. ഭൂരിപക്ഷ – ന്യൂനപക്ഷ വ്യത്യാസമില്ലാതെ എല്ലാ സമുദായങ്ങളിലും പെട്ട പിന്തിരിപ്പന്‍ ആശയഗതിക്കാര്‍ക്കെതിരില്‍ മുഖ്യധാരാ മാര്‍ക്‌സിസ്റ്റ്‌ സംഘടന അന്ന്‌ ഉറച്ച നിലപാട്‌ കൈക്കൊണ്ടു.

പക്ഷേ ആ ദിശയില്‍ ഏറെ മുന്നോട്ടുപോകാന്‍ മാര്‍ക്‌സിസ്റ്റ്‌ പ്രസ്ഥാനം കൂട്ടാക്കിയില്ല. തെരഞ്ഞെടുപ്പ്‌ രാഷ്‌ട്രീയത്തിന്റെ സങ്കുചിതത്വങ്ങള്‍ക്കും സമ്മര്‍ദങ്ങള്‍ക്കും അവരും കീഴടങ്ങുന്ന ദുരന്തദൃശ്യങ്ങള്‍ക്കാണ്‌ തൊണ്ണൂറുകള്‍തൊട്ട്‌ കേരളം സാക്ഷ്യം വഹിച്ചത്‌. മതമൗലിക വാദപരവും മതതീവ്രവാദപരവുമായ പ്രവണതകളെയും പ്രസ്ഥാനങ്ങളെയും ശക്തമായി പ്രതിരോധിക്കാന്‍ ബാധ്യസ്ഥരായ അവര്‍ പാര്‍ലമെന്ററി വ്യാമോഹങ്ങള്‍ക്കു വശംവദരായി മത-വര്‍ഗീയ ദുശ്ശക്തികളുമായി സന്ധി ചെയ്യുകയെന്ന പതനത്തിലെത്തി. ഭൂരിപക്ഷ സമുദായത്തിലെ മതവലതുപക്ഷത്തെ വിമര്‍ശിക്കുമ്പോഴും ന്യൂനപക്ഷ സമുദായത്തിലെ മതവലതുപക്ഷത്തെ നഗ്നമായി പ്രീണിപ്പിക്കാന്‍ അവര്‍ മടിച്ചില്ല. നവോത്ഥാനമൂല്യങ്ങള്‍ക്കു കടകവിരുദ്ധമായ ഈ പ്രീണനനയമത്രേ അരവ്യാഴവട്ടക്കാലമെങ്കിലുമായി അവര്‍ പിന്തുടരുന്നത്‌. കേരളത്തില്‍ മാര്‍ക്‌സിസത്തിന്റെ പ്രഥമ ദശകങ്ങളില്‍ ആ പ്രസ്ഥാനവുമായി ബന്ധപ്പെട്ടവര്‍ സ്വീകരിച്ച നവോത്ഥാനാനുകൂല സമീപനത്തെ തകിടം മറിക്കുന്ന ഈ പിഴച്ച നയത്തെ സാമ്രാജ്യത്വ വിരുദ്ധതയുടെ പേരിലാണ്‌ മാര്‍ക്‌സിസ്റ്റ്‌ പക്ഷം ന്യായീകരിക്കുന്നത്‌. ന്യൂനപക്ഷ മതമൗലിക സംഘങ്ങള്‍ സാമ്രാജ്യത്വവിരുദ്ധമാണെന്നും സാമ്രാജ്യത്വത്തിനും നവ അധിനിവേശത്തിനുമെതിരില്‍ അവയോട്‌ സഹകരിക്കുന്നത്‌ തെറ്റല്ലെന്നും അവര്‍ വാദിക്കുന്നു. 1920കളില്‍ മഹാത്മാഗാന്ധിക്കുപറ്റിയ അബദ്ധം മറ്റൊരു രീതിയില്‍ ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ആദ്യദശകത്തില്‍ മാര്‍ക്‌സിസ്റ്റുകാര്‍ ആവര്‍ത്തിക്കുകയാണ്‌. ഗാന്ധിജിക്കു വേണ്ടിയിരുന്നത്‌ ദേശീയ പ്രക്ഷോഭത്തില്‍ ന്യൂനപക്ഷത്തിന്റെ പങ്കാളിത്തമായിരുന്നെങ്കില്‍, മാര്‍ക്‌സിസ്റ്റുകാര്‍ക്കു വേണ്ടത്‌ തെരഞ്ഞെടുപ്പുകളില്‍ ന്യൂനപക്ഷ മതമൗലികവിഭാഗങ്ങളുടെ സമ്മതിദാനവും തദ്വാരാ അധികാരാരോഹണവുമാണെന്ന വ്യത്യാസമേയുള്ളൂ.

മാര്‍ക്‌സിസ്റ്റ്‌ സംഘടനയുടെ അധികാരത്തോടുള്ള അത്യാര്‍ത്തിയില്‍ ബലിയാടാവുന്നത്‌ കേരളീയ നവോത്ഥാനമാണ്‌. ന്യൂനപക്ഷ സമുദായത്തിലെ മതവലതുപക്ഷത്തോട്‌ അനുവര്‍ത്തിക്കുന്ന പ്രീണനനയം ഭൂരിപക്ഷ സമുദായത്തിലെ മതവലതുപക്ഷത്തിന്‌ സാധൂകരണമായി ഭവിക്കുന്നു. ന്യൂനപക്ഷ സമുദായത്തിലെ പ്രതിലോമകാരികളുടെ രോഷത്തിനും കടന്നാക്രമണത്തിനും സമീപകാലത്ത്‌ ഇരയായ തസ്‌ലീമാ നസ്‌റീനു വേണ്ടി രണ്ടുവാക്കു ഉരിയാടാന്‍ പോലും കേരളത്തിലെ മുഖ്യധാരാ മാര്‍ക്‌സിസത്തിനു സാധിച്ചില്ല. അതേസമയം ഭൂരിപക്ഷ സമുദായത്തിലെ മതവലതുപക്ഷത്തിന്റെ ചെയ്‌തികള്‍ക്കെതിരില്‍ അവര്‍ വാഗ്‌യുദ്ധം നടത്തുകയും ചെയ്യുന്നു. തെരഞ്ഞെടുപ്പ്‌ സമവാക്യങ്ങളുടെ അടിസ്ഥാനത്തില്‍ നവോത്ഥാന വിരുദ്ധ ശക്തികളെ തലോടുകയോ താഡിക്കുകയോ ചെയ്യുന്ന മാര്‍ക്‌സിസ്റ്റ്‌ അവസരവാദം കേരളത്തെ മുക്കാല്‍ നൂറ്റാണ്ട്‌ പിറകിലേക്കു തള്ളുകയാണ്‌ ചെയ്യുന്നത്‌.

അധികാരദുരയുടെ പേരില്‍ മതമൗലിക സ്വരൂപങ്ങളോട്‌ മാര്‍ക്‌സിസ്റ്റ്‌ പ്രസ്ഥാനം നടത്തുന്ന ഒത്തുതീര്‍പ്പ്‌ നവോത്ഥാനത്തിന്റെ നേര്‍വിപരീതമായ പുനരുത്ഥാന (റിവൈവലിസം)ത്തെ ബലപ്പെടുത്തുന്നു എന്നതാണ്‌ ശ്രദ്ധിക്കപ്പെടേണ്ടത്‌. ബ്രിട്ടീഷുകാര്‍ക്കെതിരായ ദേശീയ സമരത്തിലൂടെ ഇന്ത്യയും അതിന്റെ ഭാഗമായ കേരളവും ആര്‍ജിച്ച വിശാലമായ മതനിരപേക്ഷ സ്വത്വം തകരുന്നതിനും പ്രതിലോമകരമായ മതസ്വത്വം വളരുന്നതിനും അത്‌ വഴിവെക്കുന്നു. ജനങ്ങളുടെ സ്വത്വബോധത്തെ മതങ്ങളുടെയും ജാതികളുടെയും ഇടുങ്ങിയ ഭിത്തികളില്‍ നിന്നു വിമോചിപ്പിക്കാനാണ്‌ നവോത്ഥാന കേരളം ശ്രമിച്ചത്‌. അതിനെ വീണ്ടും മത-ജാതി സങ്കുചിതത്വങ്ങളിലേക്ക്‌ തള്ളിവിടുന്ന ശക്തികള്‍ക്കെതിരില്‍, അതായത്‌ പുനരുദ്ധാനവാദികള്‍ക്കെതിരില്‍ പ്രത്യയശാസ്‌ത്രതലത്തിലും പ്രയോഗത്തിലും വീറുറ്റ പോരാട്ടം ഉയര്‍ന്നുവരേണ്ടതുണ്ട്‌. സങ്കുചിത രാഷ്‌ട്രീയ നേട്ടങ്ങള്‍ക്കും അധികാര പ്രവേശനത്തിനും വേണ്ടി പുനരുദ്ധാനവാദികളെ പ്രോത്സാഹിപ്പിക്കുന്ന മാര്‍ക്‌സിറ്റ്‌ പ്രസ്ഥാനമുള്‍പ്പെടെയുള്ള എല്ലാ രാഷ്‌ട്രീയ സ്വരൂപങ്ങള്‍ക്കെതിരിലും കേരളത്തിന്റെ നവോത്ഥാന മനസ്സ്‌ ജാഗ്രത പുലര്‍ത്തേണ്ടിയിരിക്കുന്നു. എവ്വിധമെങ്കിലും അധികാരം എന്നതാവരുത്‌, നവോത്ഥാന മൂല്യങ്ങള്‍ക്കുവിധേയമായി അധികാരം എന്നതാവണം രാഷ്‌ട്രീയ പാര്‍ട്ടികളുടെ മുദ്രാവാക്യം.

അഭിപ്രായങ്ങളൊന്നുമില്ല: